കോഴിക്കോട്: നഗരത്തിൽ മയക്കുമരുന്ന് ഉപയോഗവും വിൽപനയും കൂടുന്നുവെന്ന് പൊലീസ് റിപ്പോർട്ട്. മറ്റു ജില്ലകളെ അപേക്ഷിച്ച് 2024ൽ രജിസ്റ്റർ ചെയ്ത കേസുകളുടെയും പിടിച്ചെടുത്ത ലഹരിവസ്തുക്കളുടെയും എണ്ണത്തിലും അളവിലും വലിയ വർധനയാണെന്ന് പൊലീസ് രേഖകൾ സൂചിപ്പിക്കുന്നു.
നഗരത്തിലെ ലഹരി മരുന്നു ഉപയോഗത്തിനും വിൽപനക്കുമെതിരെ ശക്തമായ നടപടികളും ബോധവത്കരണവും പൊലീസ് സ്വീകരിച്ചുവരുമ്പോഴും ലഹരിവസ്തുക്കൾ പിടികൂടുന്നത് ഏറുകയാണ്.
വിദ്യാർഥികളെയും യുവാക്കളെയും കേന്ദ്രീകരിച്ചാണ് മയക്കുമരുന്നു സംഘം ഏറെയും പ്രവർത്തിക്കുന്നത്. കൂട്ടുകെട്ടുകളിലൂടെയാണ് വിദ്യാർഥികൾ ഏറെയും മയക്കുമരുന്നു സംഘങ്ങളിൽ അംഗങ്ങളാകുന്നതെന്ന് നാർകോട്ടിക് വിഭാഗം വിലയിരുത്തുന്നു.
മയക്കുമരുന്നു കേസുകളിൽ സ്ഥിരമായി പിടിക്കപ്പെടുന്ന 15 പ്രതികൾക്കെതിരെ കഴിഞ്ഞ വർഷം നടപടി സ്വീകരിച്ചു. മൂന്നു പ്രതികളുടെ സ്വത്തുക്കൾ കണ്ടെടുക്കുന്നതിനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്.
ലഹരിക്കെതിരെയുള്ള പ്രവർത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി സിറ്റി പൊലീസിന്റെ നേതൃത്വത്തിൽ കഴിഞ്ഞ നവംബർ 25 മുതൽ ഒരു വർഷം നീളുന്ന ‘നോ നെവർ’ ആന്റി ഡ്രഗ് ഇനിഷ്യേറ്റിവ് പരിപാടിയും ആരംഭിച്ചു. നഗരത്തിലെ എല്ലാ സ്കൂൾ, കോളജ്, റെസിഡൻറ്സ് അസോസിയേഷനുകളിലും പൊതുവിടങ്ങളിലും ലഹരിമരുന്നുകളുടെ ഉപയോഗവും വിൽപനയും തുടച്ചുനീക്കുകയെന്നതാണ് നോ നെവർ പരിപാടിയുടെ പ്രധാനലക്ഷ്യം. പരീക്ഷ ടെൻഷൻ കുറക്കാനെന്ന പേരിൽ ലഹരിമരുന്ന് വിതരണം ചെയ്യുന്നുവെന്ന ഞെട്ടിക്കുന്ന വിവരമാണ് കഴിഞ്ഞ ദിവസം എം.ഡി.എം.എ പിടികൂടിയ സംഘത്തിൽനിന്ന് പൊലീസിന് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.