കോഴിക്കോട്: വിവിധ ആവശ്യങ്ങൾക്കായി നഗരത്തിലെത്തുന്നവർക്ക് ‘ശങ്ക’ തീർക്കാനിടമില്ല. സൗന്ദര്യവത്കരണ പദ്ധതികളുടെ ഭാഗമായി നഗരത്തിന്റെ പല ഭാഗങ്ങളിൽ നിർമിച്ച ടോയ്ലറ്റുകൾ അടഞ്ഞുകിടക്കുന്നതാണ് ജനങ്ങളെ വലക്കുന്നത്. നഗരത്തിൽ നിർമാണം പൂർത്തിയായ ടോയ്ലറ്റുകൾ പലതും സാങ്കേതിക കാരണങ്ങളാൽ നോക്കുകുത്തികളാണ്. മാനാഞ്ചിറ, ബീച്ച് ആശുപത്രിക്ക് സമീപം, വലിയങ്ങാടി, കാലിക്കറ്റ് നഴ്സിങ് ഹോമിന് സമീപം, കോർപറേഷൻ ഓഫിസ് പരിസരം എന്നിവിടങ്ങളിൽ നിർമാണം പൂർത്തിയായ ടോയ്ലറ്റുകളുണ്ട്. മാനാഞ്ചിറ സ്ക്വയറിനകത്ത് പണിത ടേക് എ ബ്രേക്ക് വിശ്രമകേന്ദ്രത്തിലെ ടോയ്ലറ്റിന്റെ പണി പൂർത്തിയായി മാസങ്ങൾ പിന്നിട്ടെങ്കിലും നടത്തിപ്പിന് ആളില്ലാത്തുതുകൊണ്ടു മാത്രം ഇപ്പോഴും അടഞ്ഞുകിടക്കുന്നു.
ദൂരസ്ഥലങ്ങളിൽനിന്ന് നഗരത്തിലെത്തുന്നവർ ഹോട്ടലുകളിലോ റെയില്‍വേ സ്റ്റേഷനിലോ പോയി കാര്യം സാധിക്കേണ്ട ഗതികേടിലാണ് ഇപ്പോൾ. പി.എം താജ് റോഡിലെ സുലഭ് ടോയ്ലറ്റ് കോംപ്ലക്സാണ് മാനാഞ്ചിറക്ക് സമീപമുള്ള ഏക പൊതു ശൗചാലയം. മൊഫ്യൂസിൽ ബസ് സ്റ്റാൻഡിലും പാളയത്തും മാത്രമാണ് നഗരത്തിലെ മറ്റു പൊതു ശൗചാലയങ്ങളുള്ളത്. ഇവയാണ് യാത്രക്കാരും കടകളിൽ ജോലി ചെയ്യുന്നവരും ഉപയോഗിക്കുന്നത്. മാനാഞ്ചിറ സ്ക്വയറിൽ നിർമിച്ച ടോയ്ലറ്റ് കോംപ്ലക്സ് തുറക്കാൻ കഴിഞ്ഞാൽ യാത്രക്കാർക്കും പൊതുജനങ്ങൾക്കും വലിയ ആശ്വാസമാകും. എന്നാൽ, ഏറ്റെടുക്കാൻ കരാറുകാർ എത്താത്തതിനാലാണ് ടോയ്ലറ്റുകൾ അടഞ്ഞുകിടക്കുന്നതെന്നാണ് കോർപറേഷന്റെ വാദം. തുറക്കുമെന്ന് വാഗ്ദാനം നൽകി മാസങ്ങൾ കഴിഞ്ഞെങ്കിലും നടത്തിപ്പിന് മറ്റെന്തെങ്കിലും സംവിധാനമൊരുക്കാൻ കോർപറേഷന് ഇത്രയും കാലങ്ങളായി കഴിഞ്ഞിട്ടുമില്ല.
13 വർഷങ്ങൾക്കു മുമ്പ് വ്യാപാര സ്ഥാപനങ്ങളിലെ സ്ത്രീത്തൊഴിലാളികളുടെ വിപ്ലവകരമായ സമരത്തിന്റെ ഫലമായാണ് നഗരത്തിൽ ഇ-ടോയ്ലറ്റുകൾ സ്ഥാപിച്ചത്.
ഇവ വെറും ഷോ പീസുകളായി മാറിയിട്ട് കാലം കുറെ കഴിഞ്ഞു. മാനാഞ്ചിറ സ്ക്വയര്‍, മുതലക്കുളം, ഒയിറ്റി റോഡ്, മെഡിക്കല്‍ കോളജ്, ബേപ്പൂര്‍, അരീക്കാട്, പാവങ്ങാട്, കാരപ്പറമ്പ്, ലോറി സ്റ്റാന്‍ഡ്, ബീച്ച് എന്നിങ്ങനെ നഗരത്തിലെ തിരക്കേറിയ 15 ഇടങ്ങളിലാണ് ഇ-ടോയ്ലറ്റുകൾ സ്ഥാപിച്ചത്. നിര്‍മാണത്തിലെ ചില സാങ്കേതിക പ്രശ്നങ്ങള്‍ മൂലം ആളുകൾ ഇ-ടോയ്ലറ്റ് ഉപയോഗിക്കുന്നതില്‍ വിമുഖത പ്രകടിപ്പിച്ചിരുന്നു. 2014ൽ പിന്നീട് ഓട്ടോമേറ്റഡ് സംവിധാനം രൂപപ്പെടുത്തി ടോയ്ലറ്റുകള് പരിഷ്കരിച്ചു.
സ്വകാര്യത വേണമെന്നതിനാൽ ടോയ്ലറ്റിനു ചുറ്റും മതിൽ നിർമിക്കാൻ പദ്ധതിയുണ്ടായിരുന്നുവെങ്കിലും നടപ്പായില്ല. കരാർ കാലാവധി അവസാനിച്ചതോടെ ഇ-ടോയ്ലറ്റുകൾക്ക് പൂട്ടുവീണു. ഇപ്പോൾ പലതും കാണാനില്ല. ബാക്കിയുള്ളവ തുരുമ്പെടുത്ത് നശിച്ചു.
പരീക്ഷിച്ച് പരാജയപ്പെട്ട ഇ-ടോയ്ലറ്റുകൾക്ക് പകരം മോഡുലാർ ടോയ്ലറ്റുകൾ സ്ഥാപിക്കാൻ കോർപറേഷൻ ശ്രമം നടത്തിയിരുന്നു. കോർപറേഷൻ ഓഫിസിനോടു ചേർന്ന് രണ്ടു മോഡുലാർ ടോയ്ലറ്റ് സ്ഥാപിക്കുകയും ചെയ്തിരുന്നു. ഇതിൽ അപാകതകൾ കണ്ടെത്തിയതിനാൽ ഈ പദ്ധതിയും ഉപേക്ഷിച്ചു. കോർപറേഷൻ യഥാസമയം അറ്റകുറ്റപ്പണി നടത്താതിരുന്നതും വ്യക്തമായ ആസൂത്രണമില്ലാതെ നടപ്പാക്കിയതുമാണ് ഇ-ടോയ്ലറ്റുകൾ നശിക്കാൻ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. കാരണം എന്തുതന്നെയായാലും പൊതുജനങ്ങളുടെ പ്രശ്നം പരിഹരിക്കപ്പെടുന്നില്ലെന്നതാണ് വാസ്തവം. പുതിയ പദ്ധതികൾക്കു പകരം പണി പൂർത്തിയായ ടോയ്ലറ്റുകൾ പോലും തുറന്നുകൊടുക്കാനുള്ള ശ്രമം അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ലെന്നതാണ് ജനങ്ങളുടെ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.