കോഴിക്കോട്: കേരമേഖലയെയും കേരകർഷകരെയും സംരക്ഷിക്കേണ്ടത് സർക്കാറിന്റെ കടമയാണെന്ന് ആവർത്തിച്ചുപറയുമ്പോഴും നാളികേര കർഷകർക്ക് രണ്ടുമാസം കഴിഞ്ഞിട്ടും സംഭരിച്ച തേങ്ങയുടെ പണം കിട്ടുന്നില്ല. കർഷകരിൽനിന്ന് കൃഷിഭവൻ മുഖാന്തരം കേരഫെഡ് സംഭരിച്ച തേങ്ങയുടെ വില കിട്ടാതെയാണ് കർഷകർ പെടാപ്പാടുപെടുന്നത്. ഒരു േബ്ലാക്കിൽ ഒന്നോ രണ്ടോ കേന്ദ്രങ്ങളിലൂടെ സംഭരിക്കുന്ന പച്ചത്തേങ്ങ നൽകാൻ കർഷകർക്ക് രണ്ടു മാസം മുമ്പേ സംഭരണ കേന്ദ്രങ്ങളിൽ ബുക്ക് ചെയ്യേണ്ട സാഹചര്യത്തിലാണ് നൽകിയ തേങ്ങയുടെ വില കിട്ടാനും രണ്ടു മാസത്തിലധികം കാത്തിരിക്കേണ്ടി വരുന്നത്.
പണത്തിന് ഏറെക്കാലം കാത്തിരിക്കേണ്ടതിനാൽ കൂലിച്ചെലവുപോലും നൽകാൻ നാളികേര കർഷകർ പ്രയാസപ്പെടുകയാണ്. നിലവിൽ 34 രൂപക്കാണ് പച്ചത്തേങ്ങ സംഭരിക്കുന്നതെങ്കിലും നാലോ അഞ്ചോ ടൺ തേങ്ങ മാത്രമാണ് ഒരു ദിവസം ഒരു കേന്ദ്രത്തിൽ സംഭരിക്കുന്നത്. ഇതുമൂലം വിലക്കുറവിൽ സ്വകാര്യ കച്ചവടക്കാർക്ക് തേങ്ങ നൽകാൻ കർഷകർ നിർബന്ധിതരാകുകയാണ്. എടുത്തിട്ട തേങ്ങ കഴിഞ്ഞ ആഴ്ചകളിൽ സംഭരിക്കാതിരുന്നതുമൂലം സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുകയാണ്. സംഭരണശേഷിയില്ലാത്തതിനാൽ പല കേന്ദ്രങ്ങളും തേങ്ങ വാങ്ങിയതുമില്ല.
രണ്ടു ദിവസമായി കേന്ദ്രങ്ങളിൽനിന്ന് തേങ്ങ എടുത്തുതുടങ്ങിയതായി ജില്ല അധികൃതർ അറിയിച്ചു. പച്ചത്തേങ്ങ സംഭരണത്തിന് പുതിയ കേന്ദ്രങ്ങള്‍ അനുവദിക്കുമെന്ന് കൃഷിവകുപ്പ് അറിയിച്ചതല്ലാതെ യാഥാർഥ്യമാവുന്നില്ലെന്ന് കർഷകർ പറയുന്നു. കേരഫെഡ്, അംഗീകൃത സൊസൈറ്റികള്‍, വി.എഫ്.പി.സി.കെ എന്നിവ മുഖേനയാണ് പച്ചത്തേങ്ങ സംഭരിക്കുന്നത്. പ്രതിവര്‍ഷം ഒരു തെങ്ങില്‍നിന്ന് സംഭരിക്കാവുന്ന തേങ്ങകളുടെ എണ്ണം അമ്പതില്‍നിന്ന് എഴുപതാക്കി ഉയർത്തി.
കൃഷി ഓഫിസറുടെ സര്‍ട്ടിഫിക്കറ്റ്, നികുതി രസീത്, ബാങ്ക് പാസ്ബുക്ക്, ആധാര്‍ എന്നിവയുടെ പകര്‍പ്പുസഹിതം സംഭരണ കേന്ദ്രത്തിൽ രജിസ്റ്റര്‍ ചെയ്യുന്ന കർഷകരിൽനിന്ന് മാത്രമേ തേങ്ങ സംഭരിക്കൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.