കോഴിക്കോട്: ചരിത്രത്തിന്റെ നിലവിളികളും താക്കീതുകളും ചൂണ്ടിക്കാട്ടിയുള്ള തെളിഞ്ഞ ചിത്രങ്ങളുമായി തോലിൽ സുരേഷിന്റെ ‘എഴുത്തും വരയും’ ഇല്ലസ്ട്രേഷൻ എക്സിബിഷൻ.
‘മാധ്യമം’ ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച വിനോദ് കൃഷ്ണയുടെ ‘9 MM ബെരേറ്റ’ നോവലിനായി വരച്ച 22 ചിത്രങ്ങളാണ് മാനാഞ്ചിറ ആർട്ട് ഗാലറിയിൽ ആരംഭിച്ച പ്രദർശനത്തിൽ ഒരുക്കിയത്. ഭയാനകത, നിഗൂഢത, അപകടകരമായ ഗർത്തങ്ങൾ, ഭാവിയിലേക്കുള്ള ആശങ്ക, ചതി തുടങ്ങിയവയെല്ലാം ഈ ചിത്രങ്ങളിൽ വ്യക്തമാണ്. കാൽ നൂറ്റാണ്ടോളമായി ചിത്രകലാരംഗത്തുള്ള തോലിൽ സുരേഷ് ഇതിനകംതന്നെ പോർച്ചുഗൽ, ദുബൈ, ആസ്ത്രേലിയ, അമേരിക്ക, നേപ്പാൾ അടക്കമുള്ള വിദേശ രാജ്യങ്ങളിലുൾപ്പെടെ ചിത്ര പ്രദർശനം സംഘടിപ്പിച്ചിട്ടുണ്ട്. താനൂർ സ്വദേശിയും യൂനിവേഴ്സിറ്റി മേഖലയിൽ താമസിക്കുകയും ചെയ്യുന്ന ഇദ്ദേഹത്തിന് സംസ്ഥാന സർക്കാറിന്റെയടക്കം നിരവധി പുരസ്കാരങ്ങളും ഇതിനകം ലഭിച്ചു. കാലഘട്ടത്തോട് കലഹിക്കുന്ന സർഗശേഷിയാണീ ചിത്രങ്ങളെന്ന് പ്രദർശനം ഉദ്ഘാടനം ചെയ്ത എഴുത്തുകാരൻ വി.ആർ. സുധീഷ് പറഞ്ഞു. താനൂർ ഗവ. കോളജ് അധ്യാപിക ഡോ. സിന്ധു പി. ഷോബിത്ത് അധ്യക്ഷതവഹിച്ചു. ‘ദേശാഭിമാനി’ വീക്കിലി എഡിറ്റർ കെ.പി. മോഹനൻ മുഖ്യാതിഥിയായിരുന്നു. ‘മാധ്യമം’ ജോയിന്റ് എഡിറ്റർ പി.ഐ. നൗഷാദ്, കോഴിക്കോട് ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ് അധ്യാപിക ഡോ. സോണിയ ഇപ, നോവലിസ്റ്റ് വിനോദ് കൃഷ്ണ, പരിഭാഷക ലക്ഷ്മി കിട്ടപ്പ, ശിൽപി രാഘവൻ അത്തോളി, ചിത്രകാരൻ തോലിൽ സുരേഷ് തുടങ്ങിയവർ സംസാരിച്ചു. പ്രദർശനം ബുധനാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.