ഭിന്നശേഷി സമൂഹത്തിന് തണലും കരുതലുമൊരുക്കുകയാണ് ലക്ഷ്യം
കോഴിക്കോട്: ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി കട്ടിപ്പാറ പഞ്ചായത്തിലെ കോളിക്കലിൽ 12 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന കാരുണ്യതീരം കാമ്പസ് പ്രവർത്തനം വിപുലീകരിക്കുന്നു. ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷൻ നേതൃത്വത്തിൽ തുടര്‍ പരിശീലനത്തിനും തൊഴില്‍ അനുബന്ധ സംവിധാനങ്ങള്‍ ഒരുക്കുന്നതിനുമായി അഞ്ചേക്കര്‍ ഭൂമിയില്‍ കെയര്‍ വില്ലേജ് സ്ഥാപിക്കും.
ഭിന്നശേഷിക്കാര്‍ക്ക് ചികിത്സകേന്ദ്രം, ആജീവനാന്ത പുനരധിവാസം, തൊഴില്‍ പരിശീലനം, തൊഴില്‍ശാല, ഇന്നൊവേഷന് ഹബ്, അവരുടെ കഴിവുകള്‍ പരിപോഷിപ്പിക്കുന്ന ആര്‍ട്സ് സെന്റര്‍ എന്നിവയാണ് കെയര്‍ വില്ലേജില്‍ ഒരുങ്ങുക. ശാരീരിക, മാനസിക വെല്ലുവിളികള്‍ നേരിടുന്ന ഭിന്നശേഷി സമൂഹത്തിന് തണലും കരുതലുമൊരുക്കുകയാണ് കെയര്‍ വില്ലേജിെൻറ ലക്ഷ്യം.കാരുണ്യതീരം കാമ്പസിനടുത്ത് കെയര്‍ വില്ലേജിനായി കണ്ടെത്തിയ അഞ്ചേക്കര്‍ ഭൂമി പൊതുജനപങ്കാളിത്തത്തോടെയാണ് ഏറ്റെടുക്കുന്നത്. അര സെന്റ് വീതം സ്ഥലം 15,000 രൂപ നല്കി വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ സ്പോണ്സര് ചെയ്യാം. കാമ്പസില്‍ ഇരുനൂറിലധികം കുട്ടികള്‍ സൗജന്യമായി പഠനം നടത്തുന്നുണ്ട്.
18 വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്കുള്ള തൊഴില്‍ പരിശീലന കേന്ദ്രം, പകല്‍ പരിപാലന കേന്ദ്രം, കൈത്തിരി ആയുര്‍വേദ പഞ്ചകര്‍മ തെറപ്പി, ഒക്യുപേഷനല്‍ തെറപ്പി, ഫിസിയോതെറപ്പി, സ്പീച് തെറപ്പി, കൗണ്‍സലിങ് ആൻഡ് സൈക്കോതെറപ്പി എന്നിവയും പ്രവര്‍ത്തിക്കുന്നു. വാര്‍ത്തസമ്മേളനത്തില്‍ ഫൗണ്ടേഷന് പ്രസിഡന്റ് ഹക്കീം പൂവക്കോത്ത്, വൈസ് പ്രസിഡന്റ് ഒ.കെ രവീന്ദ്രന്, ജനറല്‍ സെക്രട്ടറി സി.കെ.എ ഷമീര്‍ബാവ, കാരുണ്യതീരം ചെയര്മാന് ബാബു കുടുക്കില്‍, ഡിസാസ്റ്റര്‍ മാനേജ്മെന്റ് ടീം ചെയര്മാന് കെ. അബ്ദുല്‍ മജീദ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.