കോഴിക്കോട്: സർക്കാറിന്റെ റവന്യൂരേഖകൾ വ്യാജമായി നിർമിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ നാലുപ്രതികൾ കൂടി പിടിയിൽ. റിട്ട. തഹസിൽദാർ പയ്യോളി സ്വദേശി ആവിക്കൽ റോഡ് അഭയത്തിൽ കെ. പ്രദീപ് കുമാർ (59), സുൽത്താൻ ബത്തേരി സ്വദേശി പട്ടരുപടി മാട്ടാൻ തൊടുവിൽ ഹാരിസ് (42), മലപ്പുറം കാളികാവ് സ്വദേശി പുല്ലങ്ങോട്ട് കിഴക്കേൽ കെ. ഷാജഹാൻ (48), മൊറയൂർ സ്വദേശി കറുത്തേടത്ത് കെ. നാദിർ (26) എന്നിവരെയാണ് കസബ പൊലീസ് അറസ്റ്റുചെയ്തത്. കേസിൽ ചക്കുംകടവ് വലിയകംപറമ്പിൽ വി.പി. മുഹമ്മദ് റിയാസ് (46) നേരത്തെ അറസ്റ്റിലായിരുന്നു.
വലിയ വിലയുള്ള ഭൂമികൾക്ക് വ്യാജരേഖകളുണ്ടാക്കി കെ.എസ്.എഫ്.ഇയുടെ മാവൂർ റോഡ് ശാഖയിൽ പണയംവെച്ച് പ്രതികൾ 16.30 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് കേസ്.
വില്ലേജ് ഓഫിസറുടെ സീൽ, ലൊക്കേഷൻ സർട്ടിഫിക്കറ്റ് അടക്കമുള്ള രേഖകൾ വ്യാജമായി നിർമിച്ചായിരുന്നു തട്ടിപ്പ്. അറസ്റ്റിലായ റിട്ട. തഹസിൽദാർ പ്രദീപ്കുമാറിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് മാത്രം അടുത്തിടെ 21 ലക്ഷം രൂപയാണ് എത്തിയതെന്നും തട്ടിപ്പിൽ നിരവധി പേർക്ക് പങ്കുണ്ടെന്നും പൊലീസ് പറഞ്ഞു.
സർക്കാർ, സ്വകാര്യ മേഖലകളിലെ വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ പിടിയിലായ പ്രതികളുൾപ്പെടുന്ന സംഘം വ്യാജരേഖകൾ നൽകി പണം തട്ടിയിട്ടുണ്ട്. തട്ടിപ്പിൽ 47 പേരുൾപ്പെട്ടതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. കസബ പൊലീസ് മാത്രം 20 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ടൗൺ, താമരശ്ശേരി, തൊട്ടിൽപാലം, കൊണ്ടോട്ടി ഉൾപ്പെടെ സ്റ്റേഷനുകളിൽ പത്തിലേറെ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ വില്ലേജ് ഓഫിസുകളുടെ പേരിലാണ് സംഘം വ്യാജരേഖകൾ നിർമിച്ചത്. കാവിലുംപാറ, നരിപ്പറ്റ, ബാലുശ്ശേരി തുടങ്ങി 12 വില്ലേജ് ഓഫിസുകളിൽ നിന്നുള്ളവയെന്ന് പറഞ്ഞ് വിവിധ റവന്യൂ രേഖകൾ കെ.എസ്.എഫ്.ഇ ശാഖകളിൽ നൽകിയതിൽ നടത്തിയ അന്വേഷണത്തിലാണ് വൻ തട്ടിപ്പ് പുറത്തുവന്നത്.
കട്ടിപ്പാറ വില്ലേജ് പരിധിയിലെ താമരശ്ശേരി സബ് രജിസ്ട്രാർ ഓഫിസിൽ രജിസ്റ്റർ ചെയ്ത മറ്റൊരാളുടെ ഭൂമിക്ക് വ്യാജരേഖയുണ്ടാക്കി ഇത് ഈടായി നൽകി 25 ലക്ഷം കൈപ്പറ്റിയെന്നും കേസുണ്ട്. നാലരക്കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതെന്നാണ് അന്വേഷണത്തിൽ ഇതിനകം വ്യക്തമായത്. ടൗൺ അസി. കമീഷണർ പി. ബിജുരാജിന്റെ നിർദേശപ്രകാരം കസബ ഇൻസ്പെക്ടർ എൻ. പ്രജീഷിന്റെ നേതൃത്വത്തിൽ എസ്.ഐ വി.പി. ആന്റണി, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ രഞ്ജീവ്, രഗീഷ്, സുനിൽകുമാർ, ലീന എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.