അരിക്കുളം: ഗ്രാമസഭ തീരുമാനത്തെ തള്ളുന്നത് ഗ്രാമവാസികളെ അവഹേളിക്കുന്നതിനു തുല്യമാണെന്ന് പഞ്ചായത്ത് ഓംബുഡ്സ്മാൻ. അരിക്കുളം പഞ്ചായത്തിൽ പള്ളിക്കൽ കനാൽ സൈഫണിനു സമീപം മാലിന്യസംഭരണ കേന്ദ്രം സ്ഥാപിക്കുന്നതിനെതിരെ ജനകീയ കർമസമിതി കൺവീനർ സി. രാഘവൻ നൽകിയ പരാതി തീർപ്പാക്കി ജസ്റ്റിസ് ഗോപിനാഥനാണ് ഇക്കാര്യം പരാമർശിച്ചത്.
മൂന്നാം വാർഡിൽ പഞ്ചായത്തിന്റെ അധീനതയിലുള്ള 375/A നമ്പറിലുള്ള കെട്ടിടത്തിൽ താൽക്കാലിക എം.സി.എഫ് ഉണ്ടായിരിക്കെ 7.71 ലക്ഷം മുടക്കി വീണ്ടും താൽക്കാലിക എം.സി.എഫ് നിർമിക്കാനുള്ള ഭരണസമിതി നീക്കത്തിന് ഇത് തിരിച്ചടിയായി.
കാലങ്ങളായി കളിസ്ഥലമായും പൊതു ഇടമായും ഉപയോഗിച്ചുവരുന്നതും അംഗൻവാടി, എൽ.പി സ്കൂൾ, ഗ്രന്ഥശാല, ജലസേചന കനാൽ എന്നിവക്ക് സമീപമുള്ളതുമായ അഞ്ചു സെന്റ് സ്ഥലത്താണ് 13 വാർഡുകളിലെ മാലിന്യം സംഭരിക്കാനുള്ള കേന്ദ്രം പണിയാൻ പഞ്ചായത്ത് തീരുമാനിച്ചത്.
കെട്ടിടത്തിനുള്ള പ്ലാനിൽ ശുചിമുറി ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ജലലഭ്യതക്കുള്ള നടപടി സ്വീകരിച്ചിട്ടില്ല. രണ്ടു തവണ കനാൽ സൈഫൺ പൊട്ടിയതിനാൽ ഇവിടെ കുഴൽക്കിണർ ഉൾപ്പെടെ ജലലഭ്യത ഉറപ്പുവരുത്താനുള്ള അനുമതിയുമില്ല.
പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനപ്രകാരം എം.സി.എഫ് പ്രശ്നം മാത്രം ചർച്ച ചെയ്യാൻ പ്രത്യേക ഗ്രാമസഭ വിളിക്കുകയും പങ്കെടുത്ത 117 പേരിൽ 116 പേരും നിർദിഷ്ട സ്ഥലത്ത് മാലിന്യസംഭരണ കേന്ദ്രം സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന പ്രമേയത്തെ അനുകൂലിക്കുകയും ചെയ്തു. തുടർന്ന് ഗ്രാമസഭ പ്രമേയത്തെ തള്ളിക്കളഞ്ഞ് ഇതേ സ്ഥലത്തുതന്നെ കേന്ദ്രം സ്ഥാപിക്കാനായിരുന്നു ഭരണസമിതി തീരുമാനം.
നാലു വർഷമായി ജനകീയ കർമസമിതി സമരരംഗത്താണ്. മാസങ്ങൾക്കു മുമ്പു നടന്ന രാപ്പകൽ സമരപ്പന്തലിലേക്ക് പൊലീസ് ഇരച്ചുകയറി വയോധികർ ഉൾപ്പെടെയുള്ള സമരപ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. പൊലീസ് കാവലിലായിരുന്നു നിർമാണം ആരംഭിച്ചത്. നിർമാണം തുടങ്ങുന്നതിനുമുമ്പ് കർമസമിതി പഞ്ചായത്ത് ഓംബുഡ്സ്മാന് പരാതി നൽകിയിരുന്നു.
സമീപ പഞ്ചായത്തുകളായ കീഴരിയൂർ, തുറയൂർ എന്നിവിടങ്ങളിൽ ജനകീയ എതിർപ്പുകാരണം എം.സി.എഫ് സ്ഥാപിച്ചിട്ടില്ലെന്ന് പരാതിക്കാരൻ വ്യക്തമാക്കിയിരുന്നു. അരിക്കുളത്തെ എം.സി.എഫ് നിർമാണവുമായി ബന്ധപ്പെട്ട വിഷയം ഹൈകോടതിയുടെ പരിഗണനയിലായതിനാൽ അതിന്റെ അന്തിമ തീർപ്പുവരെ നിർമാണപ്രവർത്തനങ്ങൾ നിർത്തിവെക്കാനും ഓംബുഡ്സ്മാൻ ഉത്തരവിട്ടു. പരാതിക്കാരനു നിലവിൽ ഹൈകോടതിയിൽ നിലവിലുള്ള കേസിൽ കക്ഷിചേർന്ന് വാദങ്ങൾ ഉന്നയിക്കാവുന്നതാണെന്നും ഓംബുഡ്സ്മാൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.