കോഴിക്കോട്: മെഡിക്കൽ കോളജിലുള്ള ഇൻസിനറേറ്ററുകളിൽ ഒരെണ്ണം പ്രവർത്തനരഹിതമായി മാലിന്യനീക്കം സ്തംഭിച്ചെന്ന പരാതിയെക്കുറിച്ച് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ. മെഡിക്കൽ കോളജ് സൂപ്രണ്ട് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ജൂലൈ 14ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും.
മെഡിക്കൽ കോളജ് സൂപ്പർ സ്പെഷാലിറ്റി, മാതൃ-ശിശു സംരക്ഷണകേന്ദ്രം, പി.എം.എസ്.എസ്.വൈ ബ്ലോക്ക്, ചെസ്റ്റ് ആശുപത്രി, കാൻസർ സെന്റർ തുടങ്ങിയ ചികിത്സ കേന്ദ്രങ്ങളിലെയും പന്ത്രണ്ടോളം ഹോസ്റ്റലുകളിലെയും മാലിന്യങ്ങൾ സംസ്കരിക്കാനെത്തിക്കുന്നത് ഇവിടെയാണ്. ഒരു ദിവസം 4500 കിലോ മാലിന്യം ഇങ്ങനെയെത്തിക്കുന്നു.
നിലവിൽ പ്രവർത്തിക്കുന്ന ഇൻസിനറേറ്ററിൽ മണിക്കൂറിൽ 180 കിലോ മാലിന്യമാണ് സംസ്കരിക്കാൻ കഴിയുക. അവശേഷിക്കുന്നവ കുന്നുകൂടി ജനജീവിതം ദുസ്സഹമാക്കുന്നു. രാത്രികാലങ്ങളിൽ ദുർഗന്ധം കാരണം പുറത്തിറങ്ങാൻ കഴിയാറില്ല. മാലിന്യ സംസ്കരണം പ്രതിസന്ധിയിലായതോടെ ആശുപത്രിക്ക് സമീപവും മാലിന്യച്ചാക്കുകൾ നിറയുന്നു.
മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിലെ ഇൻസിനറേറ്ററിലെ പുകക്കുഴൽ പൊട്ടിവീണതിനെത്തുടർന്നാണ് പ്രവർത്തനരഹിതമായത്. ‘മാധ്യമം’ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.