കോഴിക്കോട്: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സാധാരണക്കാർ ആശ്രയിക്കുന്ന കോഴിക്കോട് ഗവ.ഡെന്‍റൽ കോളജിലെ നാല് അസി.പ്രഫസർമാരുടെ തസ്തിക എടുത്തുമാറ്റി. കൂടുതൽ രോഗികൾ ചികിത്സതേടുന്ന ഓറൽ ആൻഡ് മാക്സിലോഫേഷ്യൽ സർജറി വിഭാഗത്തിലെ തസ്തികകളാണ് സർക്കാർ ഒഴിവാക്കിയത്. നാല് അസി.പ്രഫസർമാരുടെ തസ്തിക അസോസിയേറ്റ് പ്രഫസർമാരുടേതാക്കി മാറ്റുകയാണുണ്ടായത്.
രണ്ടെണ്ണം കോട്ടയത്തേക്കും ഒന്ന് തിരുവനന്തപുരത്തേക്കുമാണ് മാറ്റിയത്. ഇവിടെയുള്ള ഒരു അസോസിയേറ്റ് പ്രഫസറുടെ തസ്തിക രണ്ടാക്കുകയും ചെയ്തു. തസ്തികകൾ കോഴിക്കോട് ഗവ.ഡെന്‍റൽ കോളജിൽ തന്നെ നിലനിർത്തണമെന്ന കോളജ് അധികൃതരുടെ ആവശ്യം മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ് അംഗീകരിച്ചതുമില്ല. ഒരു പ്രഫസർ, ഒരു അസോസിയേറ്റ് പ്രഫസർ, ഏഴ് അസി.പ്രഫസർമാർ എന്നിങ്ങനെയാണ് കോഴിക്കോട് ഗവ.ഡെന്‍റൽ കോളജിൽ അനുവദിച്ചിരുന്ന തസ്തികകൾ.
ഇത് ഒരു പ്രഫസർ, രണ്ട് അസോസിയേറ്റ് പ്രഫസർ, മൂന്ന് അസി. പ്രഫസർ എന്നിങ്ങനെയാണ് ഇപ്പോൾ മാറ്റിയിരിക്കുന്നത്. ഡെന്‍റൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ മാനദണ്ഡപ്രകാരമാണ് തസ്തികകൾ കുറച്ചതെന്നാണ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ് പറയുന്ന ന്യായം. മലബാറിലെ ഏക സർക്കാർ ഡെന്‍റൽ കോളജാണിത്. നിലവിലെ പരിമിതികൾകൊണ്ടുതന്നെ മൂന്ന് ഡോക്ടർമാരുടെ തസ്തിക അനുവദിക്കണമെന്ന് കോളജ് അധികൃതർ നേരത്തേ സർക്കാറിന് അപേക്ഷ നൽകിയിരുന്നു. പക്ഷേ, നിലവിലുള്ള തസ്തികപോലും ഇപ്പോൾ കുറച്ചിരിക്കുന്നത് ചികിത്സയെ കാര്യമായി ബാധിക്കും.
പല്ലിന് ക്ലിപ് ഇടാനടക്കം മാസങ്ങളാണ് രോഗികൾ കാത്തിരിക്കുന്നത്. വലിയ ശസ്ത്രക്രിയകൾ ചെയ്യാൻ ഈ കാത്തിരിപ്പ് ഏഴ് മാസത്തോളം നീളുന്നുമുണ്ട്. 200ൽ അധികം പേരാണ് ഓരോ ദിവസവും ഇവിടെ ചികിത്സ തേടിയെത്തുന്നത്. മുഖത്തേയും താടിയെല്ലിലേയും ശസ്ത്രക്രിയ, പല്ലെടുക്കൽ, അർബുദ സംബന്ധമായ ശസ്ത്രക്രിയകൾ എന്നിവയെല്ലാം ദിവസേന ഇവിടെ നടക്കുന്നുണ്ട്.
ചെറിയ ശസ്ത്രക്രിയകൾ ഡെന്‍റൽ കോളജിൽ തന്നെ ചെയ്യുമ്പോൾ വലിയവ മെഡിക്കൽ കോളജ് ആശുപത്രിയിലെ പ്രധാന തിയറ്ററിലാണ് നടക്കുന്നത്. എന്നാൽ, ആഴ്ചയിൽ ഒരു ദിവസമേ വലിയ ശസ്ത്രക്രിയകൾ ചെയ്യാൻ കഴിയുകയുള്ളൂ. ഇത്തരം പ്രതിസന്ധികൾക്ക് പരിഹാരമായായിരുന്നു ഡെന്‍റൽ കോളജിനോട് ചേർന്നുള്ള കെട്ടിടത്തിൽ പുതിയ ഓപറേഷൻ തിയറ്റർ സജ്ജമാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നത്. ഇതിലൂടെ രോഗികളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാമെന്ന് ആശുപത്രി അധികൃതർ കണക്കുകൂട്ടുന്നതിനിടെയാണ് തസ്തികകൾ വെട്ടിക്കുറച്ചത്.
ഇത് തീർച്ചയായും രോഗികളുടെ ചികിത്സയെ ബാധിക്കും. നിലവിലെ സാഹചര്യത്തിൽ തന്നെ ഇതാണ് അവസ്ഥയെങ്കിൽ തസ്തികകൾ വെട്ടിക്കുറക്കുന്നതിലൂടെ ചികിത്സക്കായുള്ള രോഗികളുടെ കാത്തിരിപ്പ് വർഷങ്ങളെടുത്താലും അത്ഭുതപ്പെടേണ്ടതില്ല. ചെറുതും വലുതുമായ ശസ്ത്രക്രിയകൾക്ക് സ്വകാര്യ ആശുപത്രികൾ ലക്ഷങ്ങൾ ഫീസ് ഈടാക്കുമ്പോൾ ഗവ.ഡെന്‍റൽ കോളജിലെ തുക വളരെ തുച്ഛമാണ്. അതിനാൽതന്നെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കാവും ഇപ്പോഴത്തെ തസ്തിക കുറക്കൽ ഏറെ പ്രയാസം സൃഷ്ടിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.