കോഴിക്കോട്: ജില്ലയില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ല കലക്ടര്‍ ഡോ. എന്‍. തേജ്ലോഹിത് റെഡ്ഡി അറിയിച്ചു. ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ട സാഹചര്യമുണ്ടായാല്‍ ആവശ്യത്തിന് ക്യാമ്പുകള്‍ സജ്ജമാക്കാന്‍ തഹസില്‍ദാര്‍മാര്‍ക്ക് നിർദേശം നല്കി.
ജില്ല ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് നിര്‍ദേശം. നഗരങ്ങളില്‍ വെള്ളം കയറിയ സ്ഥലങ്ങള്‍ പരിശോധിച്ച് വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കലക്ടര്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
മൂഴിക്കലില്‍ വെള്ളം കയറി ഗതാഗത തടസ്സം ഉണ്ടായത് പരിശോധിക്കാനും നടപടി സ്വീകരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വെള്ളം ഉയര്‍ന്നാല്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ആവശ്യത്തിന് ബോട്ട് സൗകര്യം ഒരുക്കി. മലയോരപ്രദേശങ്ങളിൽ ഉള്‍പ്പെടെ ഇടങ്ങളില്‍ പ്രകൃതിക്ഷോഭം ഉണ്ടായാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഫയര്‍ ആന്‍ഡ് റെസ്ക്യൂ, പൊലീസ് വിഭാഗങ്ങള്‍ സജ്ജമാണ്. ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ആളുകള്‍ ജലാശയങ്ങളില്‍ ഇറങ്ങുന്നത് തടയാനുള്ള നടപടികള്‍ സ്വീകരിക്കും.
പഞ്ചായത്തുകള്‍ക്ക് ഇതുസംബന്ധിച്ച നിർദേശം നല്കി. മണ്ണിടിച്ചില്‍ സാധ്യതയുള്ള ഇടങ്ങളില്‍നിന്ന് ആളുകള്‍ മാറിത്താമസിക്കാന്‍ തയാറാവണം. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ വാഹനങ്ങളുമായി ആളുകള്‍ നഗരത്തില്‍ പ്രവേശിക്കുന്നത് ഗതാഗത തടസ്സം സൃഷ്ടിക്കുന്നതിനാല്‍ സ്വയം നിയന്ത്രണങ്ങള്‍ സ്വീകരിക്കണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു.
നിലവില്‍ കോഴിക്കോട് താലൂക്കില്‍ നാല് ഇടങ്ങളിലാണ് ക്യാമ്പുകള്‍ തുറന്നത്. വേങ്ങേരി വില്ലേജില്‍ സിവില്‍ സ്റ്റേഷന് യു.പി സ്കൂള്‍, വേങ്ങേരി യു.പി സ്കൂള്‍, പ്രോവിഡന്‍സ് കോളജ് എന്നിവിടങ്ങളിലും പുതിയങ്ങാടി വില്ലേജില്‍ പുതിയങ്ങാടി ജി.എം.യു.പി സ്കൂളിലുമാണ് ക്യാമ്പ് സജ്ജമാക്കിയിട്ടുള്ളത്.
പന്തീരങ്കാവ്, നെല്ലിക്കോട്, കച്ചേരി, ചേവായൂര്‍, വളയനാട്, വേങ്ങേരി വില്ലേജുകളിലാണ് മഴവെള്ളം കൂടുതലായും കയറിയിരിക്കുന്നത്. ഇവിടെയുള്ള ആളുകളില്‍ കുടുംബ വീടുകളിലേക്ക് പോവാന്‍ കഴിയാത്തവര്‍ക്കാണ് ക്യാമ്പ് സജ്ജമാക്കിയത്.
കൊയിലാണ്ടി താലൂക്കില്‍ വിയ്യൂര്‍, തുറയൂര്‍, ചെങ്ങോട്ടുകാവ്, പയ്യോളി, ചേമഞ്ചേരി വില്ലേജുകളിലും വെള്ളം കയറിയിട്ടുണ്ട്. ക്യാമ്പുകള്‍ ആരംഭിക്കേണ്ട സാഹചര്യമുണ്ടായാല്‍ അതിനുള്ള ഒരുക്കങ്ങള്‍ സ്വീകരിച്ചുവരുന്നതായി തഹസില്‍ദാര്‍ അറിയിച്ചു. വടകര താലൂക്കില്‍ നടക്ക് താഴെ വില്ലേജില്‍ പാലോളി പാലത്തിന് സമീപം വെള്ളം കയറിയിട്ടുണ്ട്. ആളുകളെ ക്യാമ്പിലേക്ക് മാറ്റേണ്ട സാഹചര്യമുണ്ടായാല്‍ അതിനുള്ള ഒരുക്കങ്ങള്‍ സ്വീകരിച്ചുവരുന്നതായി തഹസില്‍ദാര്‍ അറിയിച്ചു. യോഗത്തില്‍ ജില്ല പൊലീസ് മേധാവികളായ എ.വി. ജോര്‍ജ്, ഡോ. എ. ശ്രീനിവാസ്, ഡെപ്യൂട്ടി കലക്ടര്‍മാര്‍, തഹസില്‍ദാര്‍മാര്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മഴയിൽ എത്താൻ വൈകി: പി.എസ്.സി പരീക്ഷയെഴുതാനാവാതെ ഉദ്യോഗാർഥികൾ
കോഴിക്കോട്: കനത്ത മഴ പി.എസ്.സി പരീക്ഷയെഴുതാൻ എത്തിയവർക്ക് വലിയ പീഡനമായി. നിശ്ചിത സമയം കഴിഞ്ഞ് ഒരു മിനിറ്റ് വൈകിയവർക്കുപോലും പരീക്ഷാഹാളിനകത്ത് കയറാൻ അധികൃതർ അനുവാദം നിഷേധിച്ചയോടെ നിരവധി പേർക്ക് പരീക്ഷ എഴുതാനായില്ല. മലബാർ ക്രിസ്ത്യൻ കോളജ് സ്കൂളിൽ സിവിൽ എൻജിനീയറിങ് അടിസ്ഥാന യോഗ്യതയിൽ നാല് വകുപ്പുകളിലേക്കായി നടന്ന പരീക്ഷക്കെത്തിയവർക്കാണ് മഴ വില്ലനായത്.
രാവിലെ 11നും 12.15നുമിടയിലുള്ള പരീക്ഷക്ക് 10.30ന് മുമ്പ് ഹാളിൽ പ്രവേശിക്കണമെന്നാണ് ചട്ടം. മഴ കാരണം വഴി തടസ്സങ്ങൾ താണ്ടി മിനിറ്റ് വൈകിയെത്തിയവർക്ക് മുന്നിലും പരീക്ഷാഹാൾ തുറക്കാൻ അധികൃതർ കനിഞ്ഞില്ല. സാഹചര്യം ബോധ്യപ്പെടുത്താൻ ശ്രമിച്ചപ്പോൾ മോശമായി പെരുമാറിയെന്നും ഉദ്യോഗാർഥികൾ പറയുന്നു. ഗർഭിണികളടക്കമുള്ള ഉദ്യോഗാർഥികൾ കേണപേക്ഷിച്ചപ്പോൾ ജില്ല ഓഫിസിൽ പറയാനായിരുന്നു നിർദേശം. തുടർന്ന് ചിലർ ജില്ല ഓഫിസിലെത്തി, ജില്ല പി.എസ്.സി ഓഫിസർക്കും ചെയർമാനും പരാതി നൽകി.
ദൂരസ്ഥലങ്ങളിൽ ജോലി ചെയ്യുന്നവരും ജില്ലയിലെ വിദൂര മേഖലകളിൽനിന്ന് പുലർച്ച ആറിനും അതിനുമുമ്പും പുറപ്പെട്ടവരുമൊക്കെയാണ് പ്രതികൂല കാലാവസ്ഥയിൽ നിശ്ചിതസമയത്തിനകം എത്താനാവാതെ ബുദ്ധിമുട്ടിയത്.
ബേപ്പൂർ ഗവ. ഹൈസ്കൂളിൽ പി.എസ്.സി പരീക്ഷക്കെത്തിയ പത്തോളം വിദ്യാർഥികൾക്ക് പരീക്ഷ എഴുതാനാവാതെ തിരിച്ചുപോകേണ്ടിവന്നു. നിശ്ചയിച്ച സമയം 11 മണിയും 10.30ന് പരീക്ഷക്ക് എത്തിയവരുടെ ഹാജർ രേഖപ്പെടുത്തുന്ന സമയവുമാണ്. എന്നാൽ കനത്തമഴയും റോഡിലെ വെള്ളക്കെട്ടും കാരണം വാഹന യാത്രക്ക് തടസ്സം നേരിട്ടതിനാൽ പത്തോളം വിദ്യാർഥികൾ 10.40നാണ് എത്തിയത്. പ്രവേശനകവാടം 10.30നുതന്നെ അടച്ചതിനാൽ ഇവർക്ക് അകത്തുകയറാനായില്ല. കവാടം ചാടിക്കടന്ന് അകത്തു പ്രവേശിക്കാനുള്ള ശ്രമവും നടന്നില്ല. പരീക്ഷാർഥികളും രക്ഷിതാക്കളും ബഹളംവെച്ചെങ്കിലും ഫലമുണ്ടായില്ല.
പെയ്തിറങ്ങിയത് തകർപ്പൻ മഴ
കോഴിക്കോട്: കർക്കടകത്തിെൻറ സ്വഭാവം കാണിച്ച കന്നിമാസ മഴ ജില്ലയിൽ സംഹാരരൂപത്തോടെ പെയ്തിറങ്ങി. ചൊവ്വാഴ്ച രാവിലെ 8.30വരെ കഴിഞ്ഞ 24 മണിക്കൂറിൽ കോഴിക്കോട് താലൂക്കിൽ 22 സെൻറിമീറ്റർ മഴ കിട്ടി. വടകരയിലും െകായിലാണ്ടിയിലും 18 സെൻറിമീറ്ററും മഴ പെയ്തു. കക്കയം ഡാം പരിസരത്ത് ഒമ്പത് സെൻറിമീറ്ററാണ് മഴ കിട്ടിയത്. സാധാരണ കാലവർഷം അവസാനിക്കുന്ന സമയമാണിത്. പതിവില്ലാത്ത വിധം കനത്തമഴ തിങ്കളാഴ്ച രാവിലെ മുതലാണ് തുടങ്ങിയത്. തിങ്കളാഴ്ച മലയോരത്തായിരുന്നു മഴ ശക്തമായതെങ്കിൽ ചൊവ്വാഴ്ച കോഴിക്കോട് നഗരത്തിലടക്കം പെയ്തു.
ഈമാസം ഒന്നു മുതൽ 12 വരെ 11.8 സെൻറിമീറ്റർ മഴയാണ് ജില്ലയിൽ പ്രതീക്ഷിച്ചത്. എന്നാൽ, 37.7 സെൻറിമീറ്റർ പെയ്തു. 218 ശതമാനം അധികമഴയാണ് കിട്ടിയത്. സംസ്ഥാനത്ത് കഴിഞ്ഞ 12 ദിവസം ഏറ്റവും കൂടുതൽ മഴ ജില്ലയിലാണ് പെയ്തത്. അതേസമയം, ജൂൺ ഒന്നു മുതലുള്ള മൺസൂൺ സീസണിൽ പ്രതീക്ഷിച്ചതിലും 11 ശതമാനം മഴ കുറച്ചാണ് ജില്ലയിൽ പെയ്തത്. 257 സെൻറിമീറ്ററായിരുന്നു പ്രതീക്ഷിച്ചത്. 228 സെൻറിമീറ്ററാണ് കിട്ടിയത്.
കണ്ട്രോള് റൂമുകള്‍
താലൂക്കുകളില്‍ കണ്ട്രോള് റൂമുകള്‍ തുറന്നു. കോഴിക്കോട് -0495 2372966, കൊയിലാണ്ടി- 0496 2620235, വടകര- 0496 2522361, താമരശ്ശേരി- 0496 2223088, ജില്ല ദുരന്തനിവാരണ കണ്ട്രോള് റൂം- 0495 2371002. ടോള്‍ഫ്രീ നമ്പര്‍ - 1077.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.