കോഴിക്കോട്: സാധനങ്ങളുടെ വിലക്കയറ്റത്തിന്റെ പേരിൽ ഹോട്ടലുകളിൽ അമിത വിലവർധന. മലയാളികൾ ഏറ്റവും അധികം ഉപയോഗിക്കുന്ന ചായക്കുപോലും വില തോന്നിയപോലെ കൂട്ടുകയാണ് കച്ചവടക്കാർ. കടികൾക്കും ഊണിനും ഓരോ ഹോട്ടലിലും ഓരോ വിലയാണ്. ചായക്ക് 12 മുതൽ 15 വരെ എത്തിയിട്ടുണ്ട് വില. എട്ട്-പത്ത് രൂപക്ക് വിറ്റ കടികൾക്ക് 12 മുതൽ 15 രൂപ വരെയെത്തി. 50 രൂപയിൽ കുറഞ്ഞ ഊൺ വിരളമാണ്. സ്പെഷൽ വിഭവങ്ങൾക്കാണെങ്കിൽ വില കുത്തനെ കൂട്ടുകയാണ് ഹോട്ടലുകാർ. പൊരിച്ച മീൻ കൂട്ടി ചോറുണ്ണാൻ 100 രൂപ പോര. മീനിന് എത്രവില കുറഞ്ഞാലും പൊരിച്ചതിന് വില കുറയില്ല. ഇതുതന്നെയാണ് കോഴിവിഭവങ്ങളുടെയും അവസ്ഥ.
മസാല ദോശ, വട, ഇഡ്ലി തുടങ്ങിയ ഇനങ്ങൾക്കും വില കുത്തനെ കൂട്ടി. കടലക്കറിക്ക് 75 രൂപയും ജി.എസ്.ടിയും ഇൗടാക്കുന്ന ഹോട്ടലുകൾ ഉണ്ട്. ഒരുകിലോ കടലക്ക് 65 മുതൽ 75 രൂപവരെയാണ് വില. അപ്പോഴാണ് കടലക്കറി 75 രൂപക്ക് വിൽക്കുന്നത്. എന്നാൽ, മിതമായ വിലയീടാക്കി വിൽക്കുന്നവരുമുണ്ട്.
പാൽ വില വർധനയുടെ പേരിലാണ് ചായക്ക് കുത്തനെ വില കൂട്ടിയത്. ലിറ്ററിന് ആറ് രൂപയാണ് പാലിന് കൂടിയത്. അതിന് ചായക്ക് ഒന്നിന് രണ്ടുരൂപ കൂട്ടുന്നത് ന്യായീകരിക്കാനാവില്ലെന്ന് ഉപഭോക്താക്കൾ പറയുന്നു.
ബേക്കറികളിൽ ചായക്കും കടിക്കും തോന്നിയപോലെയാണ് വില. പഫ്സിന് 15 മുതൽ 20 രൂപ വരെ ഈടാക്കുന്നു. ഗുണനിലവാരം വളരെ മോശവുമാണ്. മൈദ ഉപയോഗിച്ചുള്ള പലഹാരമാണ് മിക്ക കടകളിലും. മൈദക്ക് കിലോക്ക് 40 രൂപയാണ് വില. കോവിഡ് കാലത്തിനുേശഷം നഗരത്തിലും നാട്ടിൻ പുറങ്ങളിലും ചായയും കടിയും വിൽക്കുന്ന കടകൾ പെരുകിയിട്ടുണ്ട്. ഇവിടങ്ങളിലൊന്നും വിലനിലവാരത്തിന് ഏകീകരണമില്ല. ഇത് പരിശോധിക്കാൻ അധികൃതർ തയാറാവുന്നുമില്ല.
പലഹാരങ്ങൾ ഉണ്ടാക്കി ഹോട്ടലുകളിലും മറ്റും സപ്ലൈ ചെയ്യുന്ന കേന്ദ്രങ്ങൾ ഉണ്ട്. ഇത്തരം കേന്ദ്രങ്ങളിൽ നിരന്തര പരിശോധന ആവശ്യമാണ്. പരാതികളുയരുമ്പോൾ മാത്രമാണ് ഇത്തരം കേന്ദ്രങ്ങളിൽ ഉദ്യോഗസ്ഥരുടെ ശ്രദ്ധ പതിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.