അവൾ നിറങ്ങൾ ചാലിച്ചപ്പോൾ കാൻവാസിൽ പിറന്നത് പ്രകൃതിയുടെ മനോഹര ദൃശ്യങ്ങൾ. ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ അനിത മേനോൻ എന്ന അതുല്യ കലാകാരിയുടെ 'ഹോപ് വിത്ത് ആർട്ട്' ചിത്രപ്രദർശനം ശ്രദ്ധേയമാവുകയാണ്. ഡൗൺസിൻഡ്രോം എന്ന രോഗത്തോടെ ജനിച്ചെങ്കിലും ജീവിതത്തോട് തോൽക്കാൻ അവൾ തയാറല്ല. തന്റെ കഴിവുകളിലൂടെ ഭിന്നശേഷിക്കാരോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാട് മാറ്റണമെന്നാണ് അനിതയുടെ ആഗ്രഹം.
കാൻവാസിൽ നേരിട്ട് പെയിന്റ് ചെയ്ത 48 ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. എല്ലാം പ്രകൃതിയുടെ മനോഹാരിത തെളിയിക്കുന്നവ. പ്രകൃതി ഭംഗിയെ അനിത തന്റേതായ ശൈലിയിലാണ് പകർത്തിയിരിക്കുന്നത്. മെക്സികോയിലെ ഒരു ആർട്ട് ഗാലറിയിൽ ഉൾപ്പെടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുമുണ്ട്.
മണ്ണിൽ തീർത്ത കരകൗശല വസ്തുക്കളും പ്രദർശനത്തിലുണ്ട്. ഇവിടെ തീരുന്നില്ല അനിതയുടെ ലക്ഷ്യങ്ങൾ. ലോകം അറിയപ്പെടുന്ന ഒരു മോഡലാവുകയെന്നതാണ് അവളുടെ ആഗ്രഹം. ഫ്രൈഡേ മാസികയിൽ മോഡലായത് ആ വലിയ ലക്ഷ്യത്തിന്റെ ആദ്യപടിയായിരുന്നു. പുണെയിലേയും ചെന്നൈയിലേയും ചില വസ്ത്ര കമ്പനികളുടെ മോഡലായിട്ടുമുണ്ട് ഈ മിടുക്കി. കല്ലായി സ്വദേശികളായ കെ.പി. രാംദാസിന്റെയും ഉഷ മേനോന്റെയും മകളാണ് അനിത.
അഞ്ചാം ക്ലാസ് വരെ കോഴിക്കോട്ട് പഠിച്ച് പിന്നീടവൾ രക്ഷിതാക്കളോടൊപ്പം ദുബൈയിലെത്തി. അവിടെ വെച്ചാണ് അനിത തന്റെ സ്വപ്നങ്ങൾ നെയ്തുതുടങ്ങിയത്. തിരിച്ച് നാട്ടിലെത്തിയശേഷം തന്റെ കഴിവുകൾ ഓരോന്നായി അവൾ പുറത്തെടുത്തു. 2021ലെ വേൾഡ് ഡൗൺസിൻഡ്രോം കോൺഗ്രസിൽ സെൽഫ് അഡ്വക്കറ്റായി അനിത പങ്കെടുത്തു.
സിനിമ അഭിനയവും അവളുടെ സ്വപ്നമാണ്. എല്ലാം സാധ്യമാക്കാൻ അച്ഛനും അമ്മയും കൂടെയുണ്ട്. രോഗത്തെ പരിമിതിയായി കാണാതെ തന്റെ സ്വപ്നങ്ങളെ ചേർത്തുപിടിക്കുകയാണ് അനിത.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.