കോഴിക്കോട്: വീടുകളിൽ ചെന്ന് ഖരമാലിന്യങ്ങൾ ശേഖരിക്കുന്ന 350ഓളം സ്ത്രീകളെ കണ്ടിൻജന്റ് ജീവനക്കാരായി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് കോർപറേഷൻ കൗൺസിലെടുത്ത തീരുമാനം സർക്കാർ അനുഭാവപൂർവം പരിഗണിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ.
ഇതുസംബന്ധിച്ചുള്ള സർക്കാർ നിലപാട് ഒരു മാസത്തിനുള്ളിൽ സമർപ്പിക്കണമെന്ന് കമീഷൻ ആക്ടിങ് ചെയർപേഴ്സനും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി. 2004 ഒക്ടോബർ മുതൽ ഇവർ കോർപറേഷനിൽ പ്രവർത്തിക്കുന്നു. ഖരമാലിന്യങ്ങൾ നീക്കം ചെയ്യുന്ന സ്ത്രീകൾക്ക് വീടുകളിൽനിന്ന് പ്രതിമാസം 30 രൂപ നിരക്കിൽ ഈടാക്കിയാണ് നൽകുന്നത്.
2014 നവംബർ 19ന് ചേർന്ന കൗൺസിൽ തീരുമാനപ്രകാരം പത്തു വർഷത്തിലധികമായി ഖരമാലിന്യ നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന കുടുംബശ്രീ അംഗങ്ങളെ നഗരസഭയുടെ ബദൽ തൊഴിലാളികളായി അംഗീകരിക്കാൻ തീരുമാനിച്ചു.
ഇക്കാര്യം ആവശ്യപ്പെട്ട് 2015 ഫെബ്രുവരിയിൽ തദ്ദേശ സ്വയം ഭരണ വകുപ്പ് സെക്രട്ടറിക്ക് കത്ത് നൽകി. എന്നാൽ, മറുപടി ലഭിച്ചില്ല. തുടർന്ന് 2017 ഫെബ്രുവരിയിൽ നഗരസഭ വീണ്ടും ഇക്കാര്യം പരിഗണിച്ച് മാർച്ചിൽ തദ്ദേശ വകുപ്പ് സെക്രട്ടറിക്ക് വീണ്ടും കത്ത് നൽകിയിരുന്നു.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന മാത്രമേ കണ്ടിൻജന്റ് ബദൽ തൊഴിലാളികളെ നിയമിക്കാവൂവെന്ന് സർക്കാർ ഉത്തരവുണ്ടെന്ന് നഗരസഭ സെക്രട്ടറി കമീഷനെ അറിയിച്ചു. പരാതിക്കാരുടെ ആവശ്യം തികച്ചും ന്യായമാണെന്ന് കമീഷന് ബോധ്യമായതായി കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു. റീന ജയാനന്ദും മറ്റുള്ളവരും ചേർന്ന് സമർപ്പിച്ച പരാതിയിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.