പറമ്പിൽ ബസാർ (കോഴിക്കോട്): പറമ്പിൽ ബസാറിലെ തുണിക്കട തീയിട്ട് നശിപ്പിച്ച സംഭവത്തിലെ പ്രധാനി പൊലീസ് പിടിയിലായതായി സൂചന. വാഹനത്തിലെത്തിയ അജ്ഞാത സംഘം പറമ്പിൽ ബസാർ ബസ് സ്റ്റാൻഡിനു സമീപത്തെ മമ്മാസ് ആൻഡ് പപ്പാസ് തുണിക്കടയാണ് ഏപ്രിൽ എട്ടിന് കത്തിച്ചത്. ഉദ്ഘാടനം കഴിഞ്ഞ് മൂന്നാം ദിവസമാണ് കടക്ക് തീയിട്ടത്.
പ്രതികളിൽ ചിലർ നിരീക്ഷണത്തിലാണ്. എട്ടിനു പുലർച്ച ഒന്നര മണിയോടെ പറമ്പിൽ ബസാർ ജങ്ഷൻ ഭാഗത്തുനിന്ന് പിക്കപ്പ് വാനിലെത്തിയ അജ്ഞാതരായ സംഘം കടക്കുമുന്നിൽ ചാക്കുകൾ കൂട്ടിയിട്ട് കന്നാസിൽനിന്ന് ഇന്ധനം ഒഴിക്കുന്നത് സമീപത്തെ കാമറയിൽ പതിഞ്ഞിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് ചേവായൂർ എസ്.ഐ അജീഷ് കുമാറിെൻറ നേതൃത്വത്തിൽ വിവിധ കാമറകൾ പരിശോധിച്ച് അന്വേഷണം നടത്തിയത്. വാഹനത്തെക്കുറിച്ചും കത്തിച്ച ആളെക്കുറിച്ചും നേരത്തേ സൂചന ലഭിച്ചിരുന്നു.
പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ പ്രചരിച്ചതോടെ നാട്ടിൽ നിന്നും മുങ്ങുകയായിരുന്നു. പ്രതിയുടെ നീക്കങ്ങൾ പൊലീസ് നിരീക്ഷിച്ച് കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിന് സമയമെടുക്കുകയായിരുന്നു. തീയിട്ടശേഷം ഒരാൾ ഓടുന്നതും വാഹനം നീങ്ങുന്നതും കാമറയിൽ പതിഞ്ഞിട്ടുണ്ട്. വ്യക്തി വൈരാഗ്യമായിരിക്കാം കട കത്തിക്കാൻ കാരണമെന്ന സൂചന കടയുടമ നിജാസ് നൽകിയിരുന്നു. സൈബർ സെല്ലിെൻറ സഹായത്തോടെയാണ് ചേവായൂർ പൊലീസ് അന്വേഷണം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.