കൊടുവള്ളി: ഫിഫ ലോകകപ്പ് ആവേശത്തിൽ ഫുട്ബാൾ ആരാധകർ ചെറുപുഴയിലെ പുള്ളാവൂർ കടവിൽ കട്ടൗട്ടുകൾ സ്ഥാപിച്ചതിനെതിരെ അഡ്വ. ശ്രീജിത്ത് പെരുമന നൽകിയ ഹരജി ഹൈകോടതി തള്ളി. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് മുരളി പുരുഷോത്തമൻ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹരജി തള്ളിയത്.
പുള്ളാവൂർ പുഴയിൽ ഫുട്ബാൾ ആരാധകർ സ്ഥാപിച്ച ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, നെയ്മർ എന്നിവരുടെ കട്ടൗട്ടുകളുടെ ചിത്രം ലോക ശ്രദ്ധനേടുകയും അന്തർദേശീയ ഫുട്ബാൾ ഫെഡറേഷൻ (ഫിഫ) അടക്കം ഇത് പങ്കുവെക്കുകയും കേരളത്തിലെ ഫുട്ബാൾ ആവേശം അന്തർദേശീയ മാധ്യമങ്ങളടക്കം വാർത്തയാക്കുകയും ചെയ്തിരുന്നു. ട്വിറ്റർ വഴിയാണ് ‘ഫിഫ ലോകകപ്പ് ജ്വരത്തിൽ കേരളം’ എന്ന കുറിപ്പോടെ ചിത്രം പങ്കുവെച്ചത്.
ലോകകപ്പ് പോലെയുള്ള വലിയ ആഘോഷങ്ങളുടെ കാലയളവിൽ ആളുകൾ ഇത്തരം ആരാധന പ്രകടിപ്പിക്കുന്നതിനെ നിയമവിരുദ്ധമായി കാണേണ്ടതുണ്ടോയെന്ന് ഹരജി പരിഗണിക്കവേ കോടതി വാക്കാൽ ചോദിച്ചു. പുഴയുടെ സ്വാഭാവികയൊഴുക്കിനെ തടസ്സപ്പെടുത്തുന്ന തരത്തിൽ കട്ടൗട്ടുകൾ സ്ഥാപിച്ചുവെന്നും എന്നാൽ, ജില്ല കലക്ടറും നഗരസഭയും പരാതിയിൽ തുടർനടപടികൾ സ്വീകരിച്ചില്ലെന്നുമായിരുന്നു ഹരജിയിലെ ആരോപണം.
എന്നാൽ, ഹരജി പരിഗണിച്ച ഡിസംബർ 20ന് മുമ്പുതന്നെ കട്ടൗട്ടുകൾ നീക്കം ചെയ്തുവെന്നും കട്ടൗട്ടുകൾ പുഴയുടെ നിരൊഴുക്കിനെ തടസ്സപ്പെടുത്തിയിരുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും നഗരസഭ കോടതിയിൽ വിശദീകരിച്ചു. അഡ്വ. മുഹമ്മദ് ശാഫി നഗരസഭക്കുവേണ്ടി ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.