കോഴിക്കോട്: കൂടത്തായി കൂട്ടക്കൊല പരമ്പരയിൽ റോയ് തോമസ് വധക്കേസിൽ 23ാം സാക്ഷി കൂടത്തായി അമ്പലക്കുന്നത്ത് കെ. അശോകന്റെ വിസ്താരം മാറാട് പ്രത്യേക അഡീഷനൽ സെഷൻസ് ജഡ്ജി എസ്.ആർ. ശ്യാംലാൽ മുമ്പാകെ ബുധനാഴ്ച നടന്നു. ആശാരിപ്പണിയാണെന്നും പൊന്നമറ്റം വീടിന് അടുത്താണ് താമസമെന്നും വീടിന്റെ ബാത്റൂമിന്റെ വാതിൽ പണിതത് താനാണെന്നും സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ. എൻ.കെ. ഉണ്ണികൃഷ്ണന്റെ വിസ്താരത്തിൽ അശോകൻ മൊഴി നൽകി.
2011 സെപ്റ്റംബർ 30ന് രാത്രി നേരത്തേ വിസ്തരിച്ച അയൽക്കാരനായ സാക്ഷി ബാവ, റോയി തോമസ് ബാത്റൂമിൽ കയറി കുറ്റിയിട്ടശേഷം തുറക്കുന്നില്ലെന്ന് അറിയിച്ചപ്രകാരം അദ്ദേഹത്തോടൊപ്പം ബൈക്കിലെത്തി ഉളികൊണ്ട് തിക്കി വാതിൽ തുറന്നു. നിലത്തു കിടന്ന റോയിയെ ഓമശ്ശേരി ശാന്തി ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മിംസ് ആശുപത്രിയിലും കൊണ്ടുപോകവെ കൂടെ പോയി.
പ്രതി ജോളിയും കൂടെ വന്നു. മിംസിൽ ഡോക്ടർ മരണം സ്ഥിരീകരിച്ചപ്പോൾ പോസ്റ്റ്മോർട്ടം വേണമെന്ന് ബന്ധു മഞ്ചാടിയിൽ മാത്യു പറഞ്ഞു. എന്നാൽ, ജോളി പോസ്റ്റ്മോർട്ടം ആവശ്യമില്ലെന്ന് പറഞ്ഞു. പിറ്റേന്ന് മിംസ് ആശുപത്രിയിൽ ഇൻക്വസ്റ്റ് സമയത്ത് പോവുമ്പോൾ പ്രതി ജോളിയെ വീട്ടിൽ കയറി കണ്ടു.
മരണത്തിൽ വിഷമമൊന്നും പ്രകടിപ്പിക്കാത്ത പ്രതി ഹൃദയസ്തംഭനം കാരണം മരിച്ചതിനാൽ പോസ്റ്റ്മോർട്ടം ചെയ്യേണ്ടിയിരുന്നില്ല, മൃതദേഹം കൊണ്ടുവന്നാൽ മതിയായിരുന്നുവെന്ന് അപ്പോഴും പറഞ്ഞുവെന്നുമാണ് മൊഴി. ജോളിയുടെ അഭിഭാഷകൻ അഡ്വ. ബി.എ. ആളൂർ മഹാരാഷ്ട്രയിലായതിനാൽ എതിർവിസ്താരം മാറ്റണമെന്ന് കാണിച്ച് അപേക്ഷ നൽകിയെങ്കിലും കോടതി തള്ളി.
ജോളിക്കൊപ്പം ആശുപത്രിയിൽനിന്നു തിരിച്ച് കൂടെ പോയ ഭാഗവും മറ്റും പറയുന്ന റിട്ട. അധ്യാപകൻ ആന്റണി കെ.ജെയടക്കമുള്ള സാക്ഷികളുടെ വിസ്താരമാണ് വ്യാഴാഴ്ച നിശ്ചയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.