കൂളിമാട്: കോഴിക്കോട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് ചാലിയാറിന് കുറുകെ കുളിമാട് കടവിൽ നിർമിക്കുന്ന പാലം പ്രവൃത്തി പൂർത്തിയാക്കി മേയ് അവസാനത്തോടെ ഗതാഗതത്തിന് തുറന്നുകൊടുക്കും. ദ്രുതഗതിയിലാണ് നിർമാണം പുരോഗമിക്കുന്നത്. 2016-2017 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ വകയിരുത്തിയ 25 കോടി രൂപ വിനിയോഗിച്ചാണ് പ്രദേശത്തുകാരുടെ ചിരകാല സ്വപ്നമായ പാലം പണിയുന്നത്. 2019 മാർച്ച് ഒമ്പതിന് മന്ത്രി ടി.പി. രാമകൃഷ്ണനാണ് പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചത്. നിർമാണം തുടങ്ങി ആഴ്ചകൾക്കകമുണ്ടായ പ്രളയത്തിൽ പ്രവൃത്തി തടസ്സപ്പെടുകയും നിർമാണത്തിനായി തയാറാക്കിയ സംവിധാനങ്ങൾക്ക് നാശം ഉണ്ടാകുകയും ചെയ്തു. പാലത്തിന്റെ ഉയരം പ്രളയ നിരപ്പിന് അനുസരിച്ച് വർധിപ്പിച്ചാണ് മാസങ്ങൾക്കുശേഷം നിർമാണം പുനരാരംഭിച്ചത്.
പുഴയിലെ തൂണുകളുടെയും ഇരു കരകളിലെയും കാലുകളുടെയും നിർമാണം നേരത്തെ പൂർത്തിയായിരുന്നു. ബീമുകളുടെ പണി അന്തിമഘട്ടത്തിലാണ്. പകുതിഭാഗത്തെ ബീം നിർമാണം പൂർത്തിയായി. ഇതിന്റെ കൂടെ തന്നെ സ്ലാബ് കോൺക്രീറ്റ് പ്രവൃത്തിയും നടക്കുന്നുണ്ട്.
കോഴിക്കോട് ജില്ലയുടെ ഭാഗമായ കൂളിമാട് ഭാഗത്തെ കലുങ്ക് നിർമാണം പൂർത്തിയായി. മലപ്പുറം ജില്ലയുടെ ഭാഗമായ മപ്രത്തെ കലുങ്ക് നിർമാണം ഉടൻ പൂർത്തിയാകും. നൂറോളം തൊഴിലാളികളാണ് വിവിധ ഭാഗത്തായി ജോലിചെയ്യുന്നത്. ഒരേ സമയം മൂന്നു സ്പാനുകളുടെ പ്രവൃത്തിയാണ് പുരോഗമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.