കൊച്ചി: കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ അറ്റകുറ്റപ്പണി നടത്താനുള്ള ബാധ്യത നടത്തിപ്പ് ഏറ്റെടുത്ത കരാറുകാർക്കാണെന്ന് കേരള ട്രാൻസ്പോർട്ട് ഡെവലപ്മെന്റ് ഫിനാൻസ് കോർപറേഷൻ (കെ.ടി.ഡി.എഫ്.സി) ഹൈകോടതിയിൽ വ്യക്തമാക്കി. കെട്ടിടത്തിന്റെ തകരാർ സംബന്ധിച്ച അറിവുണ്ടായിരുന്നില്ലെന്ന കരാറുകാരന്റെ വാദം തെറ്റാണെന്നും അറ്റകുറ്റപ്പണി നടത്തേണ്ടത് കരാറുകാരാണെന്ന് കരാറിൽ വ്യക്തമാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
ഐ.ഐ.ടിയുടെ ഇടക്കാല റിപ്പോർട്ടടക്കം കരാറുകാരുടെ ശ്രദ്ധയിൽപെടുത്തിയതിനുശേഷമാണ് കരാർ ഒപ്പിട്ടതെന്നും കെ.ടി.ഡി.എഫ്.സി വ്യക്തമാക്കിയിട്ടുണ്ട്. അറ്റകുറ്റപ്പണിയുടെ ഉത്തരവാദിത്തം തങ്ങൾക്കല്ലെന്നും കെ.ടി.ഡി.എഫ്.സിയും കെ.എസ്.ആർ.ടി.സിയുമാണ് നടത്തേണ്ടതെന്ന് ഉത്തരവിടണമെന്നും ആവശ്യപ്പെട്ട് കരാറുകാരായ അലിഫ് ബിൽഡേഴ്സ് നൽകിയ ഹരജിയിലാണ് കെ.ടി.ഡി.എഫ്.സി എതിർസത്യവാങ്മൂലം നൽകിയത്.
2018ൽ കെട്ടിടത്തിന് വിള്ളലുണ്ടായതിനെത്തുടർന്ന് മദ്രാസ് ഐ.ഐ.ടി നടത്തിയ പഠനത്തിൽ ഗുരുതര തകരാർ കണ്ടെത്തി. ഇതിനുശേഷമാണ് ടെർമിനൽ നടത്തിപ്പ് കരാർ നൽകിയത്. 2021 ആഗസ്റ്റ് 26 മുതൽ കെട്ടിടം കരാറുകാരുടെ ഉടമസ്ഥതയിലാണ്. കരാറുകാർ നികുതിയായി 50 ലക്ഷം രൂപ അടക്കാനുണ്ട്. വാടകയിനത്തിൽ മാത്രം കരാറുകാർക്ക് മാസം 20 ലക്ഷം രൂപ കിട്ടുന്നുണ്ടെങ്കിലും കെ.എസ്.ആർ.ടി.സിക്ക് നൽകേണ്ട 43.20 ലക്ഷം വീതം മാസ വാടകയും 2021 ഒക്ടോബർ മുതൽ നൽകുന്നില്ല. ഇത് മാത്രം 11.67 കോടി രൂപ വരുമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.