കോഴിക്കോട്: നഗരത്തിന്റെ കണ്ണായ ഭാഗത്ത് സർക്കാർ ഫണ്ടിൽനിന്ന് കോടികൾ ചെലവഴിച്ച് നിർമിച്ച മാവൂർ റോഡിലെ കെ.എസ്.ആർ.ടി.സി വ്യാപാര സമുച്ചയത്തിൽനിന്ന് കെട്ടിടം പാട്ടത്തിനെടുത്ത ആലിഫ് ബിൽഡേഴ്സിന് ലക്ഷങ്ങൾ വരുമാനം ലഭിക്കുമ്പോൾ കെ.ടി.ഡി.എഫ്.സിക്ക് കിട്ടുന്നത് വട്ടപ്പൂജ്യം.
വ്യാപാരസമുച്ചയം ബലപ്പെടുത്തി കൈമാറിയിട്ടില്ലെന്ന് ആലിഫ് അവകാശവാദം ഉന്നയിക്കുമ്പോഴും പാർക്കിങ് ഏരിയ, ശുചിമുറി, മുകൾനിലയിലെ കടമുറികൾ എന്നിവയിൽനിന്ന് മാസം തോറും 20 ലക്ഷത്തിലധികമാണ് ആലിഫിന് വരവ്. ഇതിൽനിന്ന് ഒരുരൂപപോലും കെ.ടി.ഡി.എഫ്.സിക്കോ കെ.എസ്.ആർ.ടി.സിക്കോ ലഭിക്കുന്നുമില്ല.
800ൽ അധികം ബൈക്കും 200ൽ അധികം കാറും പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യമാണ് ടെർമിനലിന്റെ താഴെ നിലയിലെ പാർക്കിങ് ഏരിയയിലുള്ളത്. ഇത് സദാ തിങ്ങിനിറഞ്ഞിരിക്കും. കാറിന് 60 രൂപയും ബൈക്കിന് 30 രൂപയുമാണ് മിനിമം ചാർജ്. ഈ ഇനത്തിൽതന്നെ ഒരുമാസം ചുരുങ്ങിയത് 10 ലക്ഷത്തോളം ആലിഫിന് വരുമാനം ലഭിക്കും. തിരക്കുള്ള ദിവസങ്ങളിൽ ശരാശരി 2000ത്തിന് മുകളിൽ വാഹനങ്ങൾവരെ ഇവിടെ പാർക്കിങ്ങിന് എത്തുന്നുണ്ടെന്ന് കെ.ടി.ഡി.എഫ്.സി ജീവനക്കാർതന്നെ പറയുന്നു.
ഇത്തരം ദിവസങ്ങളിൽ വരുമാനം 50000ത്തിന് മുകളിലെത്തും. ഒരുമണിക്കൂർ മാത്രം പാർക്കു ചെയ്താലും മിനിമം ചാർജ് ലഭിക്കും.
നിലവിലെ പാർക്കിങ് ഫീസ് വർധിപ്പിക്കാനാണ് ആലിഫ് നീക്കം നടത്തുന്നത്. നഗരത്തിലെ മറ്റ് പാർക്കിങ് കേന്ദ്രങ്ങളെ അപേക്ഷിച്ച് കെ.എസ്.ആർ.ടി.സി ടെർമിനലിലെ പാർക്കിങ് ഫീസ് കുറവാണെന്നും ഇത് വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കെ.ടി.ഡി.എഫ്.സിക്ക് ആലിഫ് കത്ത് അയച്ചിരിക്കുകയാണ്.
ശുചിമുറി ഇനത്തിലും മാസത്തിൽ ലക്ഷങ്ങളുടെ വരുമാനം സ്വകാര്യ കമ്പനിക്ക് ലഭിക്കുന്നുണ്ട്. ശുചിമുറി വാടക ആളൊന്നിന് രണ്ടുരൂപ എന്നത് ആലിഫ് അഞ്ചുരൂപയാക്കി ഉയർത്തിയിരുന്നു. സ്ത്രീകളിൽനിന്ന് ഒരാൾക്ക് അഞ്ച് രൂപയാണ് ഈടാക്കുന്നത്. എന്നാൽ, പുരുഷന്മാരിൽനിന്ന് യൂറിൻ പോട്ട് ഉപയോഗിക്കുന്നതിന് രണ്ടുരൂപയും ടോയ്ലറ്റ് ഉപയോഗിക്കുന്നതിന് 10 രൂപയുമാണ് ഈടാക്കുന്നത്.
ടോയ്ലറ്റ് ഉപയോഗിക്കുന്നതിന് അഞ്ചുരൂപയേ ഈടാക്കാവൂ എന്ന് കെ.ടി.ഡി.എഫ്.സി നിർദേശം നിലനിൽക്കെയാണ് അനധികൃതമായി 10 രൂപ ഈടാക്കുന്നതെന്നാണ് പരാതി. പൊതു ശുചിമുറികളുടെ അഭാവം അനുഭവപ്പെടുന്ന നഗരത്തിൽ അലഞ്ഞുതിരിയുന്നവരും സമീപത്തെ വ്യാപാരസ്ഥാപനങ്ങളിലെ തൊഴിലാളികളും യാത്രക്കാരും അടക്കം ആയിരക്കണക്കിനു പേരാണ് ശുചിമുറി ഉപയോഗിക്കുന്നത്.
10 ലക്ഷത്തിലധികം രൂപ ശുചിമുറി ചാർജ് ഇനത്തിലും ലഭിക്കുന്നുണ്ടത്രെ. മുകൾനിലയിലെ കെട്ടിടത്തിൽനിന്നുള്ള വരുമാനം വേറെയും. കെ.എസ്.ആർ.ടി.സിയുടെ കിണറിൽനിന്നാണ് ശുചിമുറിയിലേക്കും കടമുറികളിലേക്കും വെള്ളമെടുക്കുന്നതെങ്കിലും കെ.എസ്.ആർ.ടി.സിക്ക് നോക്കുകുത്തിയായി നിൽക്കാനേ സാധിക്കുന്നുള്ളൂ.
മടക്കിനൽകേണ്ടാത്ത 17 കോടി രൂപയും പ്രതിമാസം 43.20 ലക്ഷം രൂപ വാടകയും മൂന്നുവർഷം കൂടുമ്പോൾ വാടകയിനത്തിൽ 10 ശതമാനം വീതം വർധനയും എന്ന ഉപാധിയിലാണ് കെട്ടിടം പാട്ടത്തിന് നൽകിയത്. എന്നാൽ, കൈമാറ്റം കഴിഞ്ഞ് രണ്ടുവർഷം കഴിഞ്ഞിട്ടും ഒരുരൂപപോലും കെ.ടി.ഡി.എഫ്സിക്ക് വാടക ലഭിച്ചിട്ടില്ല.
കെട്ടിടം അറ്റകുറ്റപ്പണി ചെയ്ത് കൈമാറിയിട്ടില്ലെന്ന് കാണിച്ച് ആലിഫ് കോടതിയെ സമീപിച്ചെങ്കിലും കെട്ടിടം കൈമാറിയിട്ടുണ്ടെന്നാണ് കെ.ടി.ഡി.എഫ്.സി കോടതിയിൽ നൽകിയ വിശദീകരണം. 17 കോടിയിൽ ഒമ്പതു കോടി രൂപ മാത്രമാണ് ആലിഫ് കെ.ടി.ഡി.എഫ്.സിക്ക് കൈമാറിയത്. 75 കോടി രൂപ ചെലവിലുള്ള ബഹുനില കെട്ടിടത്തിന്റെ നിർമാണം 2009ൽ ആരംഭിച്ച് 2015ൽ പൂർത്തിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.