കുന്ദമംഗലം: ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് അംഗം കെ.കെ.സി. നൗഷാദ് തന്റെ വാർഡിലെ ജനങ്ങളുമൊത്ത് ബംഗളൂരുവിലേക്ക് ബസ്-ട്രെയിൻ-വിമാന യാത്ര സംഘടിപ്പിക്കുന്നു. ഞായറാഴ്ച രാത്രി എട്ടു മണിക്ക് കുന്ദമംഗലം ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് എം.കെ. രാഘവൻ എം.പി ഫ്ലാഗ് ഓഫ്ചെയ്യുന്ന യാത്ര ബസ് മാർഗം നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പുറപ്പെടും.
മൂന്ന് ബസുകളിലായി യാത്ര ആരംഭിക്കുന്ന 160 അംഗ സംഘം അവിടെനിന്ന് മൂന്ന് വിമാനങ്ങളിലായി ബംഗളൂരു വിമാനത്താവളത്തിൽ തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെ എത്തിച്ചേരും. അവിടെ ഏർപ്പാടാക്കിയ ബസുകളിൽ ആദ്യം കെ.എം.സി.സിയുടെ ബംഗളൂരുവിലെ ശിഹാബ് തങ്ങൾ സെന്റർ ഫോർ ഹ്യുമാനിറ്റി ഓഫിസിലേക്ക് പോകുകയും അവിടെവെച്ച് പ്രാഥമിക കർമങ്ങളും മറ്റും നിർവഹിക്കുകയും ചെയ്യും. പ്രഭാത ഭക്ഷണവും അവിടെനിന്ന് കഴിച്ചശേഷം മഹാനഗരത്തിലെ കാഴ്ച കാണാനിറങ്ങും.
കർണാടക നിയമസഭയായ വിധാൻ സൗധയിലേക്കാണ് സംഘം ആദ്യം യാത്രതിരിക്കുന്നത്. അവിടെ കർണാടക നിയമസഭ സ്പീക്കർ യു.ടി. ഖാദർ ഇവരെ സ്വീകരിക്കും. തുടർന്ന് നിയമസഭ സന്ദർശിച്ചശേഷം കബൺ പാർക്കിലേക്ക് പോകും. ഉച്ചഭക്ഷണം കെ.എം.സി.സി വളന്റിയർമാർ അവിടെ എത്തിച്ച് വിതരണം ചെയ്യും.
പിന്നീട് മെട്രോ റെയിൽ, ഗൃഹോപകരണശാലയുടെ മാൾ എന്നിവയും സമയം ലഭിക്കുന്ന മുറക്ക് മറ്റ് ഇടങ്ങളും സന്ദർശിക്കും. യാത്രാസംഘം തിരിച്ചു രാത്രിയിൽ ബംഗളൂരു റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരും. കെ.എം.സി.സി വളന്റിയർ സംഘം രാത്രിഭക്ഷണം അവിടെവെച്ച് വിതരണം ചെയ്യും.
ട്രെയിനിൽ ചൊവ്വാഴ്ച രാവിലെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ തിരിച്ചെത്തും. തന്റെ വാർഡിലെ ഒരുപാട് സാധാരണക്കാർ വിമാനയാത്ര നടത്തിയിട്ടില്ലെന്നും അവരുടെ സ്വപ്നം സാക്ഷാത്കരിക്കാനാണ് യാത്രയെന്നും കെ.കെ.സി. നൗഷാദ് ‘മാധ്യമ’ത്തോട് പറഞ്ഞു.
കഴിഞ്ഞ തവണ വാർഡിൽനിന്ന് ഊട്ടിയിലേക്ക് നൗഷാദ് യാത്ര സംഘടിപ്പിച്ചിരുന്നു. ഒരാൾക്ക് മൊത്തം ചെലവ് 5000 രൂപ വരുമെങ്കിലും 1000 രൂപ മെംബറുടെ സബ്സിഡി കഴിച്ചാൽ ഒരാൾക്ക് 4000 രൂപയാണ് ചെലവ് വരുന്നത്. സാധാരണക്കാരന് താങ്ങുന്ന യാത്രച്ചെലവും നൽകി ആകാശയാത്രക്ക് പുറപ്പെടാൻ തയാറെടുക്കുകയാണ് എട്ടാം വാർഡിലെ ജനങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.