കുന്ദമംഗലം: മണ്ഡലത്തില്‍ മത്സ്യഫെഡിന്റെ സഞ്ചരിക്കുന്ന മത്സ്യവിപണന വാഹനമായ ‘അന്തിപ്പച്ച’ യൂനിറ്റ് ആരംഭിക്കുന്നതിന് 18 ലക്ഷം രൂപ അനുവദിച്ചതായി പി.ടി.എ. റഹീം എം.എല്‍.എ അറിയിച്ചു. എം.എല്‍.എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതിക്കുള്ള തുക അനുവദിച്ചിട്ടുള്ളത്.
ഭക്ഷ്യസുരക്ഷ ഉറപ്പാക്കി ഗുണനിലവാരമുള്ള മത്സ്യം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിനാണ് സഞ്ചരിക്കുന്ന മത്സ്യവിപണന ശാലയായ അന്തിപ്പച്ച യൂനിറ്റ് ആരംഭിക്കുന്നത്. അതത് ദിവസത്തെ മത്സ്യം അന്നന്നു തന്നെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കിക്കൊണ്ട് മത്സ്യവിപണനം നടത്തുന്ന മൊബൈല്‍ യൂനിറ്റായാണ് അന്തിപ്പച്ച പ്രവര്‍ത്തിക്കുക.
പച്ചമത്സ്യത്തിന് പുറമെ മത്സ്യ അച്ചാറുകള്‍, മത്സ്യ കട്ലറ്റ്, റെഡി ടു ഈറ്റ് ചെമ്മീന്‍ റോസ്റ്റ്, ചെമ്മീന്‍ ചമ്മന്തിപ്പൊടി, റെഡി ടു കുക്ക് വിഭവങ്ങളായ മത്സ്യ കറിക്കൂട്ടുകള്‍, ഫ്രൈ മസാല എന്നിവയും അന്തിപ്പച്ച വാഹനത്തില്‍ ലഭ്യമാക്കും. ശുദ്ധമായ മത്സ്യത്തിന്റെ ലഭ്യതയും സ്വാദിഷ്ഠമായ മത്സ്യ ഉൽപന്നങ്ങളുടെ വൈവിധ്യവും ഗുണമേന്മയും ശുചിത്വവുമാണ് അന്തിപ്പച്ച യൂനിറ്റ് ഉപഭോക്താക്കള്‍ക്ക് ഉറപ്പുനല്‍കുന്നത്. മത്സ്യത്തിന്റെ ലഭ്യത ഉറപ്പുവരുത്തി വിപണനം നടത്തുന്നതിനുള്ള പൂര്‍ണ ഉത്തരവാദിത്തം മത്സ്യഫെഡിനാണ്.
കുന്ദമംഗലം മണ്ഡലത്തിലെ ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ള മത്സ്യം കൃത്യമായ തൂക്കത്തിലും ന്യായവിലയിലും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന അന്തിപ്പച്ച വാഹനം പ്രവര്‍ത്തനക്ഷമമാക്കുന്നതിലൂടെ മണ്ഡലത്തിലെ മൂന്നു യുവതീയുവാക്കള്‍ക്ക് മാന്യമായ വേതനത്തോടെ തൊഴില്‍ ലഭ്യമാക്കാന്‍ സാധിക്കുമെന്നും എം.എല്‍.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.