കുന്ദമംഗലം: നോട്ടീസ് ലഭിക്കാത്തതിനാൽ എ.ഐ കാമറയിൽ വന്ന പിഴ അറിയാതെ ഭീമൻ തുക അടക്കേണ്ട ഗതികേടിൽ കുന്ദമംഗലം മർകസ് പരിസരത്തെ ഓട്ടോ-ടാക്സി ഡ്രൈവർമാർ. ജൂൺ, ജൂലൈ മാസത്തിലെ നിയമലംഘനത്തിന് വന്ന പിഴത്തുക അറിയുന്നത് ആഗസ്റ്റ് മാസത്തിലാണെന്ന് ഡ്രൈവർമാർ പറയുന്നു. വെബ്സൈറ്റിൽ നോക്കിയപ്പോഴാണ് വലിയ തുക പിഴയായി അടക്കാനുണ്ടെന്ന് പലരും അറിയുന്നത്. 5000 രൂപ മുതൽ 24,000 രൂപ വരെ പിഴ അടക്കേണ്ടവരുണ്ട്.
സീറ്റ് ബെൽറ്റ് ഇടാത്തതിനാണ് എല്ലാവർക്കും പിഴയടക്കേണ്ടത്. പിഴ വന്നതറിയാതെ പോയ പലർക്കും 20 തവണ വരെ നിയമലംഘനം നടത്തിയതായാണ് രണ്ടു മാസങ്ങൾക്കിപ്പുറം സന്ദേശം ലഭിക്കുന്നത്. പിഴ എന്തിനാണ് വന്നതെന്ന് ആദ്യമേ അറിഞ്ഞിരുന്നെങ്കിൽ ഇത്രയും വലിയ തുക അടക്കേണ്ടിവരില്ലായിരുന്നുവെന്ന് ഓട്ടോ ഡ്രൈവർമാർ പറയുന്നു.
ഒരു ദിവസം ഓട്ടോ ഓടിയാൽ പലർക്കും ലഭിക്കുന്നത് തുച്ഛമായ തുകയാണ്. അതിനിടെ ഇത്രയും വലിയ തുക എങ്ങനെ അടക്കുമെന്ന് അറിയാതെ ബുദ്ധിമുട്ടുകയാണ് ഡ്രൈവർമാർ. ഇത്രയും വലിയ പിഴത്തുക അധികൃതർ ഒഴിവാക്കിത്തരുകയോ ഇളവ് നൽകുകയോ ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം. എന്നാൽ, വാഹന ഉടമസ്ഥരുടെ നമ്പർ മാറിപ്പോയതായിരിക്കാം പിഴ അറിയിപ്പ് ലഭിക്കാതെ പോയതെന്ന് അധികൃതർ പറഞ്ഞു.
കഴിഞ്ഞ ജൂൺ അഞ്ചു മുതലാണ് എ.ഐ കാമറകൾ കണ്ടെത്തുന്ന ഗതാഗത നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കിത്തുടങ്ങിയത്. റോഡിലെ നിയമലംഘനം കണ്ടെത്താന്‍ 675 എ.ഐ കാമറയും അനധികൃത പാര്‍ക്കിങ് കണ്ടെത്താന്‍ 25 കാമറയും ചുവപ്പ് സിഗ്നല്‍ പാലിക്കുന്നുണ്ടോയെന്ന് കണ്ടെത്താന്‍ 18 കാമറയുമാണ് സ്ഥാപിച്ചിരുന്നത്.
മുക്കം: മോട്ടോർ വാഹന വകുപ്പിന്റെ കൈപ്പിഴയിൽ ആളുമാറി വാഹന ഉടമക്ക് പിഴ നോട്ടീസ്. കാരശ്ശേരി പഞ്ചായത്തിലെ വല്ലത്തായ്പാറ ഒ.മുഹമ്മദ് ഫസലിന്റെ ഭാര്യ പി. ഫാത്തിമ മുഫീദക്കാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്. കോഴിക്കോട് ജില്ലയിലെ കാക്കൂരിൽ ഹെൽമെറ്റ് വെക്കാതെ വാഹനമോടിച്ചതിന് 500 രൂപ പിഴയടക്കണമെന്ന് കാണിച്ചാണ് ഇവർക്ക് നോട്ടീസ് ലഭിച്ചിരിക്കുന്നത്.
എന്നാൽ ഭാര്യയുടെ പേരിലുള്ള സ്കൂട്ടർ പുറത്തേക്കൊന്നും അധികം കൊണ്ടുപോകാറില്ലെന്നും സംശയം തോന്നി നോട്ടീസ് പരിശോധിച്ചപ്പോഴാണ് പിഴവ് ശ്രദ്ധയിൽപെട്ടതെന്നും മുഹമ്മദ് ഫസൽ പറഞ്ഞു. കെ.എൽ 57 ജെ 5326 ആണ് ഇദ്ദേഹത്തിന്റെ വാഹനത്തിന്റെ നമ്പർ. എന്നാൽ പിഴ ഈടാക്കിയ നോട്ടീസിൽ ഉള്ള വാഹനത്തിന്റെ നമ്പർ കെ.എൽ 57 ജെ 9326 ആണ്. നമ്പറിലെ ഒരക്കത്തിന് മാത്രമാണ് മാറ്റമുള്ളത്.
എ.ഐ കാമറക്കോ നോട്ടീസ് തയാറാക്കിയ ഉദ്യോഗസ്ഥർക്കോ പിഴവ് പറ്റിയതാകാമെന്നാണ് സൂചന. യമഹയുടെ റേ എന്ന വാഹനമാണ് മുഹമ്മദ് ഫസൽ ഉപയോഗിക്കുന്നത്. പിഴ നോട്ടീസിലുള്ള വാഹനം ആക്ടിവയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.