കുന്ദമംഗലം: ഈ നോമ്പുകാലത്തും ചേവായൂർ സർക്കാർ ത്വക്ക് രോഗ ആശുപത്രിയിൽ നോമ്പ് തുറ വിഭവങ്ങൾ എത്തിക്കാൻ സാധിച്ചതിന്റെ ആത്മനിർവൃതിയിലാണ് കുന്ദമംഗലം പന്തീർപ്പാടം സ്വദേശി കായക്കൽ അഷ്‌റഫും കുടുംബവും. പന്ത്രണ്ട് വർഷമായി ആശുപത്രിയിലെ അന്തേവാസികൾക്ക് റമദാൻ മാസത്തിൽ നോമ്പുതുറ വിഭവങ്ങൾ എത്തിച്ചു നൽകുകയാണ് ഇദ്ദേഹം.
ദിവസവും വൈകുന്നേരം ഭക്ഷണ വിഭവങ്ങളുമായി ത്വക്ക് രോഗ ആശുപത്രിയിലെ രോഗികളുടെ അടുത്തേക്ക് വരും. ഒരുമിച്ചിരുന്ന് കഴിക്കും. വർഷങ്ങൾക്ക് മുമ്പ് ഒരു നോമ്പ് ദിവസം ആശുപത്രി സന്ദർശിച്ചതാണ് അഷ്‌റഫിന്റെ ഈ പുണ്യപ്രവൃത്തിക്ക് പ്രചോദനമായത്. അന്തേവാസികൾ ഉച്ചക്ക് ലഭിച്ചിരുന്ന ഭക്ഷണം എടുത്തുവെച്ച് വൈകുന്നേരം നോമ്പ് തുറക്കുന്ന സമയത്ത് കഴിക്കുന്നത് അന്ന് ശ്രദ്ധയിൽപെട്ടു. ഇതോടെ ആശുപത്രിയിൽ നോമ്പ് തുറ വിഭവങ്ങൾ എത്തിക്കാൻ തീരുമാനമെടുക്കുകയായിരുന്നു.
ആദ്യകാലത്ത് കോഴിക്കോടുനിന്ന് ഭക്ഷണം വാങ്ങിക്കൊടുക്കാറായിരുന്നു. പിന്നീട് സ്വന്തം വീട്ടിൽ നിന്ന് പാകം ചെയ്ത് കൊണ്ടുവരലാക്കി. അഷ്‌റഫിന്റെ സേവനത്തിന് വീട്ടുകാരും സുഹൃത്തുക്കളും നാട്ടുകാരും പിന്തുണ നൽകുന്നു. പെരുന്നാൾ, വിഷു, ഓണം തുടങ്ങി എല്ലാ വിശേഷ ദിവസങ്ങളിലും ആശുപത്രിയിൽ ഭക്ഷണ വിഭവങ്ങളും, വസ്ത്രങ്ങളും അഷ്റഫ് എത്തിച്ചു നൽകുന്നു. ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലും ടി.വി, ഫാൻ മുതലായവയും, മരുന്നുകളും എത്തിച്ചു നൽകുന്നതിലും ഈ ശ്രദ്ധയുണ്ട്.
നാട്ടിലെ നിർധന രോഗികൾക്ക് മരുന്ന് എത്തിക്കുന്നത് ഉൾപ്പെടെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ് അഷ്‌റഫ്. കഷ്ടപ്പെടുന്നവരെയു ദരിദ്രരെയും അകറ്റി നിർത്താതെ അവരെ നമ്മളിലൊരാളായിക്കണ്ട് അവർക്ക് സഹായങ്ങൾ എല്ലാവരും എത്തിക്കണമെന്നാണ് അഷ്‌റഫിന് പറയാനുള്ളത്. ഭാര്യ സൈനബ, മക്കൾ ജസ്ന, ഷഫീഖ്, ഹെന്നത്ത്, മരുമകൾ ഷാന എന്നിവർ ഈ പ്രവർത്തനങ്ങൾക്ക് അഷ്റഫിന് കൂടെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.