ആയിശ ഇസ്സയെ പിതാമഹൻ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാർ അഭിനന്ദിക്കുന്നു

പത്താം വയസ്സില്‍ ഖുര്‍ആന്‍ മനഃപാഠമാക്കി ആയിശ ഇസ്സ

പൂനൂർ: പത്താം വയസ്സില്‍ ഖുര്‍ആന്‍ മനഃപാഠമാക്കി നാലാം ക്ലാസുകാരി ആയിശ ഇസ്സ. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസിയുടെ മകള്‍ അസ്മയുടെയും പൂനൂര്‍ മങ്ങാട് വൈലാങ്കര വി.എം. റഷീദ് സഖാഫിയുടെയും മകളാണ് ആയിശ. ഇത്രയും ചെറുപ്പത്തില്‍ ഖുര്‍ആന്‍ മനഃപാഠമാക്കിയ പെണ്‍കുട്ടികള്‍ സംസ്ഥാനത്ത് അപൂര്‍വമാണ്.

മൂന്നാം വയസ്സു മുതല്‍ പൂനൂര്‍ ഇശാഅത്തില്‍ സഹ്‌റത്തുല്‍ ഖുര്‍ആന്‍ പഠനത്തിന് ചേര്‍ന്നിരുന്നുവെങ്കിലും കോഴ്‌സിന്റെ ഭാഗമായി ഒരു ജുസുഅ് (ഭാഗം) മാത്രമാണ് പഠിച്ചിരുന്നത്. പിന്നീട് ഇശാഅത്ത് പബ്ലിക് സ്‌കൂളിലായിരുന്നു പഠനം. കോവിഡ് കാലത്ത് ഉമ്മ അസ്മയില്‍നിന്ന് ഇമാം ശാഫിഈയെക്കുറിച്ച് കേട്ട ചരിത്ര ഭാഗങ്ങളാണ് ഇസ്സക്ക് പ്രചോദനമായത്. ഏഴാം വയസ്സില്‍ ഇമാം ശാഫിഈക്ക് ഖുര്‍ആന്‍ മുഴുവന്‍ മനഃപാഠമാക്കാന്‍ കഴിഞ്ഞെങ്കില്‍ തനിക്ക് എന്തുകൊണ്ട് സാധിക്കില്ല എന്നതായിരുന്നു ആയിശ ഇസ്സയുടെ ചോദ്യം.

ഖുര്‍ആന്‍ പാരായണശാസ്ത്രത്തില്‍ അതീവ താൽപര്യമുള്ള ഉമ്മ അസ്മ വീട്ടില്‍വെച്ച് നൂറോളം സ്ത്രീകള്‍ക്ക് മൂന്നു ബാച്ചുകളായി ക്ലാസെടുക്കുന്നുണ്ട്. ഇതും ആയിശയുടെ പഠനത്തെ സ്വാധീനിച്ചു. തുടര്‍ന്ന് പിതാവ് റഷീദ് സഖാഫിയുടെകൂടി പിന്തുണയോടെ ഒന്നര വര്‍ഷത്തെ പ്രയത്‌നത്തിനൊടുവിലാണ് തജ്‌വീദ് (ഖുര്‍ആന്‍ പാരായണ ശാസ്ത്രം) പ്രകാരം ആയിശ ഇസ്സ ഖുര്‍ആന്‍ പൂര്‍ണമായും മനഃപാഠമാക്കിയത്. പിതാവ് റഷീദ് സഖാഫി കാരന്തൂര്‍ മര്‍കസ് അസിസ്റ്റന്റ് മാനേജറാണ്.

കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരുടെ പേരമകളുടെ മകൾ കൂടിയായ ആയിശ ഇസ്സ ഖുര്‍ആന്‍ ഭാഗങ്ങള്‍ പൂര്‍ണമായും അദ്ദേഹത്തെ ഓതിക്കേള്‍പ്പിച്ചു. പ്ലസ് വണ്‍ വിദ്യാര്‍ഥിനി ഫാത്തിമ ഹബീബ, ഏഴാം ക്ലാസുകാരി നഫീസ സന എന്നിവര്‍ സഹോദരിമാരാണ്. സ്‌കൂള്‍പരീക്ഷകളിലും ആയിശക്ക് മികച്ച മാര്‍ക്കുണ്ട്. ഉജ്ജ്വല നേട്ടം കൈവരിച്ച ആയിശയെ ഇശാഅത്ത് പബ്ലിക് സ്‌കൂള്‍ മാനേജ്‌മെന്റ് കൗണ്‍സില്‍ അഭിനന്ദിച്ചു.

Tags:    
News Summary - Ayesha Issa memorized the Qur'an at the age of ten

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.