സി.ഡബ്യൂ.ആർ.ഡി.എം–വരിയട്ട്യാക്കിൽ–താമരശ്ശേരി റോഡ്

സി.ഡബ്യൂ.ആർ.ഡി.എം–വരിയട്ട്യാക്കിൽ–താമരശ്ശേരി റോഡ്

കുന്ദമംഗലം: സി.ഡബ്യു.ആർ.ഡി.എം- വരിയട്ട്യാക്കിൽ- താമരശ്ശേരി റോഡിന്റെ ബാക്കി പ്രവൃത്തി ടെൻഡർ ചെയ്തതായി പി.ടി.എ. റഹീം എം.എൽ.എ അറിയിച്ചു. നേരത്തെ 36 കോടി കിഫ്‌ബി മുഖേന അനുവദിക്കുകയും നാഥ് കൺസ്ട്രക്ഷൻസിന് കരാർ നൽകുകയും ചെയ്തിരുന്നു.

2018 ഫെബ്രുവരി 11ന് പ്രവൃത്തി ഉദ്ഘാടനം നടത്തി ആരംഭിച്ച റോഡ് നവീകരണം ഒന്നാംഘട്ട ടാറിങ്ങും അനുബന്ധമായുള്ള മറ്റ് പ്രവൃത്തികളും മാത്രം നടത്തിയ ശേഷം തുടരുന്നതിൽ കരാറുകാർ വീഴ്ചവരുത്തുകയും തുടർന്ന് കരാറുകാരനെ നഷ്ടോത്തരവാദിത്തത്തിൽ ഒഴിവാക്കുകയുമായിരുന്നു.

ബി.സി. ടാറിങ് ഉൾപ്പെടെയുള്ള പ്രസ്തുത റോഡിന്റെ ബാക്കി പ്രവൃത്തികൾക്ക് തയാറാക്കിയ ഒമ്പതു കോടിയുടെ പദ്ധതിയാണ് ഇപ്പോൾ ടെൻഡർ ചെയ്ത് കരാറുകാരനെ ഏൽപിച്ചത്. ബാബ്സ് കൺസ്ട്രക്ഷൻസ് കാസർഗോഡ് ആണ് ബാക്കി പ്രവൃത്തികൾക്കുള്ള കരാർ എടുത്തിട്ടുള്ളത്.

ജില്ലയിൽനിന്നും ഉയർന്ന നിലവാരത്തിലേക്ക് പരിഷ്കരിക്കുന്നതിന് സർക്കാർ തീരുമാനിച്ച മൂന്ന് പ്രധാന റോഡുകളിലൊന്നാണ് സി.ഡബ്യു.ആർ.ഡി.എം- വരിയട്ട്യാക്കിൽ-താമരശ്ശേരി റോഡ്. ഈ റോഡിന്റെ രണ്ടാംഘട്ട വികസനത്തിന് 30 കോടിയുടെ എസ്റ്റിമേറ്റ് തയാറാക്കി കെ.ആർ.എഫ്.ബി മുഖേന ഭരണാനുമതിക്കായി സമർപ്പിച്ചിട്ടുണ്ട്.

കുന്ദമംഗലം ജങ്ഷനിലെ ഗതാഗതക്കുരുക്കിന് പരിഹാരമുണ്ടാക്കുക എന്നത് മുഖ്യ ലക്ഷ്യമാക്കി ആരംഭിച്ച ഈ റോഡിന്റെ വികസന പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതോടെ കോഴിക്കോട് സിറ്റിയിൽനിന്നും പനത്തുതാഴം സി.ഡബ്യു.ആർ.ഡി.എം റോഡ് വഴി വയനാട് ഭാഗത്തേക്ക് എളുപ്പത്തിൽ പോകാൻ ഈ പാത സഹായകമാവും.

കുന്ദമംഗലം സി.ഡബ്യു.ആർ.ഡി.എമ്മിൽനിന്ന് ആരംഭിച്ച് നാഷനൽ ഹൈവേ 766ൽ താമരശ്ശേരിയിൽ അവസാനിക്കുന്ന ഈ റോഡ് പെരിങ്ങൊളം, വരിയട്ട്യാക്ക്, പിലാശ്ശേരി, മാനിപുരം വഴിയാണ് എൻ.എച്ചിൽ സന്ധിക്കുന്നത്. റോഡിന്റെ ആകെ നീളം 17.8 കിലോ മീറ്ററാണ്.

സമാന്തര റോഡുകളുടെ നവീകരണം പൂർത്തീകരിച്ച് ഗതാഗതം സുഗമമാക്കുകയെന്ന ലക്ഷ്യം മുൻനിർത്തി മണ്ഡലത്തിൽ നടത്തിവരുന്ന പ്രവൃത്തികളിൽ മുഖ്യ ശ്രദ്ധ നൽകിവരുന്ന ഒരു റോഡ് പ്രവൃത്തിയാണ് സി.ഡബ്യു.ആർ.ഡി.എം വരിട്ട്യാക്കിൽ താമരശ്ശേരി റോഡെന്നും പി.ടി.എ റഹീം എം.എൽ.എ പറഞ്ഞു.

Tags:    
News Summary - CWRDM-variyattyakkil-thamarasseri- road tender

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.