കുന്ദമംഗലം: ഉപജില്ല വിദ്യാഭ്യാസ ഓഫിസിന് പിന്നിൽ പതിവായി മാലിന്യം തള്ളുന്നതായി പരാതി. ഓഫിസ് ജീവനക്കാർക്ക് ഇത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും സാമൂഹിക വിരുദ്ധർ കൊണ്ടിടുന്നതിനാൽ ദുർഗന്ധം വമിക്കുന്നുണ്ട്. പലവിധ പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്ന കാലത്ത് ഇത് ഓഫിസ് ജീവനക്കാർക്കും മറ്റും ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.
പ്ലാസ്റ്റിക് കവറുകളിൽ കെട്ടിയാണ് മാലിന്യം തള്ളുന്നത്. ഈ മാലിന്യം മഴ നനഞ്ഞും അല്ലാതെയും കവറുകൾ പൊട്ടി ചിതറിക്കിടക്കുകയാണ്. വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റു മാലിന്യങ്ങളും പലയിടത്തും കുമിഞ്ഞുകൂടുകയാണ്. പ്ലാസ്റ്റിക് കവറുകളിൽ മഴവെള്ളം നിറഞ്ഞ് കൊതുക് നിറയുന്നുണ്ട്. ചാക്കുകളിലും പ്ലാസ്റ്റിക് കവറുകളിലുമൊക്കെ നിറച്ച് മാലിന്യങ്ങൾ രാത്രിയിലാണ് ഇവിടെ നിക്ഷേപിക്കാൻ സാധ്യതയെന്ന് അധികൃതർ പറയുന്നു. രാത്രിയിൽ പ്രദേശത്ത് വെളിച്ചമില്ലാത്തതിനാൽ ജനങ്ങൾ പെട്ടെന്ന് കാണാൻ സാധ്യത കുറവായ സ്ഥലമാണ് ഇത്. നിരവധി സർക്കാർ സ്ഥാപനങ്ങളും ഗ്രാമപഞ്ചായത്ത് ഓഫിസും കെ.എസ്..ഇ.ബി ഓഫിസും ഇതിനടുത്താണ് സ്ഥിതി ചെയ്യുന്നത്.
ഓഫിസിൽ തങ്ങളുടെ ജോലി ചെയ്യാൻ പ്രയാസമാണെന്നും മഴയിലും കാറ്റിലും മാലിന്യത്തിന്റെ മണം അസഹനീയമാണെന്നും ഉപജില്ല വിദ്യാഭ്യാസ ഓഫിസർ കെ.ജെ. പോൾ പറഞ്ഞു. അധികാരികൾക്ക് പരാതി നൽകാനൊരുങ്ങുകയാണ് ഓഫിസ് ജീവനക്കാർ. അതേസമയം, ഇത് റവന്യൂ വകുപ്പിന്റെ കീഴിലുള്ള ഭൂമിയാണെന്നും മാലിന്യം തള്ളുന്നത് ശ്രദ്ധയിൽപെട്ടപ്പോൾ മൂന്നുതവണ ഹരിതകർമ സേനയുടെ നേതൃത്വത്തിൽ സൗജന്യമായി മാലിന്യം നീക്കം ചെയ്തിരുന്നുവെന്നും പഞ്ചായത്ത് അധികൃതർ പറഞ്ഞു. ഇവിടെ ഇനിയും മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. അനിൽകുമാർ ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.