കുന്ദമംഗലം: വയനാട്ടിലെ നെന്മേനി പഞ്ചായത്തിലെ ചുള്ളിയോട് കോളിമൂല ആദിവാസി ഊരിലെ 57 കുടുംബങ്ങൾക്ക് ഓണക്കിറ്റും അവിടത്തെ സാമൂഹിക പഠനമുറിയിൽ വായനശാല സ്ഥാപിക്കാനായി ഷെൽഫും പുസ്തകങ്ങളും എത്തിച്ചുനൽകി പെരിങ്ങൊളം ഗവ. ഹയർ സെക്കൻഡറി എൻ.എസ്.എസ് യൂനിറ്റ്. പതിനാല് ഐറ്റം ഉൾപ്പെടുന്ന എഴുനൂറ് രൂപയുടെ ഓണക്കിറ്റാണ് നൽകിയത്.
കുട്ടികൾ വീടുകൾ കയറി ശേഖരിച്ച പഴയ പുസ്തകങ്ങൾക്കൊപ്പം പതിനായിരം രൂപയുടെ പുതിയ പുസ്തകങ്ങളും പുസ്തക ഷെൽഫും ഒപ്പം നൽകി. ഊരു മൂപ്പന് കുട്ടികൾ ഓണക്കോടിയും നൽകി. അവിടത്തെ സാമൂഹിക പഠനമുറിയുടെ ഓണാഘോഷത്തിൽ പങ്കെടുത്തതിനുശേഷമാണ് വളന്റിയർമാർ മടങ്ങിയത്. സ്ക്രാപ്പ് ചലഞ്ചും നൂറു രൂപ ചലഞ്ചും നടത്തി സ്വരൂപിച്ച പൈസയും മധ്യവേനലവധിക്കാലത്ത് വത്തക്കാവെള്ളത്തിനും സർബത്തിനുമായി ഇട്ട കടയിൽ നിന്നു കിട്ടിയ ലാഭവുമാണ് പരിപാടിക്കായി ഉപയോഗിച്ചത്.
‘സ്നേഹയാത്ര’യുടെ ഫ്ലാഗ് ഓഫ് അഡ്വ. പി.ടി.എ. റഹിം എം.എൽ.എ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് പി. റഷീദ്, വൈസ് പ്രസിഡന്റ് വി.പി. ലെനീഷ്, എസ്.എം.സി ചെയർമാൻ ശബരി മുണ്ടക്കൽ, ആർ.വി. ജാഫർ, പ്രിൻസിപ്പൽ ഇ. സിന്ധു, എൻ.എസ്.എസ് ക്ലസ്റ്റർ കോഓഡിനേറ്റർമാരായ സില്ലി ബി. കൃഷ്ണൻ, പി.കെ. സുധാകരൻ എന്നിവർ സംസാരിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ രതീഷ് ആർ. നായർ സ്വാഗതവും വളന്റിയർ ലീഡർ പി.കെ. അമാൻ അഹമ്മദ് നന്ദിയും പറഞ്ഞു. ഊരിൽ നടന്ന ചടങ്ങിൽ സാമൂഹിക പ്രവർത്തക അമ്മിണി വയനാട്, പെരിങ്ങൊളം ഗവ. ഹയർ സെക്കൻഡറി അധ്യാപികമാരായ സിനി സൂസൻ മത്തായി, എ.എം. ദീപ, എസ്.ടി പ്രമോട്ടർ എൻ.വി. വിഷ്ണു, ഊരുമൂപ്പൻ വെള്ളി, കമ്യൂണിറ്റി ലീഡർ കുഞ്ഞമ്മ, സാമൂഹിക പഠന കേന്ദ്രം അധ്യാപികമാരായ കെ.എസ്. സുധിഷ്ണ, മഞ്ജു, ജിഷ്ണു തുടങ്ങിയവർ പങ്കെടുത്തു. വളന്റിയർ ലീഡർമാരായ പി. ശ്രേയ, മുഹമ്മദ് നാസിൽ, പി. നിയ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.