കുന്ദമംഗലം: ചാത്തമംഗലം പഞ്ചായത്തിലെ ചൂലൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കച്ചവട സ്ഥാപനങ്ങളിൽ പരിശോധന നടത്തി. കട്ടാങ്ങൽ, ചാത്തമംഗലം, പുള്ളാവൂർ, കളൻതോട് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. ഹോട്ടലുകൾ, ബേക്കറി, കൂൾബാർ, അന്തർ സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലങ്ങൾ, സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി. കുടിവെള്ള പരിശോധന നടത്താത്തതും ശുചിത്വ പോരായ്മകൾ ഉള്ളതും ഹെൽത്ത് കാർഡ് ഇല്ലാത്തതുമായ മൂന്ന് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. പൊതുസ്ഥലത്ത് പുകവലിച്ചവരിൽനിന്ന് പിഴയീടാക്കുകയും ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ സിജു കെ. നായർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എം. സുധീർ, കെ.പി. അബ്ദുൽ ഹക്കീം, കെ. സുധ, എൻ.കെ. നവ്യ എന്നിവർ നേതൃത്വം നൽകി.
കൂടരഞ്ഞി: ഹെൽത്തി കേരള /മാലിന്യ മുക്തം നവകേരളം പദ്ധതികളുടെ ഭാഗമായി ആരോഗ്യ വകുപ്പിന്റെയും പഞ്ചായത്ത്തല പരിശോധന സ്ക്വാഡിന്റെയും നേതൃത്വത്തിൽ പഞ്ചായത്തിലെ കച്ചവട സ്ഥാപനങ്ങളിൽ ആരോഗ്യ ശുചിത്വ പരിശോധന നടത്തി. കൂമ്പാറ, മരഞ്ചാട്ടി, ആനയോട് ഭാഗങ്ങളിലാണ് ശുചിത്വ പരിശോധന നടത്തിയത്. പഞ്ചായത്ത് ലൈസൻസ്, ഭക്ഷണം കൈകാര്യം ചെയ്യുന്നവർക്കുള്ള ഹെൽത്ത് കാർഡ്, പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനുള്ള ഹരിത കർമ സേന കാർഡ്, പുകയില നിരോധന ബോർഡ്, പരിസര ശുചിത്വം എന്നിവ പരിശോധിച്ചു കച്ചവട സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നോട്ടീസ് നൽകി.
നാല് കടകൾക്ക് പിഴ ചുമത്തി, ഹെൽത്ത് ഇൻസ്പെക്ടർ സി. രാജീവൻ നേതൃത്വം നൽകി, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ജാവിദ് ഹുസൈൻ, ജെ.എച്ച്.ഐ സന്ദീപ്, രിതേഷ്, വർഷ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. വൃത്തി ഹീനമായ സാഹചര്യത്തിൽ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന മുഴുവൻ സ്ഥാപനങ്ങൾക്കെതിരെയും കർശന നിയമനടപടി സ്വീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത്, ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
തിരുവമ്പാടി: ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ തിരുവമ്പാടിയിലെ കച്ചവട സ്ഥാപനങ്ങളിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തി. ലൈസൻസ്, ഹെൽത്ത് കാർഡ്, കുടിവെള്ള പരിശോധന റിപ്പോർട്ട് എന്നിവ ഹാജരാക്കാത്തതും ശുചിത്വ മാനദണ്ഡങ്ങളും പുകയില നിയന്ത്രണ നിയമവും പാലിക്കാത്തതുമായ നാല് സ്ഥാപനങ്ങൾക്ക് പിഴയും ആറു സ്ഥാപനങ്ങൾക്ക് നോട്ടീസും നൽകി.
മഞ്ഞപ്പിത്തം ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ കൂടിവരുന്ന സാഹചര്യത്തിൽ ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്തതും മറ്റ് നിയമലംഘനങ്ങൾ നടത്തുന്നതുമായ സ്ഥാപനങ്ങൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. കെ.വി. പ്രിയ അറിയിച്ചു. പരിശോധനക്ക് ഹെൽത്ത് ഇൻസ്പെക്ടർ എം. സുനീർ, എസ്.എം. അയന, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ. ഷാജു, കെ. ബി. ശ്രീജിത്ത്, പി.പി. മുഹമ്മദ് ഷമീർ, യു.കെ. മനീഷ, ശരണ്യ ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.