കുന്ദമംഗലം: മാതൃഭാഷയായ മലയാളത്തെ സ്നേഹിക്കുകയും പുതുതലമുറക്ക് പകർന്നുകൊടുക്കുകയും ചെയ്യുന്ന ഒരു മാതൃക അധ്യാപകനുണ്ട് കുന്ദമംഗലം പൈങ്ങോട്ടുപുറത്ത്. ദേശീയ അധ്യാപക അവാർഡ് ലഭിച്ച കുറിഞ്ഞൻകോട്ട് മനയിൽ നാരായണൻ നമ്പൂതിരി എന്ന കെ.എൻ. നമ്പൂതിരി.
നാട്ടുകാരുടെ പ്രിയപ്പെട്ട നമ്പൂതിരി മാഷ്. 1965ൽ ദേവഗിരി സേവിയോ ഹൈസ്കൂളിൽ മാതൃഭാഷ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച കെ.എൻ. നമ്പൂതിരി തുടർന്ന് ജെ.ഡി.ടിയിൽ ദീർഘകാലം അധ്യാപകനായി സേവനമനുഷ്ഠിച്ചു. 1998ലാണ് അധ്യാപനവൃത്തിയിൽനിന്ന് വിരമിച്ചത്.
1980 മുതൽ കേരള അസോസിയേഷൻ ഫോർ നോൺ ഫോർമൽ എജുക്കേഷൻ ആൻഡ് ഡെവലപ്മെന്റിൽ അംഗമായ കെ.എൻ. നമ്പൂതിരി സാക്ഷരത പ്രവർത്തനങ്ങൾക്ക് മുന്നിൽനിന്ന് പ്രവർത്തിച്ചു. ജന ശിക്ഷൻ സൻസ്തൻ (ജെ.എസ്.എസ്), ഭാരത് സേവക് സമാജ് (ബി.എസ്.എസ്) എന്നീ സംഘടനകളും സമ്പൂർണ സാക്ഷരതക്ക് വേണ്ടി ഇദ്ദേഹത്തിന്റെ സംഘടനയോടൊപ്പം പ്രവർത്തിച്ചു. സർക്കാറിന്റെ സമ്പൂർണ സാക്ഷരതയുടെ പ്രൈമർ എഴുതിയിട്ടുണ്ട്.
നല്ല അധ്യാപകനുള്ള ദേശീയ അവാർഡ് അന്നത്തെ രാഷ്ട്രപതി ഡോ. ശങ്കർ ദയാൽ ശർമയിൽനിന്ന് 1995ൽ ഏറ്റുവാങ്ങി. കോഴിക്കോട് ജില്ലയിലെ ഏറ്റവും മികച്ച സാക്ഷരത പ്രവർത്തകനായി സംസ്ഥാന സർക്കാർ 2013ൽ തിരഞ്ഞെടുത്തു. എൻ.സി.ഇ.ആർ.ടിയുടെ കേരളത്തിൽ നടത്തിയ വിദ്യാഭ്യാസ ഉപന്യാസ മത്സരത്തിൽ 1978ൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.
എസ്.സി.ഇ.ആർ.ടിയുടെ മലയാള പാഠപുസ്തകങ്ങൾ എഴുതുന്നതിന് അവസരം ലഭിച്ചിട്ടുണ്ട്. നിരവധി ആനുകാലികങ്ങളിലും പാഠക്കുറിപ്പുകളിലും ഇദ്ദേഹത്തിന്റെ ഭാഷാപരമായ സാമർഥ്യം ഉപയോഗിച്ചിട്ടുണ്ട്. ആകാശവാണിയിൽ മാതൃഭാഷയിൽ ഏറ്റവുമധികം റേഡിയോ ക്ലാസ് എടുത്തിട്ടുണ്ട് കെ.എൻ. നമ്പൂതിരി. ഇത് 1975 മുതൽ 1996 വരെ തുടർന്നു.
മംഗൾ പാണ്ഡെയുടെ കഥ മലയാളത്തിൽ ‘ആദ്യാധ്യായ നായകന്മാർ’ എന്ന പേരിൽ റേഡിയോയിൽ ക്ലാസായി അവതരിപ്പിച്ചു. അധ്യാത്മ രാമായണത്തിന്റെ അർഥവും വ്യാഖ്യാനവും മലയാളത്തിൽ എഴുതുകയും ചെയ്തിട്ടുണ്ട് കെ.എൻ. നമ്പൂതിരി. പ്രായം 80 ആയെങ്കിലും ഇപ്പോഴും പ്രദേശത്തെ പെയിൻ ആൻഡ് പാലിയേറ്റിവ് പ്രവർത്തനങ്ങളിൽ സജീവമാണ്. ഭാര്യ: നളിനി അന്തർജനം. മക്കൾ: സന്തോഷ് ബാബു (ദുബൈയിൽ എൻജിനീയർ), സജീഷ് നാരായൺ (പ്ലസ് ടു മലയാളം അധ്യാപകൻ). മരുമകൾ: ഡോ. എ.എം. റീന (ശ്രീകൃഷ്ണ കോളജ് ഗുരുവായൂർ മലയാളം അധ്യാപിക).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.