കുന്ദമംഗലം: കോടികളുടെ വെട്ടിപ്പ് നടന്ന കുന്ദമംഗലം അർബൻ കോഓപറേറ്റിവ് സൊസൈറ്റിയിൽ അന്വേഷണ റിപ്പോർട്ട് വന്ന് മാസങ്ങളായിട്ടും നടപടിയില്ല. 600 നിക്ഷേപകരുടെ ഏഴു കോടി രൂപ എന്തായെന്നതിൽ ഒരു വിവരവുമില്ല. പലിശയും മുതലും ഇല്ലാതായി നിക്ഷേപകർ പരാതിപ്പെട്ടതിനെ തുടർന്നാണ് സഹകരണ വകുപ്പ് അന്വേഷണം നടത്തിയത്. 2002ൽ തുടങ്ങിയ സൊസൈറ്റി അന്ന് മുതൽ ഭരണം നടത്തുന്നത് യു.ഡി.എഫ് ആണ്.
തുടക്കത്തിൽ നല്ല നിലയിൽ പോയിരുന്ന സംഘത്തിൽ 2008 ൽ പ്രതിസന്ധി തുടങ്ങിയെങ്കിലും പുറംലോകം അറിഞ്ഞില്ല. സൊസൈറ്റി കുത്തഴിഞ്ഞതിനെ തുടർന്ന് സ്ഥാപന നടത്തിപ്പുകാർ തന്നെ പണം തട്ടിയെടുക്കുന്നതിൽ എത്തുകയായിരുന്നെന്ന് നിക്ഷേപകർ പറയുന്നു. മൂന്നരക്കോടി യാണ് ഇവിടെ നിന്ന് വായ്പയായി നൽകിയിട്ടുള്ളത്.
നിക്ഷേപമായി സ്വീകരിച്ച ഏഴു കോടിയിൽ മൂന്നരക്കോടി കഴിഞ്ഞാൽ ബാക്കിയുള്ള മൂന്നര കോടി രൂപ 2018 ആയപ്പോഴേക്കും എവിടെപ്പോയി എന്നറിയാത്ത അവസ്ഥയിലായി. രണ്ട് നിക്ഷേപകർ സൊസൈറ്റി സെക്രട്ടറിക്കും ഭരണസമിതിക്കുമെതിരെ കുന്ദമംഗലം െപാലീസിൽ നൽകിയ പരാതിയിൽ അന്വേഷണം നടക്കുന്നുണ്ട്. അതിനിടെ സൊസൈറ്റിയിലെ അറ്റൻഡർ ഒന്നേകാൽ കോടി രൂപ തട്ടിയതായി സെക്രട്ടറിയും പ്രസിഡന്റും പൊലീസിൽ പരാതി നൽകുകയും ചെയ്തു. ഇവരെ പിരിച്ചുവിടുകയും ചെയ്തു. അറ്റാൻഡറായി ജോലി ചെയ്തിരുന്ന സ്ത്രീയെ ഈ കേസിൽ കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്യുകയും ജാമ്യത്തിൽ വിടുകയും ചെയ്തു. നിക്ഷേപകർ ഒത്തുചേർന്ന് രൂപവത്കരിച്ച കർമസമിതി നേതൃത്വത്തിൽ വായ്പ എടുത്തവരുടെ പട്ടിക സംഘടിപ്പിച്ച് 17.83 ലക്ഷം രൂപ സൊസൈറ്റിയിൽ തിരിച്ചടപ്പിച്ചു.
ഇതിൽ നിന്ന് 48 പേർക്കായി അവരുടെ നിക്ഷേപത്തിെൻറ തോതനുസരിച്ച് തിരിച്ചു നൽകാമെന്ന് സംഘം ഭരണസമിതി ഉറപ്പ് നൽകിയിരുന്നു.ഇതു പ്രകാരം ചെക്കും നൽകി.എന്നാൽ പണം പിൻവലിക്കാനാവുന്നതിെൻറ തലേ ദിവസം രണ്ട് ചെക്ക് ബുക്കുകൾ നഷ്ടപ്പെട്ടെന്ന് സെക്രട്ടറി പൊലീസിൽ പരാതി നൽകി അക്കൗണ്ട് മരവിപ്പിച്ച് വഞ്ചിക്കുകയാണ് ചെയ്തതെന്ന് ആക്ഷൻ കമ്മിറ്റി കൺവീനർ കോട്ടിയേരി അബ്ദുൽ ഖാദർ മാസ്റ്റർ പറയുന്നു.
വർഷന്തോറുമുള്ള ഓഡിറ്റിൽ സംഘം ലാഭത്തിലാണെന്ന് കൃത്രിമമായി രേഖപ്പെടുത്തുന്നത് ഇവിടെ പതിവായിരുന്നേത്ര. പാപ്പരായ സംഘത്തിൽ ഏറ്റവും ഒടുവിൽ നടന്ന ഓഡിറ്റിലും ലാഭമാണെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സഹകരണ വകുപ്പിൽ നൽകിയ പരാതിയിൽ ജോ.രജിസ്ട്രാർ നടത്തിയ അന്വേഷണത്തെ തുടർന്നുള്ള റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങളാണുള്ളത്. ജില്ല കലക്ടറുടെ നിർദേശപ്രകാരം തുടരന്വേഷണത്തിനായി ജോ. രജിസ്ട്രാർ സംസ്ഥാന സഹകരണ വിജിലൻസ് വിഭാഗത്തിന് റിപ്പോർട്ട് കൈമാറിയതായാണ് അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.