കുന്ദമംഗലം: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന കുന്ദമംഗലം മണ്ഡലത്തിലെ നവകേരള സദസ്സിനുള്ള ഒരുക്കം പൂര്‍ത്തിയായി. അയ്യായിരം പേര്‍ക്ക് ഇരിക്കാനുള്ള സംവിധാനവും 40 പേര്‍ക്കുള്ള സ്റ്റേജും 30 അടി നീളത്തില്‍ വിഡിയോ വാളും ഉള്‍പ്പെടെയുള്ള സൗകര്യങ്ങളാണ് കുന്ദമംഗലം ഹയര്‍ സെക്കൻഡറി സ്കൂളില്‍ ഒരുക്കിയ പന്തലില്‍ സജ്ജീകരിച്ചിട്ടുള്ളത്.
പന്തലിന് പുറത്ത് അയ്യായിരം പേര്‍ക്ക് പരിപാടി വീക്ഷിക്കുന്നതിന് അഞ്ച് എല്‍.ഇ.ഡി വാളുകളും തയാറാക്കിയിട്ടുണ്ട്. ഞായറാഴ്ച വൈകീട്ട് മൂന്നിന് സ്വാഗത നൃത്തത്തോടുകൂടി ആരംഭിക്കുന്ന നവകേരള സദസ്സില്‍ നാടന്‍പാട്ട്, കളരിപ്പയറ്റ് തുടങ്ങിയ കലാപരിപാടികളും അരങ്ങേറും. പി.ടി.എ. റഹീം എം.എല്‍.എ അധ്യക്ഷതവഹിക്കും. എ.ഡി.എം സി. മുഹമ്മദ് റഫീഖ് സ്വാഗതം പറയും.
മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പുറമെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ല പഞ്ചായത്ത് അംഗങ്ങൾ എന്നിവര്‍ക്കുള്ള സീറ്റുകളാണ് സ്റ്റേജില്‍ ഒരുക്കിയത്. ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെയാണ് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സ്റ്റേജിലേക്ക് ആനയിക്കുന്നത്.
പൊതുജനങ്ങളില്‍നിന്ന് പരാതികള്‍ സ്വീകരിക്കുന്നതിന് 25 കൗണ്ടറുകളാണ് തയാറാക്കിയത്. ഭിന്നശേഷി വിഭാഗം, സീനിയര്‍ സിറ്റിസണ്‍, സ്ത്രീകള്‍ എന്നിവര്‍ക്കായി എട്ട് കൗണ്ടറുകളും പൊതുവിഭാഗത്തിന് 17 കൗണ്ടറുകളുമാണ് ഉണ്ടാകുക. പന്തലിന്റെ രണ്ട് ഭാഗങ്ങളിലായി തയാറാക്കിയ എല്ലാ കൗണ്ടറിലും മുഴുവന്‍ വകുപ്പുകളിലേക്കുമുള്ള പരാതികള്‍ സ്വീകരിച്ച് റസീറ്റ് നല്‍കും. രണ്ട് മണിക്ക് ആരംഭിക്കുന്ന കൗണ്ടറിന്റെ പ്രവര്‍ത്തനം മുഖ്യമന്ത്രിയും മന്ത്രിമാരുമടങ്ങിയ നവകേരള സദസ്സ് ഔദ്യോഗികമായി ആരംഭിക്കുന്നതോടെ നിര്‍ത്തിവെക്കും.
പിന്നീട് മന്ത്രിതല സദസ്സ് തീര്‍ന്നശേഷം മുഴുവന്‍ പേരുടെയും പരാതികള്‍ വാങ്ങി ടോക്കണ്‍ നമ്പര്‍ നല്‍കിയശേഷം മാത്രമേ കൗണ്ടറുകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയുള്ളൂ.
ഫയര്‍ഫോഴ്സ്, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കൊപ്പം പരിപാടിക്ക് എത്തുന്നവര്‍ക്കുള്ള നിർദേശങ്ങള്‍ നല്‍കുന്നതിന് പൊലീസ്, എസ്.പി.സി, സന്നദ്ധ പ്രവര്‍ത്തകർ തുടങ്ങിയവരടങ്ങിയ വളന്റിയര്സേനയും പ്രത്യേക ഹെല്പ് ഡെസ്കും ഉണ്ടാകും. പരിപാടിക്കുശേഷം ഹരിത കര്‍മസേനയുടെ നേതൃത്വത്തില്‍ ശുചീകരണം നടത്തുന്നതിനും സംവിധാനമൊരുക്കിയിട്ടുണ്ട്. പരിപാടിക്ക് എത്തുന്നവരുടെ വാഹനങ്ങള്‍ ആളുകളെ ഗ്രൗണ്ടിന് സമീപം ഇറക്കിയശേഷം വിവിധ ഭാഗങ്ങളിലായി ഒരുക്കിയ സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യണം.
മുക്കം: തിരുവമ്പാടി നിയോജക മണ്ഡലം നവകേരള സദസ്സ് ഞായറാഴ്ച രാവിലെ മുക്കം ഓർഫനേജ് ഒ.എസ്.എ ഓഡിറ്റോറിയത്തിന് സമീപം പ്രത്യേകം തയാറാക്കിയ പന്തലിൽ നടക്കുമെന്ന് സംഘാടകസമിതി ഭാരവാഹികൾ അറിയിച്ചു. 10,000 പേർക്ക് ഇരിക്കാവുന്ന പന്തലാണ് തയാറാക്കിയത്.
തുരങ്കപാതയുടെ മാതൃകയിലാണ് പന്തലിലേക്കുള്ള പ്രവേശന കവാടം ഒരുക്കിയത്. തുരങ്കപാത നിർമിക്കുന്ന കൊങ്കൺ റെയിൽവേ കോർപറേഷനാണ് മിനിയേച്ചർ കവാടം നിർമിച്ചിരിക്കുന്നത്. രാവിലെ ഒമ്പതിന് കലാപരിപാടികളോടെ ചടങ്ങ് ആരംഭിക്കും. 10.15ന് കലാപരിപാടി അവസാനിക്കും. 10.30ന് മന്ത്രിമാരുടെ ആദ്യ സംഘം എത്തുന്നതോടെ ചടങ്ങുകൾക്ക് ഔപചാരികമായി തുടക്കമാകും. പിന്നീട് മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരുമെത്തും.
രാവിലെ എട്ടിന് നിവേദനങ്ങൾ സ്വീകരിക്കാനുള്ള കൗണ്ടറുകൾ പ്രവർത്തനം ആരംഭിക്കും. വയോജനങ്ങൾ, ഭിന്നശേഷിക്കാർ, വനിതകൾ എന്നിവർക്ക് പ്രത്യേക കൗണ്ടറുകൾ ഉൾപ്പെടെ 15 കൗണ്ടറുകളാണ് ഉണ്ടാകുക. കൂടാതെ ഹെൽപ് ഡെസ്കും ഉണ്ടാവും. പൂർണമായും ഗ്രീൻ പ്രോട്ടോകോൾ പാലിച്ചായിരിക്കും സദസ്സ് നടക്കുക. എൻ.എസ്.എസ്, എൻ.സി.സി, ഹരിത കർമ സേന, സിവിൽ ഡിഫൻസ്, സന്നദ്ധ സംഘടനകൾ ഉൾപ്പെടുന്ന 500 വളന്റിയർമാർ പരിപാടി നിയന്ത്രിക്കും.
തൃക്കുടമണ്ണ ക്ഷേത്രത്തിലേക്കുള്ള റോഡ് മുതൽ വേദിവരെ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ആനയിച്ചു കൊണ്ടുവരും. വാർത്തസമ്മേളനത്തിൽ ലിന്റോ ജോസഫ് എം.എൽ.എ, ടി. വിശ്വനാഥൻ, വി.കെ വിനോദ്, മുക്കം മുഹമ്മദ്, പി.ടി ബാബു, നോഡൽ ഓഫിസർ കെ. വിനയരാജ്, നഗരസഭ സെക്രട്ടറി പി.ജെ ജസിത, കെ. മോഹനൻ, കെ. ഷാജി കുമാർ, ഗോൾഡൻ ബഷീർ, നാസർ ചെറുവാടി എന്നിവർ പങ്കെടുത്തു.
മുക്കം: ഞായറാഴ്ച മുക്കത്ത് നടക്കുന്ന തിരുവമ്പാടി മണ്ഡലം നവകേരള സദസ്സ് വേദിയിലേക്ക് മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരുമെത്തുക ‘തുരങ്ക പാതയിലൂടെ’. മുക്കം ഓര്‍ഫനേജ് ഒ.എസ്.എ ഓഡിറ്റോറിയത്തിന് സജ്ജീകരിച്ച വേദിയുടെ പ്രവേശന കവാടത്തിലാണ് നിര്‍ദിഷ്ട ആനക്കാംപൊയില്‍-കള്ളാടി- മേപ്പാടി തുരങ്കപാതയുടെ മിനിയേച്ചര്‍ ഒരുക്കിയത്.
യഥാര്‍ഥ തുരങ്ക പാതയിലൂടെ സഞ്ചരിക്കുന്ന അനുഭവം ആളുകള്‍ക്ക് ഒരുക്കിയാണ് മിനിയേച്ചറിന്റെ നിർമാണം. മുഖ്യമന്ത്രിയും മന്ത്രിമാരും പൊതുജനങ്ങളും തുരങ്കപാത കടന്നാണ് വിശാലമായ പന്തലിലേക്ക് എത്തേണ്ടത്. സംസ്ഥാനത്തിന് പൊതുവേയും മലബാർ മേഖലക്ക് പ്രത്യേകിച്ചും സമഗ്രവികസനത്തിന് കാരണമാകുന്ന തുരങ്കപാത സ്ഥലമേറ്റെടുപ്പ് ആരംഭിച്ച് പ്രവൃത്തി ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ പൂർണശ്രദ്ധ പദ്ധതിയിലേക്കെത്തിക്കലും സംഘാടകരുടെ ലക്ഷ്യമാണ്.
തുരങ്ക പാതയുടെ നിർമാണ കമ്പനിയായ കൊങ്കൺ റെയിൽവേ കോർപറേഷൻ ലിമിറ്റഡ് നേരിട്ടാണ് മിനിയേച്ചര്‍ നിർമിക്കുന്നത്. 35 മീറ്റര്‍ നീളത്തില്‍ ഇരട്ട തുരങ്കങ്ങളാണ് മിനിയേച്ചറില്‍ ഒരുക്കിയത്. അവസാനഘട്ട മിനുക്കുപണി നടന്നുകൊണ്ടിരിക്കുന്ന മിനിയേച്ചര്‍ കാണാന്‍ നിരവധിയാളുകളാണ് എത്തുന്നത്.
ഓമശ്ശേരി: നവകേരള സദസ്സ് സംഘടിപ്പിക്കാനായി തനതു ഫണ്ടില്‍നിന്നും പണം നൽകണമെന്ന ഉത്തരവ് അംഗീകരിക്കാനാവില്ലെന്ന് ഓമശ്ശേരി പഞ്ചായത്ത് ഭരണസമിതി. ബജറ്റ് വിഹിതം പോലും ലഭിക്കാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പാടുപെടുമ്പോൾ ധൂർത്തിന് പണം നൽകില്ലെന്ന് കഴിഞ്ഞദിവസം ചേർന്ന പഞ്ചായത്ത് ഭരണസമിതി യോഗം തീരുമാനിച്ചു.
പത്തൊമ്പതംഗ ഭരണസമിതിയിൽ നാലിനെതിരെ 13 അംഗങ്ങളുടെ പിന്തുണയോടെയാണ് തീരുമാനമെടുത്തത്. യു.ഡി.എഫിലെ 12 അംഗങ്ങളും ഒരു സ്വതന്ത്രാംഗവും പണം അനുവദിക്കരുതെന്നാവശ്യപ്പെട്ടപ്പോൾ എൽ.ഡി.എഫിലെ നാലംഗങ്ങൾ വിയോജിച്ചു. എൽ.ഡി.എഫിലെ രണ്ടംഗങ്ങൾ ഭരണസമിതി യോഗത്തിലെത്തിയില്ല.
പ്രസിഡന്റ് പി. അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഫാത്വിമ അബു, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. കരുണാകരൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സീനത്ത് തട്ടാഞ്ചേരി, അംഗങ്ങളായ എം.എം. രാധാമണി, സൈനുദ്ദീൻ കൊളത്തക്കര, ഒ.പി. സുഹറ, എം. ഷീജ ബാബു, പി.കെ. ഗംഗാധരൻ, സി.എ. ആയിഷ, അശോകൻ പുനത്തിൽ, ഇബ്രാഹീം ഹാജി പാറങ്ങോട്ടിൽ എന്നിവർ അനുകൂലിച്ചും കെ. ആനന്ദകൃഷ്ണൻ, കെ.പി. രജിത, മൂസ നെടിയേടത്ത്, എം. ഷീല എന്നിവർ വിയോജിച്ചും സംസാരിച്ചു.
കുന്ദമംഗലം: നവകേരള സദസ്സിന്റെ ഭാഗമായി ഞായറാഴ്ച ഉച്ചക്ക് രണ്ടു മുതൽ കുന്ദമംഗലത്ത് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയതായി കുന്ദമംഗലം പൊലീസ് ഇൻസ്പെക്ടർ എസ്. ശ്രീകുമാർ അറിയിച്ചു.
വയനാട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ താഴെ പടനിലത്ത് നിന്ന് കളരിക്കണ്ടി-പൊയ്യ-ചെത്തുകടവ് ജങ്ഷൻ-പെരിങ്ങൊളം-സി.ഡബ്ല്യൂ.ആർ.ഡി.എം-മുണ്ടിക്കൽതാഴം ജങ്ഷനിൽ എത്തി ഇടത് ഭാഗത്തേക്ക് തിരിഞ്ഞുപോകേണ്ടതാണ്. മുക്കം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ചെത്തുകടവ് ജങ്ഷൻ-പെരിങ്ങൊളം-സി.ഡബ്ല്യു.ആർ.ഡി.എം- മുണ്ടിക്കൽതാഴം ജങ്ഷനിൽ എത്തി ഇടതു ഭാഗത്തേക്ക് തിരിഞ്ഞുപോകേണ്ടതാണ്.
കോഴിക്കോടുനിന്ന് വയനാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കാരന്തൂർ ജങ്ഷൻ-മുണ്ടിക്കൽതാഴം- സി.ഡബ്ല്യു.ആർ.ഡി.എം-പെരിങ്ങൊളം-വരിയട്ട്യാക്ക് വലത്തോട്ട് തിരിഞ്ഞ് പിലാശ്ശേരി-കുന്ദമംഗലം റോഡ് ജങ്ഷൻ-പണിക്കരങ്ങാടി-പത്താംമൈൽ വഴി പോകേണ്ടതാണ്.
നവകേരള സദസ്സിൽ പങ്കെടുക്കുന്നതിനായി വരുന്ന വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഒളവണ്ണ, പെരുമണ്ണ ഭാഗത്ത് നിന്ന് വരുന്ന വലിയ വാഹനങ്ങൾ ചാത്തമംഗലം യാർഡിലും വയനാട് റോഡിലെ സിന്ധു തിയറ്ററിന് സമീപമുള്ള ഗ്രൗണ്ടിലും ചെറിയ വാഹനങ്ങൾ പാലക്കൽ മാൾ പാർക്കിങ് ഏരിയയിലും തൊട്ടടുത്ത വെയ്ബ്രിഡ്ജ് ഏരിയയിലും പാർക്ക് ചെയ്യേണ്ടതാണ്.
ചാത്തമംഗലം, മാവൂർ ഭാഗത്ത് നിന്ന് വരുന്ന വലിയ വാഹനങ്ങൾ മർകസ് മെയിൻ ഗേറ്റിന് കിഴക്ക് വശം ഐ.എഫ് ഗ്രൗണ്ടിലും ചെറിയ വാഹനങ്ങൾ മർകസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലും മർകസ് ഹയർ സെക്കൻഡറി സ്കൂളിലും പാർക്ക് ചെയ്യേണ്ടതാണ്. കുന്ദമംഗലം, പെരിങ്ങൊളം, പെരുവയൽ ഭാഗത്ത് നിന്ന് വരുന്ന വലിയ വാഹനങ്ങൾ ചാത്തമംഗലം യാർഡിലും ചെറിയ വാഹനങ്ങൾ നവജ്യോതി സ്കൂൾ ഗ്രൗണ്ടിലും പാർക്ക് ചെയ്യേണ്ടതാണ്.
മുക്കം: ഞായറാഴ്ച നടക്കുന്ന നവകേരള സദസ്സിന് മുക്കത്ത് ഗതാഗത നിയന്ത്രണം. അഗസ്ത്യൻമുഴി ഭാഗത്തുനിന്ന് വരുന്ന ബസുകൾ അഭിലാഷ് ജങ്ഷനിൽ ആളുകളെ ഇറക്കി കാരശ്ശേരി ജങ്ഷൻ മുതൽ സംസ്ഥാന പാതയോരത്ത് നിർത്തിയിടണം.
മുക്കം പാലം വഴി വരുന്ന ബസുകൾ കാരശ്ശേരി ബാങ്കിന് മുന്നിൽ ആളുകളെ ഇറക്കി കുറ്റിപ്പാല - വെസ്റ്റ് മാമ്പറ്റ റോഡരികിൽ പാർക്ക് ചെയ്യണം.
കുറ്റിപ്പാല - പി.സി ജങ്ഷൻ വഴി വരുന്ന ബസുകൾ അഭിലാഷ് ജങ്ഷനിൽ ആളുകളെ ഇറക്കി അത്താണി പമ്പിന് മുന്നിലെ മൈതാനത്തോ അഗസ്ത്യൻമുഴി-തിരുവമ്പാടി റോഡരികിലോ പാർക്ക് ചെയ്യണം.
കാരമൂല കുമാരനെല്ലൂർ വഴി വരുന്ന ബസുകൾ മുക്കം കടവിൽ ആളുകളെ ഇറക്കി കാരശ്ശേരി പഞ്ചായത്ത് നീരിലാക്കൽ മൈതാനത്തോ കാരശ്ശേരി ജങ്ഷൻ മുതൽ സംസ്ഥാന പാതയോരത്തോ നിർത്തിയിടണം. കാറുകൾ സ്റ്റാർ ഹോട്ടലിന് സമീപത്തെ മൈതാനത്തും പുതിയ സ്റ്റാൻഡിന് സമീപത്തെ ലേണിങ് ടെസ്റ്റ് മൈതാനത്തും പി.സി ജങ്ഷനിലെ മൈതാനത്തും ഇരുചക്ര വാഹനങ്ങൾ ലേണിങ് ടെസ്റ്റ് മൈതാനത്തിന് സമീപത്തെ ഗ്രൗണ്ടിലും നിർത്തിയിടണം.
കോഴിക്കോട് ഭാഗത്തുനിന്ന് വരുന്ന എല്ലാ വാഹനങ്ങളും വെസ്റ്റ് മാമ്പറ്റ കുറ്റിപ്പാല വഴി മുക്കത്ത് പ്രവേശിക്കണം. എല്ലാ ബസുകളും പി.സി റോഡിലൂടെ ആലിൻ ചുവട് വഴി ബസ് സ്റ്റാൻഡിൽ പ്രവേശിക്കണം. കോഴിക്കോട് ഭാഗത്തേക്കുള്ള ബസുകളും വാഹനങ്ങളും കുറ്റിപ്പാല വെസ്റ്റ് മാമ്പറ്റ വഴി പോകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.