കുന്ദമംഗലം: ഭരണസമിതിയുടെ ഒത്താശയോടുകൂടി നടത്തിയ സോളാർ പാനൽ മോഷണം പിടിക്കപ്പെട്ടിട്ടും യാതൊരുവിധ നിയമനടപടിയും എടുക്കാതെ ഒത്തുതീർപ്പാക്കുന്നത് പ്രതിഷേധാർഹമാണെന്ന് മുൻ എം.എൽ.എ യു.സി. രാമൻ പറഞ്ഞു. യു.ഡി.എഫ് നടത്തിയ പഞ്ചായത്ത് ഓഫിസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദിവസങ്ങൾക്ക് മുമ്പ് അറ്റകുറ്റപ്പണി നടത്തുന്നതിന് വേണ്ടി ടെക്നീഷ്യൻ എത്തിയപ്പോഴാണ് പഞ്ചായത്തിന്റെ സോളാർ പാനലിൽ ചിലത് കാണാനില്ലെന്ന് അധികൃതർ അറിഞ്ഞത്. തുടർന്ന് സമീപത്തെ സി.സി.ടി.വി പരിശോധിച്ചതിന് ശേഷമാണ് സോളാർ പാനൽ വാഹനത്തിൽ കയറ്റിക്കൊണ്ടുപോയത് ബന്ധപ്പെട്ടവർ മനസ്സിലാക്കുന്നത്. തുടർന്ന് വാഹനമുടമയുമായി ബന്ധപ്പെട്ട് മുഴുവൻ പാനലും തിരികെ എത്തിക്കുകയും ചെയ്തിരുന്നു.
എന്നാൽ, കുറ്റക്കാർക്കെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് ചൊവ്വാഴ്ച യു.ഡി.എഫ് മാർച്ച് നടത്തിയത്. പ്രകടനക്കാരെ പൊലീസ് തടഞ്ഞു. തുടർന്ന് പൊലീസും യു.ഡി.എഫ് പ്രവർത്തകരും വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. സി.പി. രമേശൻ അധ്യക്ഷതവഹിച്ചു. ബാബു നെല്ലൂളി, എം. ധനീഷ് ലാൽ, വിനോദ് പടനിലം, ഇടക്കുനി അബ്ദുറഹ്മാൻ, ഒ. ഹുസൈൻ, അരിയിൽ മൊയ്തീൻ ഹാജി, എ.കെ. ഷൗക്കത്ത്, എം.പി. കേളുക്കുട്ടി, ഒ. സലീം, കായക്കൽ അഷ്റഫ്, കെ.കെ. ഷമീൽ, ഷൈജ വളപ്പിൽ, ടി.കെ. ഹിതേഷ് കുമാർ, മനിൽ ലാൽ, കെ.കെ.സി. നൗഷാദ്, ഷമീന വെള്ളക്കാട്ട്, ജിഷ ചോലക്കമണ്ണിൽ, ലീന വാസുദേവൻ, പി. ഷൗക്കത്തലി, ഫാത്തിമ ജസ്ലിൻ, രജിൻ ദാസ് എന്നിവർ സംസാരിച്ചു. എം. ബാബുമോൻ സ്വാഗതവും സി. അബ്ദുൽ ഗഫൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.