കുന്ദമംഗലം : കാല്‍നട യാത്രക്കാരുൾപ്പെടെയുള്ളവരെ ആക്രമിച്ച പേപ്പട്ടിയുടെ കടിയേറ്റ് അഞ്ച് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ 8.30ഓടെ കുന്ദമംഗലം ആനപ്പാറ ഭാഗത്താണ് പേപ്പട്ടിയുടെ ആക്രമണം ഉണ്ടായത്.
പേപ്പട്ടി നിരവധിയാളുകളുടെ പിന്നാലെ ഓടിയെങ്കിലും ജനങ്ങൾ ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നിലൂടെ ഓടി വന്ന് കാലിനാണ് പലരെയും കടിച്ചത്. പ്രദേശത്തുകാരനായ ഇ.പി. ഉമറിന്റെ അവസരോചിത ഇടപെടൽ ആക്രമണത്തിൽ നിന്ന് ആളുകൾ രക്ഷപ്പെടുകയായിരുന്നു.
ഇദ്ദേഹം സ്കൂട്ടറിൽ വീട്ടിലേക്ക് വരുന്ന വഴിയിൽ അയൽവാസിയായ ഒരു സ്ത്രീയെ പട്ടി കടിക്കുന്നത് കണ്ട് ഓടിക്കുകയായിരുന്നു. പിന്നീട് മുക്കം റോഡിലേക്ക് വന്ന നായ് വാഹനങ്ങളുടെയും ആളുകളുടെയും പിന്നാലെ ഓടാൻ തുടങ്ങി. തുടർന്ന്, ഗ്രാമപഞ്ചായത്ത് അംഗം സി.എം. ബൈജുവിന്റെ നേതൃത്വത്തിൽ നാട്ടുകാർക്ക് മുന്നറിയിപ്പ് നൽകുകയായിരുന്നു.
മെംബറുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ പിന്നീട് പേപ്പട്ടിയെ തല്ലിക്കൊല്ലുകയായിരുന്നു. പരിക്കേറ്റ അഞ്ചു പേരെയും ആദ്യം ആനപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.