കുന്ദമംഗലം: ചാത്തമംഗലത്ത് പട്ടാപ്പകൽ വീട്ടിൽ മോഷണം നടത്തിയ കേസിലെ പ്രതി പിടിയിൽ. കൊളത്തറ മനക്കോട്ട് വീട്ടിൽ ജിത്തു എന്ന അപ്പൂട്ടൻ എന്ന വേതാളം ജിത്തുവാണ് പിടിയിലായത്. കുന്ദമംഗലം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ മാസം 27ന് പകൽസമയത്താണ് ചാത്തമംഗലം ചേനോത്തിലെ ചെറുനാരകശേരി വീടിന്റെ പിൻവാതിൽ തുറന്ന് ജിത്തു മോഷണം നടത്തിയത്. വീട്ടിൽ ആളില്ലെന്ന് ഉറപ്പാക്കി മോഷണം നടത്തുകയായിരുന്നു. 1,50,000 രൂപയും സാധനങ്ങളുമാണ് മോഷ്ടിച്ചത്.
സി.സി.ടി.വി ദൃശ്യങ്ങളും മറ്റും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞ് ഫറോക്ക് കഷായപ്പടി വാടക ക്വാർട്ടേഴ്സിൽനിന്നാണ് പിടികൂടിയത്. പുറത്തുപോവുമ്പോൾ വീട്ടുകാർ കാണിക്കുന്ന അശ്രദ്ധ കൈമുതലാക്കിയാണ് ഇയാൾ മോഷണം നടത്തുന്നതെന്ന് കുന്ദമംഗലം എസ്.എച്ച്.ഒ എസ്. ശ്രീകുമാർ പറഞ്ഞു.
ബസിൽ കയറി നാട്ടിൻപുറങ്ങളിൽ എത്തിയാണ് ജിത്തുവിന്റെ മോഷണം. വീടുകളിൽ ചെന്ന് വാതിലിൽ മുട്ടും, ആരെങ്കിലും വാതിൽ തുറന്നാൽ ഏതെങ്കിലും വ്യക്തിയെ അന്വേഷിച്ച് വന്നതാണെന്ന് പറഞ്ഞ് രക്ഷപ്പെടും. ആളില്ല എന്ന് കണ്ടാൽ താക്കോൽ വെക്കാൻ സാധ്യതയുള്ള സ്ഥലങ്ങളെല്ലാം പരിശോധിച്ച് താക്കോൽ കണ്ടെടുക്കും. വാതിൽ തുറന്ന് മോഷണം നടത്തി രക്ഷപ്പെടുകയും ചെയ്യും.
വിവിധ സ്റ്റേഷനുകളിലായി സമാനമായ രീതിയിൽ കവർച്ച നടത്തിയതിന് നിരവധി കേസുണ്ട്. ജയിലിൽനിന്ന് സെപ്റ്റംബറിലാണ് ഇയാൾ ജാമ്യത്തിലിറങ്ങിയത്.എസ്.ഐമാരായ എ. അഷ്റഫ്, ടി. അഭിലാഷ്, വി.കെ. സുരേഷ്, എം. പ്രദീപ്കുമാർ, എസ്.സി.പി.ഒ കെ. പ്രമോദ് കുമാർ, സി.പി.ഒ വിശോഭ് ലാൽ, ടി.പി. ജംഷീർ എന്നിവർ എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.