കുറ്റ്യാടി: വേളം ശാന്തിനഗർ തിരുവഞ്ചേരിച്ചിറക്കു സമീപം കൂടിളകി എത്തിയ കാട്ടുതേനീച്ചക്കൂട്ടത്തിന്റെ കുത്തേറ്റ് ആറു പേർക്ക് പരിക്ക്. എടമണ്ണിൽ സൂപ്പി(72), മേനോക്കിമണ്ണിൽ നിസാർ (36), വേളം ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ വണ്ണാറത്ത് വി. യാസിർ (38), എടത്തിൽ കൃഷ്ണൻ മാസ്റ്റർ (75), അയനോളി ബിജേഷ് (35), തറവട്ടത്ത് അദ്നാൻ(18) എന്നിവർക്കാണ് കുത്തേറ്റത്. തിങ്കളാഴ്ച രാവിലെ പത്തരക്കാണ് സംഭവം.
ആശുപത്രിയിൽ പോകാൻ വീട്ടിൽനിന്ന് ശാന്തിനഗർ ഭാഗത്തേക്ക് നടക്കുന്നതിനിടയിൽ സൂപ്പിക്കാണ് ആദ്യം കുത്തേറ്റത്. ഇയാളെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് മറ്റുള്ളവരെയും ആക്രമിക്കുന്നത്. നൂറുകണക്കിന് തേനീച്ചകൾ ഇരച്ചെത്തി കുത്തിയതോടെ സൂപ്പി സമീപത്തെ ചിറയിലെ വെള്ളത്തിൽ ചാടി.
തേനീച്ചകൾ അവിടെയും പിന്തുടർന്നെത്തി. രക്ഷാപ്രവർത്തകർ മുണ്ടുകളും ചൂട്ടുകളും വീശി തേനീച്ചകളെ തുരത്തി സൂപ്പിയെ കരക്കുകയറ്റി. ദേഹത്ത് ഒരിടവും ബാക്കിവെക്കാതെ ഇയാൾക്ക് കുത്തേറ്റു. പുറത്തെടുക്കാൻ വൈകിയിരുന്നെങ്കിൽ അദ്ദേഹത്തിന്റെ ജീവൻ നഷ്ടപ്പെടുമായിരുന്നെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു.
തേനീച്ചകളെ അകറ്റാൻ ചൂട്ട് കത്തിക്കുന്നതിനിടയിലാണ് സമീപത്ത് ചായക്കട നടത്തുന്ന നിസാറിന് കുത്തേറ്റത്. എല്ലാവരെയും കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ സൂപ്പിയെ മലബാർ മെഡിക്കൽ കോളജിലേക്കയച്ചു.
നിരവധി മുള്ളുകളാണ് സൂപ്പിയുടെ ശരീരത്തിൽനിന്ന് പറിച്ചെടുത്തത്. മറ്റുള്ളവരെ പ്രഥമശുശ്രൂഷ നൽകി വിട്ടയച്ചു. തേനീച്ചകളിൽനിന്ന് ബൈക്ക് യാത്രികരെയും കാൽനടക്കാരെയും രക്ഷിക്കാൻ നാട്ടുകാർ രണ്ടു മണിക്കൂറോളം റോഡിൽ കാവൽനിന്നു.
വണ്ണാറത്ത് യാസിർ, റിസ്വാൻ ഒറ്റക്കണ്ടത്തിൽ, പറമ്പത്ത് ഹാഷിം, പൊയിലങ്കി മനോജൻ, ഇ.എം. നന്ദകുമാർ, അനീഷ് എളവനിടത്തിൽ, സി.എം. വിജഷ്, ജി.കെ. സജീവൻ തുടങ്ങിയവർ രക്ഷാപ്രവർത്തനം നടത്തി. വാർഡ് മെംബർ എം.സി. മൊയ്തു ആശുപത്രിയിലെത്തി. എവിടെനിന്നാണ് തേനീച്ചകൾ എത്തിയതെന്ന് കണ്ടെത്താനായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.