കുറ്റ്യാടി: നിർത്തിയിട്ട കാറിന് മുകളിൽ സ്കൂൾ മതിൽ തകർന്നുവീണ് കാറിനകത്തുണ്ടായിരുന്ന വിദ്യാർഥിയും ബന്ധുവും അത്ഭുതകരമായി രക്ഷപ്പെട്ടു. കാർ തകർന്നു. കുറ്റ്യാടി കെ.ഇ.ടി പബ്ലിക്ക് സ്കൂളിന്റെ ചെങ്കൽ മതിലാണ് ചൊവ്വാഴ്ച രാവിലെ 10ന് മഴയിൽ തകർന്നുവീണത്. അരികിൽ നിർത്തിയിട്ട കാറിന്റെ മുകളിലാണ് ഏതാണ്ട് അഞ്ചു മീറ്റർ ഉയരമുള്ള മതിലിന്റെ കല്ലുകളും കോൺക്രീറ്റ് ബെൽറ്റുകളും മറ്റും പതിച്ചത്.
കുട്ടികളുമായി എത്തിയതായിരുന്നു കാർ. തളീക്കര കൊടക്കൽ നിഹാദ്, സഹോദരlപുത്രൻ സമീം എന്നിവരാണ് കാറിനകത്തുണ്ടായിരുന്നത്. മൂത്ത കുട്ടിയുമായി നിഹാദിന്റെ സഹോദരി സ്കൂളിലേക്ക് കയറിയിരുന്നു. എൽ.കെ.ജി വിദ്യാർഥിയായ സമീമിന് പനിയായതിനാൽ ക്ലാസിൽ പോയില്ല.
സഹോദരി തിരിച്ചുവരുന്നതും കാത്തിരിക്കുന്നതിനിടയിലാണ് മതിൽ വീഴുന്നത്. കാറിന്റെ മേൽക്കൂരയും വശങ്ങളും ചെരിഞ്ഞമർന്നു. വാതിൽ തുറക്കാനായില്ല. കുട്ടി കാറിന്റെ പിൻസീറ്റിലാണുണ്ടായിരുന്നതെന്നും ഗ്ലാസ് താഴ്ത്താനായതിനാൽ അതിനിടയിലൂടെ കുട്ടിയുമായി ഉടൻ പുറത്തിറങ്ങാനായെന്നും നിഹാദ് പറഞ്ഞു. മണ്ണുമാന്തി കൊണ്ടുവന്നാണ് കാർ പുറത്തെടുത്തത്. അപകടം കുട്ടികൾ ക്ലാസിൽ കയറും മുമ്പായിരുന്നെങ്കിൽ വലിയ ദുരന്തം സംഭവിക്കുമായിരുന്നുവെന്ന് പരിസരവാസികൾ പറഞ്ഞു. ഒരാൾക്കും ഒരു പോറൽ പോലും ഏൽക്കാത്തതിലുള്ള ആശ്വാസത്തിലാണ് സ്കൂൾ അധികൃതരും നാട്ടുകാരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.