കോഴിക്കോട്: നാടകംകൊണ്ടും തിളച്ചുമറിഞ്ഞ രാഷ്ട്രീയംകൊണ്ടും കോഴിക്കോടിന്റെ സാമൂഹിക ബോധത്തിലെ ഒരുകാലത്തെ ഉഴുതുമറിച്ച മധു മാസ്റ്ററെ നഗരം ഒരിക്കൽകൂടി ഓർമിച്ചു. തീക്ഷ്ണമായ രാഷ്ട്രീയ സ്വപ്നങ്ങളിലേക്ക് ഒരുതലമുറയെ ആനയിച്ചതിൽ മധു മാസ്റ്റർ എന്ന കലാകാരൻ വഹിച്ച പങ്ക് 'കാഴ്ച'യുടെ ആഭിമുഖ്യത്തിൽ മാനാഞ്ചിറ സ്പോർട്സ് കൗൺസിൽ ഹാളിൽ നടന്ന സ്മരണയിൽ പങ്കുവെച്ചു. ഇക്കഴിഞ്ഞ മാർച്ച് 19നായിരുന്നു 74ാം വയസ്സിൽ കെ. മധുസൂദനൻ എന്ന മധു മാസ്റ്റർ അന്തരിച്ചത്.
എഴുപതുകളിലെ പ്രക്ഷുബ്ധ രാഷ്ട്രീയ നിലപാടുകളാണ് മധു മാസ്റ്ററെ സാംസ്കാരിക പ്രവർത്തകനാക്കി മാറ്റിയതെന്ന് മുഖ്യപ്രഭാഷണം നടത്തിയ കേളുഏട്ടർ പഠനകേന്ദ്രം ഡയറക്ടർ കെ.ടി. കുഞ്ഞിക്കണ്ണൻ അനുസ്മരിച്ചു. വലിയൊരു തലമുറയുടെ നീതിബോധത്തെയും രാഷ്ട്രീയത്തെയും നിർണയിക്കാൻ മധു മാസ്റ്ററുടെ നാടകങ്ങൾക്കായി. വിപ്ലവകാരികൾ കാൽപനിക സ്വപ്നങ്ങളെക്കാൾ യാഥാർഥ്യബോധത്തോടെ നിലകൊള്ളണമെന്നതായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാടെന്നും കുഞ്ഞിക്കണ്ണൻ പറഞ്ഞു.
കമ്യൂണിസ്റ്റ് പാർട്ടിക്ക് 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' പോലെയായിരുന്നു അടിയന്തരാവസ്ഥക്കുശേഷമുള്ള കേരളീയസമൂഹത്തെ പിടിച്ചുകുലുക്കിയ ജനകീയ സാംസ്കാരിക വേദിക്ക് മധു മാസ്റ്ററുടെ 'അമ്മ' എന്ന നാടകമെന്ന് എഴുത്തുകാരനും പത്രപ്രവർത്തകനുമായ പ്രേംചന്ദ് അനുസ്മരിച്ചു. കാഴ്ച പ്രസിഡന്റ് ബാബുരാജ് എലത്തൂർ അധ്യക്ഷത വഹിച്ചു.
പു.ക.സ ജില്ല സെക്രട്ടറി യു. ഹേമന്ദ് കുമാർ, കുന്നത്തൂർ രാധാകൃഷ്ണൻ, ടി. സുരേഷ് ബാബു, സുജിത് കുമാർ എന്നിവർ സംസാരിച്ചു. സുരേഷ് പാലക്കട സ്വാഗതവും പ്രദീപ് കുമാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.