കോഴിക്കോട്: മലയോര ഹർത്താലിൽ താമരശ്ശേരി ഫോറസ്റ്റ് ഓഫിസും ഫയലുകളും തീവെച്ച് നശിപ്പിച്ച കേസിന്റെ വിചാരണക്കിടെ കേസന്വേഷിച്ച പൊലീസും വനംവകുപ്പും പ്രതികൾക്ക് അനുകൂലമായി മൊഴിനൽകിയത് സർക്കാറിന് നാണക്കേടായി.
കേസ് ഡയറി കാണാതായതിന് പിന്നാലെയാണ് കോഴിക്കോട് സ്പെഷൽ അഡീഷനൽ സെഷൻസ് കോടതിയിൽ നടന്ന വിചാരണക്കിടെ കേസിലെ ഒന്നാം സാക്ഷിയും അന്നത്തെ താമരശ്ശേരി ഡിവൈ.എസ്.പിയുമായ ജെയ്സൺ കെ. എബ്രഹാമും അക്രമം നേരിട്ട് കണ്ട വനംവകുപ്പ് ഉദ്യോഗസ്ഥരും പ്രതികളെ തിരിച്ചറിയാനാവുന്നില്ലെന്ന് മൊഴി നൽകിയത്. കേസിലെ രണ്ടാം സാക്ഷിയായ ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫിസറും താമരശ്ശേരി ഫോറസ്റ്റ് ഓഫിസിലെ രണ്ട് ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരും പ്രതികളെ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന് കോടതിയിൽ പറഞ്ഞതോടെ സർക്കാർ ഓഫിസും ഫയലുകളും ആക്രമികൾ തീയിട്ട് കത്തിച്ച കേസിന്റെ ഗതിയെന്താവുമെന്ന കാര്യത്തിൽ ആശങ്കയുയർന്നിരിക്കുകയാണ്.
2013 നവംബർ 15നായിരുന്നു കേസിനാസ്പദമായ സംഭവം. കസ്തൂരിരംഗൻ റിപ്പോർട്ട് നടപ്പാക്കുന്നതിനെതിരെ നടന്ന മലയോര ഹർത്താലിനിടെ ആക്രമികൾ ഫോറസ്റ്റ് റേഞ്ച് ഓഫിസിലേക്ക് അതിക്രമിച്ചു കയറി തീയിട്ടു നശിപ്പിച്ചുവെന്നായിരുന്നു കേസ്. സുപ്രധാനമായ ഫയലുകൾ കത്തിനശിച്ച സംഭവത്തിൽ 77.09 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് സർക്കാർ കണക്ക്. അന്ന് താമരശ്ശേരി ഡിവൈ.എസ്.പിയായിരുന്ന ജെയ്സൻ കെ. അബ്രഹാമായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ. അദ്ദേഹം സർവിസിൽനിന്ന് വിരമിച്ചതാണ്.
കേസിൽ 37 പ്രതികളാണുള്ളത്. 13 പേർ പ്രായപൂർത്തിയാകാത്തവരായിരുന്നു.
പ്രതികളിലൊരാൾ പഞ്ചായത്ത് അംഗമായിരുന്നു. അദ്ദേഹത്തെ പോലും തിരിച്ചറിയാനാവുന്നില്ലെന്ന് മുഖ്യസാക്ഷികൾ മൊഴിനൽകിയിരിക്കുകയാണ്. താമരശ്ശേരി പൊലീസ് സ്റ്റേഷനിലും ഡിവൈ.എസ്.പി ഓഫിസിലും സൂക്ഷിച്ച കേസ് ഡയറിയാണ് കാണാതായിരിക്കുന്നത്. കേസ് അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണ് ഇതെല്ലാം നൽകുന്ന സൂചന. പരിസ്ഥിതിലോല മേഖലയിലെ കൈയേറ്റവുമായി ബന്ധപ്പെട്ട നിരവധി ഫയലുകളാണ് കത്തിനശിച്ചത്. 77 ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ച ആക്രമണത്തിൽ ഔദ്യോഗിക വാഹനങ്ങളും ഔഷധത്തോട്ടവും നശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.