കോഴിക്കോട്: നഗരത്തിന്റെ ഹൃദയത്തിലെ മാനാഞ്ചിറ സ്ക്വയറും പാർക്കും മതിയായ പരിചരണം ലഭിക്കാതെ നശിക്കുന്നു. പച്ചപ്പരവതാനിക്ക് പകരം കളനിറഞ്ഞ പാർക്കാണ് സന്ദർശകർക്ക് വിശ്രമിക്കാനുള്ളയിടം. ഇഴജന്തുക്കൾക്ക് ഇടം നൽകുന്ന തരത്തിലാണ് കള നിറഞ്ഞുകിടക്കുന്നത്. ചിലയിടങ്ങളിൽ ഇത് കാടുപിടിച്ച അവസ്ഥയിലാണ്. കുടുംബത്തോടൊപ്പമെത്തുന്ന കൊച്ചുകുഞ്ഞുങ്ങൾ ഓടിനടക്കുന്ന പാർക്കാണിത്.
ഇങ്ങനെയൊക്കെയാണെങ്കിലും സന്ദർശകർക്ക് ഒരുകുറവുമില്ല. വൈകുന്നേരങ്ങളിൽ പാർക്ക് നിറയെ ആളാണ്. ഒഴിവുദിവസങ്ങളിൽ തിരക്കേറും. പരിപാലനത്തിന്റെ പേരിൽ ആകെ നടക്കുന്നത് നടപ്പാത അടിച്ചുവാരലാണ്. ഇവിടത്തെ മരങ്ങളിൽനിന്ന് ഉണങ്ങിവീഴുന്ന ഇലകളും കൊമ്പുകളും സംസ്കരിക്കാതെ കിടക്കുകയാണ്. ഇതോടെ പാർക്കിന്റെ പലഭാഗങ്ങളും കുപ്പക്കണ്ടം പോലെയായി.
ടൂറിസം വകുപ്പ് കോടികൾ മുടക്കി പാർക്കുകൾ നവീകരിച്ചത് 2020ലാണ്. പരിചരണമില്ലാത്തതിനാൽ രണ്ട് വർഷം കഴിയുമ്പോഴേക്കും ചൈതന്യം നഷ്ടമായി. മാനാഞ്ചിറ കുളം പരിസരം വൃത്തിയാക്കിയിട്ടും കാലമേറെയായി. കുട്ടികളുടെ അൻസാരി പാർക്കിൽ കളിയുപകരണങ്ങൾ പലതും കേടാണ്.
മ്യൂസിക്കൽ ഫൗണ്ടേഷൻ നശിച്ചിട്ട് കാലമേറെയായി. ഇവിടെ മിയാവാക്കി വനം വളർത്തുന്ന പദ്ധതി പറഞ്ഞിരുന്നെങ്കിലും നടപ്പിലായില്ല. അൻസാരി പാർക്കിലേക്ക് പുറത്തുനിന്ന് മാലിന്യങ്ങൾ വലിച്ചെറിയുന്നുമുണ്ട്. നഗരവാസികൾ പ്രഭാത നടത്തത്തിന് വരുന്ന സ്ഥലം കൂടിയാണിത്.
മനസ്സിന് ആനന്ദവും ആശ്വാസവും ലഭിക്കേണ്ടയിടം അരോചകമായ അവസ്ഥയിലാണ്. വഴിയോര വിശ്രമകേന്ദ്രം അനിശ്ചിതകാല വിശ്രമത്തിൽ വഴിയോര വിശ്രമകേന്ദ്രം ഉദ്ഘാടനം കഴിഞ്ഞിട്ട് മാസങ്ങളായി. ഒരുദിവസംപോലും ആളുകൾക്ക് തുറന്നുകൊടുക്കാനായില്ല. ഇതിനകത്ത് മികച്ച ബാത്ത്റൂമുകളും ശുചിത്വസംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
നടത്താനാളില്ലെന്ന് പറഞ്ഞാണ് ഈ കേന്ദ്രം അനിശ്ചിതമായി അടച്ചിട്ടിരിക്കുന്നത്. അത്യാവശ്യക്കാർ ശുചിമുറി തേടി ഇവിടേക്ക് ഓടിവന്നാൽ നിരാശരായി തിരിച്ചുപോകേണ്ട അവസ്ഥ. മനുഷ്യരുടെ അടിസ്ഥാനപ്രശ്നങ്ങൾ പരിഹരിക്കാൻ അധികൃതർ മുൻഗണന നൽകുന്നില്ലെന്നതിന് ഉദാഹരണമാണിത്. സന്ദർശകർ ഏറെയുള്ള പാർക്കിൽ ശുചിമുറിയില്ല. സ്പോർട്സ് കൗൺസിൽ ഹാളിന് സമീപത്തെ ഷീ ടോയ് ലറ്റാണ് ആകെയുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.