കോഴിക്കോട്: കാൽപന്തുകളിയിലെ സുന്ദരമുഹൂർത്തങ്ങൾ ലോകത്തിന് സമ്മാനിച്ച അനശ്വര താരം ഡീഗോ മറഡോണയുടെ മനസ്സിലേക്ക് ചേക്കേറിയ ആരാധകനാണ് ഹിഷാം ഹസൻ. മരണം ലോങ്വിസിൽ മുഴക്കിക്കൊണ്ടുപോയത് ബോബി ചെമ്മണൂർ ജ്വല്ലറി ഗ്രൂപ്പിെൻറ ഓവർസീസ് ഡയറക്ടറായ ഹിഷാമിെൻറ അടുത്ത സുഹൃത്തിനെകൂടിയാണ്. ദൈവത്തിെൻറ കൈയൊപ്പ് പതിഞ്ഞ കളിമികവിനൊപ്പം ഹൃദ്യമായ പെരുമാറ്റത്തിനുകൂടി ഉടമയാണ് മറഡോണയെന്ന് കോഴിക്കോട് സ്വദേശിയായ ഹിഷാം പറയുന്നു. പുറത്തുകേട്ട ചൂടൻ സ്വഭാവങ്ങളൊന്നും തനിക്ക് അനുഭവിക്കേണ്ടി വന്നിട്ടില്ല. ദുബൈയിലും കണ്ണൂരിലും മലേഷ്യയിലുമായി ഒരാഴ്ചയോളം മറഡോണക്കൊപ്പം താമസിച്ചിട്ടുണ്ട്. എന്നും സ്നേഹത്തോടെ മാത്രമായിരുന്നു പെരുമാറിയത്. മാന്യനല്ല, 'ഡബ്ൾ മാന്യൻ' ആയിരുന്നു ഡീഗോയെന്ന് ഹിഷാം സാക്ഷ്യപ്പെടുത്തുന്നു.
ജ്വല്ലറി ഉദ്ഘാടനത്തിന് ക്ഷണിക്കാനാണ് വർഷങ്ങൾക്കു മുമ്പ് ദുബൈയിൽ വെച്ച് മറഡോണയെ പോയി കണ്ടത്. മറഡോണ പരിശീലിപ്പിച്ച ദുബൈയിലെ അൽവസ്ൽ ക്ലബിെൻറ സി.ഇ.ഒ ആയിരുന്ന അഷ്റഫ് അഹ്മദ് മുഹമ്മദാണ് പരിചയപ്പെടുത്തിയത്. ചെറുപ്പം മുതൽ ആരാധിച്ചുപോന്ന ഇതിഹാസതാരം അന്നുമുതൽ അടുത്ത സുഹൃത്തായി മാറി. മകളെയും കുടുംബാംഗങ്ങളെയുമെല്ലാം അദ്ദേഹം പരിചയപ്പെടുത്തി. കണ്ണൂരിൽ പറന്നിറങ്ങിയപ്പോൾ ടെറിട്ടോറിയൽ ആർമിയുടെ ഹെലിപ്പാഡിൽ മറഡോണയെ സ്വീകരിക്കാൻ ഹിഷാമുമുണ്ടായിരുന്നു. ഹോട്ടലിൽ മൂന്നു ദിവസം ഒപ്പം ചെലവഴിക്കാനായി. സ്പാനിഷ് ഭാഷ മാത്രമറിയാവുന്ന മറഡോണക്ക് സൗഹൃദം ശക്തമാക്കാൻ ഭാഷയൊന്നും തടസ്സമായിരുന്നില്ല. മലേഷ്യയിൽ ജ്വല്ലറി ഉദ്ഘാടനത്തിന് െകാണ്ടുപോയപ്പോഴും അടുത്തടുത്ത മുറികളിൽ താമസിച്ചുവെന്ന് ഹിഷാം പറയുന്നു. അന്ന് ഒരുമിച്ചാണ് ദുബൈയിൽനിന്ന് മലേഷ്യയിലേക്ക് പറന്നത്.
ദുബൈ ജുമൈറയിലെ രാജാവിെൻറ വകയുള്ള വില്ലയിലായിരുന്നു മറഡോണ താമസിച്ചിരുന്നത്. രണ്ടു വർഷം മുമ്പ് 58ാം പിറന്നാളിന് സമ്മാനവുമായി ഹിഷാം ദുബൈയിലെത്തിയിരുന്നു. െകട്ടിപ്പിടിച്ച് മുത്തം നൽകിയാണ് പിരിഞ്ഞത്. ബേബി മെമ്മോറിയൽ ആശുപത്രിയുടെ ഇൻറർനാഷനൽ പേഷ്യൻറ്സ് റിലേഷൻ മേധാവികൂടിയായ ഹിഷാം സ്പോർട്സ് മെഡിസിൻ വിഭാഗത്തിെൻറ ചടങ്ങിന് കോഴിക്കോട്ടെത്തിക്കാൻ ഉദ്ദേശിച്ചിരുന്നു. കളിപ്രേമികളുടെ വലിയ മൈതാനമായ കോഴിക്കോട്ട് സൂപ്പർ താരത്തെ എത്തിക്കാനായില്ല. എല്ലാ കൂടിക്കാഴ്ചകളും മനസ്സിലേക്ക് ഡ്രിബ്ൾ ചെയ്ത് കയറുകയാണ്. മരണവാർത്ത അറിഞ്ഞതു മുതൽ വല്ലാത്ത ഷോക്കിലാണെന്ന് ജെ.ഡി.ടി സാരഥിയായിരുന്ന കെ.പി. ഹസൻ ഹാജിയുടെ മകനായ ഹിഷാം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.