കോഴിക്കോട്: നഗരത്തിലെ എറ്റവും വലിയ ഗതാഗതക്കുരുക്കാണ് പുതിയ അരീക്കാട് - മീഞ്ചന്ത - വട്ടക്കിണർ മേൽപാലം യാഥാർഥ്യമാവുന്നതോടെ അഴിയുക. മീഞ്ചന്ത മിനിബൈപാസ് റോഡ് കല്ലായി-ഫറോക്ക് പാതയിൽ വന്നു ചേരുന്ന ജങ്ഷൻ വഴിയാണ്തെക്കു നിന്ന് നഗരത്തിലേക്കുള്ള മുഴുവൻ ബസുകളും പ്രവേശിക്കുന്നതും തിരിച്ചു പോകുന്നതും.
രാമനാട്ടുകര-വെങ്ങളം ബൈപാസ് വന്നപ്പോൾ തിരക്കിന് ശമനമുണ്ടായെങ്കിലും ബേപ്പൂരിൽ വിനോദ സഞ്ചാര സൗകര്യങ്ങൾ വർധിച്ച് തിരക്കേറിയതോടെ വട്ടക്കിണറിനും അരീക്കാടിനുമിടയിൽ വൻ വാഹനക്കുരുക്ക് പതിവായി. അരീക്കാട്, മീഞ്ചന്ത, വട്ടക്കിണര്‍ തുടങ്ങി തൊട്ടടുത്ത് മൂന്ന് വലിയ ജങ്ഷനുകൾ ഒന്നിച്ച് വരുന്ന ദേശീയപാതയില്‍പെട്ട മലബാറില്‍ തന്നെ വാഹനങ്ങളുടെ അനിയന്ത്രിത തിരക്കും ഗതാഗതസ്തംഭനവും അനുഭവിക്കുന്ന സ്ഥലമാണിത്.
അരീക്കാട് - മീഞ്ചന്ത - വട്ടക്കിണര്‍ മേല്‍പാലം നിർമാണത്തിന് 170.42 കോടി രൂപ വിനിയോഗിച്ച് ഒന്നര കിലോമീറ്റർ ദൈർഘ്യത്തിൽ അപ്രോച്ച് റോഡ് ഉള്‍പ്പെടെ ആധുനിക നിലവാരത്തില്‍ നാലുവരിപ്പാതയോടെയുള്ള മേൽപാലം നിർമാണത്തിനാണ് ധനവകുപ്പിന്‍റെ അനുമതിയായത്. കോഴിക്കോട്ടെ ഗതാഗതക്കുരുക്ക് കുറക്കാൻ ഏറെ സഹായകരമാകുമിത്. പതിറ്റാണ്ടുകളായി ജനങ്ങളുടെ പ്രധാന ആവശ്യവുമായിരുന്നു പാലം. വട്ടക്കിണറിൽ നിന്നാരംഭിച്ച് മീഞ്ചന്ത മിനി ബൈപാസ് ജങ്ഷൻ, അരീക്കാട് ജങ്ഷൻ കടന്ന് വീണ്ടും 150 മീറ്റർ തെക്കോട്ടായാണ് മേൽപാലം.
അരീക്കാട് ജങ്ഷന് 150 മീറ്ററോളം തെക്കുഭാഗത്തുനിന്നാരംഭിച്ച് അരീക്കാട് ജങ്ഷൻ , മീഞ്ചന്ത മിനി ബൈപാസ് ജങ്ഷൻ , വട്ടക്കിണർ ജങ്ഷൻ എന്നിവ കടന്നാണ് പാലം അവസാനിക്കുക. ഇരുവശത്തും നടപ്പാതയുമൊരുക്കും.നാലുവരിപ്പാതയായ പാലത്തിനൊപ്പം അഞ്ചര മീറ്റർ വീതിയിൽ സർവിസ് റോഡ് ഉൾപ്പെടെയാണ് പദ്ധതി. പാലത്തിനായി ഇരുവശത്തും ഭൂമി ഏറ്റെടുക്കണം.
നടപടികൾ വേഗത്തിലാക്കി പ്രവൃത്തി പെട്ടെന്ന് ആരംഭിക്കുന്നതിന് നിർദേശം നൽകിയതായി പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. ജനതയുടെ ചിരകാല സ്വപ്നമായ പദ്ധതി യാഥാർഥ്യമാക്കുന്നതിന് പൊതുമരാമത്ത് വകുപ്പിനെ സഹായിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍, ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍ എന്നിവർക്ക് അദ്ദേഹം നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.