അരീക്കാട്: മോഡേൺ ബസാറിലെ ജി.എച്ച് മൊബൈൽ ഷോപ്പിൽ തുടർച്ചയായി രണ്ട് ദിവസങ്ങളിൽ മോഷണം. വിരലടയാള വിദഗ്ധർ ഞായറാഴ്ച എത്താത്തതിനാൽ നഷ്ടം കണക്കാക്കിയിട്ടില്ല. ലക്ഷങ്ങളുടെ മൊബൈൽ ഫോണുകൾ നഷ്ടപ്പെട്ടതായാണ് സൂചന. ഷോപ്പിലെ സി.സി.ടി.വി കാമറ പരിശോധിച്ചതിൽ വെള്ളിയാഴ്ചയും ശനിയാഴ്ചയും രാത്രിയിൽ ഒരേ ആൾ തന്നെ മോഷണം നടത്തുന്നതായി ദൃശ്യങ്ങളിൽ കാണാം.
വെള്ളിയാഴ്ച ഷട്ടറിെൻറ പൂട്ട് പൊളിച്ച് അകത്ത് കയറി മൊബൈലുകളും മറ്റും മോഷ്ടിച്ചു പോകുകയും ബാക്കി മൊബൈലുകൾ പ്ലാസ്റ്റിക് കാരിബാഗിൽ ശേഖരിച്ച് കടയിലെ മേശക്കുമേൽ വെച്ച് പോകുകയും പിറ്റേദിവസം ശനിയാഴ്ച രാത്രി തലയിൽ ഹെൽമറ്റ് ധരിച്ചനിലയിൽ വീണ്ടുമെത്തി കാരിബാഗുമായി രക്ഷപ്പെടുന്നതും സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. വെള്ളിയാഴ്ച കുടചൂടിയാണ് മോഷ്ടാവ് എത്തിയത്.
നല്ലളം പൊലീസ് സ്ഥലം സന്ദർശിച്ച് സി.സി.ടി.വി ദൃശ്യങ്ങളും മറ്റു തെളിവുകളും ശേഖരിച്ചു. രാമനാട്ടുകര സ്വദേശി ഹനീഫയുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. ലോക്ഡൗൺ കാരണം കച്ചവടനഷ്ടത്തിന് പുറമെ കട കൊള്ള ചെയ്യപ്പെടുന്ന നഷ്ടവും സഹിക്കേണ്ടിവരുന്ന ദുരവസ്ഥയാണ് വ്യാപാരികൾ നേരിടുന്നതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല സെക്രട്ടറി കെ.എം. ഹനീഫ പറഞ്ഞു.
കടകൾ നേരത്തെ അടക്കുകയും അങ്ങാടി കൂരിരുട്ടിലാകുന്നതും തെരുവ് വിളക്കിന്റെ അപര്യാപ്തതയും മോഷണങ്ങൾ പെരുകാൻ കാരണമാകുന്നതായും ഇദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.