കോഴിക്കോട്: പുതുമുഖങ്ങൾക്കും വനിതകൾക്കും കൂടുതൽ പരിഗണന നൽകി സി.പി.എം ജില്ല കമ്മിറ്റിയും സെക്രട്ടേറിയറ്റും. നിലവിലെ 42 അംഗ ജില്ല കമ്മിറ്റിയിലെ 12 പേരെ ഒഴിവാക്കി പുതിയ 15 പേരെ ഉൾപ്പെടുത്തി. പുതിയവരിൽ ആറുപേർ ഏരിയ സെക്രട്ടറിമാരാണ്. പാർട്ടി അംഗങ്ങൾ കൂടിയതിന്റെ അടിസ്ഥാനത്തിലാണ് ജില്ല കമ്മിറ്റി അംഗങ്ങളുടെ എണ്ണം 45 ആയി ഉയർന്നത്. 12 അംഗ ജില്ല സെക്രട്ടേറിയറ്റിലും ഏഴുപേർ പുതുമുഖങ്ങളാണ്. ഇതിലൊരാൾ വനിതയും. മുൻ എം.എൽ.എയും ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ.കെ. ലതിക, കർഷക തൊഴിലാളി യൂനിയൻ ജില്ല സെക്രട്ടറി കെ.കെ. ദിനേശൻ, സി.ഐ.ടി.യു ജില്ല ജനറൽ സെക്രട്ടറി പി.കെ. മുകുന്ദൻ, പാർട്ടി ഫറോക്ക് ഏരിയ സെക്രട്ടറി എം. ഗിരീഷ്, മുൻ തിരുവമ്പാടി ഏരിയ സെക്രട്ടറി ടി. വിശ്വനാഥൻ, മുൻ സൗത്ത് ഏരിയ സെക്രട്ടറിയും ഡെപ്യൂട്ടി മേയറുമായ സി.പി. മുസാഫർ അഹമ്മദ്, മുൻ കൊയിലാണ്ടി ഏരിയ സെക്രട്ടറി കെ.കെ. മുഹമ്മദ് എന്നിവരാണ് പുതുതായി ജില്ല സെക്രട്ടേറിയറ്റിലെത്തിയത്. ജില്ല കമ്മിറ്റിയിലെ വനിതകളുടെ അംഗസംഖ്യ രണ്ടിൽനിന്ന് അഞ്ചാവുകയും ചെയ്തു.
ഏരിയ സെക്രട്ടറിമാരായ കെ.എം. രാധാകൃഷ്ണൻ (കക്കോടി), ഇസ്മയിൽ കുറുമ്പൊയിൽ (ബാലുശ്ശേരി), എം.പി. ഷിബു (പയ്യോളി), കെ.കെ. സുരേഷ് (കുന്നുമ്മൽ), കെ. ബാബു (താമരശ്ശേരി), ടി.പി. ഗോപാലൻ (വടകര) എന്നിവർക്കൊപ്പം ജനാധിപത്യ മഹിള അസോസിയേഷൻ ജില്ല സെക്രട്ടറി കെ. പുഷ്പജ, പാർട്ടി പയ്യോളി ഏരിയ കമ്മിറ്റി അംഗവം ജനാധിപത്യ മഹിള അസോസിയേഷൻ ജില്ല ജോയന്റ് സെക്രട്ടറിയുമായ ഡി. ദീപ, എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി കെ.എം. സചിൻദേവ് എം.എൽ.എ, ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷറർ എസ്.കെ. സജീഷ്, ജില്ല സെക്രട്ടറി വി. വസീഫ്, സംസ്ഥാന കമ്മിറ്റി അംഗം കെ.വി. ലേഖ, പാർട്ടി സൗത്ത് ഏരിയ കമ്മിറ്റി അംഗം എൽ. രമേശൻ, കുന്നുമ്മൽ ഏരിയ കമ്മിറ്റി അംഗം എ.എം. റഷീദ്, ഫറോക്ക് ഏരിയ കമ്മിറ്റി അംഗം ടി. രാധാഗോപി എന്നിവരാണ് പുതുതായി ജില്ല കമ്മിറ്റിയിൽ എത്തിയത്.
കെ. ചന്ദ്രൻ, എ.കെ. പത്മനാഭൻ, ഇ. രമേശ് ബാബു, ടി.കെ. കുഞ്ഞിരാമൻ, ടി. ചന്തു, എം.കെ. നളിനി, വി.എം. കുട്ടികൃഷ്ണൻ, കെ. ശ്രീധരൻ, എൻ.കെ. രാധ, ടി. ദാസൻ, പി.എ. മുഹമ്മദ് റിയാസ്, കെ. കൃഷ്ണൻ എന്നിവരാണ് ജില്ല കമ്മിറ്റിയിൽനിന്ന് ഒഴിവായവർ.
ജില്ല കമ്മിറ്റി യോഗത്തിൽ സെക്രട്ടറിയായി പി. മോഹനന്റെ പേര് ജോർജ് എം. തോമസാണ് നിർദേശിച്ചത്.
പുതുതായി ജില്ല സെക്രട്ടേറിയറ്റിലെത്തിയ കെ.കെ. ലതിക പി. മോഹനന്റെ ഭാര്യയും ജില്ല കമ്മിറ്റിയിലെത്തിയ കെ.കെ. സുരേഷ് ഭാര്യാസഹോദരനുമാണ്. ഐകകണ്േഠ്യനയാണ് ജില്ല കമ്മിറ്റിയെയും സെക്രട്ടേറിയറ്റിനെയും സെക്രട്ടറിയെയും തിരഞ്ഞെടുത്തതെന്നും 75 വയസ്സെന്ന പ്രായപരിധിയടക്കം മുൻനിർത്തിയാണ് പലരേയും ഒഴിവാക്കിയതെന്നും സെക്രട്ടറി പി. മോഹനൻ അറിയിച്ചു.
കോഴിക്കോട്: സി.പി.എം ഏരിയ സമ്മേളനങ്ങളിലുണ്ടായ 'കൊള്ളലിലേയും കൊടുക്കലുകളിലേയും' കണക്കുകൾ തീർത്ത് ജില്ല സമ്മേളനവും. ബ്രാഞ്ച്, ലോക്കൽ സമ്മേളനങ്ങളിൽ മുമ്പില്ലാത്തവിധം മത്സരമുണ്ടായെങ്കിലും ഏരിയ സമ്മേളനങ്ങളോടെ കേന്ദ്രീകൃത ചേരികൾ മറനീക്കി പുറത്തുവന്നു. പിന്നീട് പല സമ്മേളനങ്ങളിലും വെട്ടിനിരത്തലടക്കം അരങ്ങേറി. ജില്ല നേതൃത്വം സൗത്ത് ഏരിയ സെക്രട്ടറിയാക്കാൻ തീരുമാനിച്ച എൽ. രമേശനെതിരായ അപ്രതീക്ഷിത നീക്കമായിരുന്നു പ്രധാനം.
മറുവിഭാഗം മുൻ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ ബാബു പറശ്ശേരിയെ രംഗത്തിറക്കുകയായിരുന്നു. ബാബു മത്സരരംഗത്ത് ഉറച്ചുനിന്നതോടെ രമേശൻ പിന്മാറി. എന്നാൽ, രമേശനെ ജില്ല കമ്മിറ്റിയിലെത്തിച്ചാണിപ്പോൾ ജില്ല നേതൃത്വം മധുരപ്രതികാരം തീർത്തത്. സൗത്ത് സമ്മേളനത്തിൽ പുതിയ ഏരിയ കമ്മിറ്റി അംഗങ്ങളുടെ പാനൽ തയാറാക്കവെ നിലവിലെ കമ്മിറ്റിയിലെ ആറുപേരെ ഒഴിവാക്കണമെന്ന് ജില്ല നേതൃത്വം ആവശ്യപ്പെട്ടതോടെയാണ് മറുചേരി രംഗത്തെത്തിയത്. ചില തിരുത്തലോടെയാണ് ഈ പാനൽ ഏരിയ കമ്മിറ്റി അംഗീകരിച്ചത്.
തിരിച്ചടിയായി നോർത്തിലെ സമ്മേളനത്തിൽനിന്ന് ഏരിയ കമ്മിറ്റിയിലെ കോർപറേഷൻ മുൻ സ്ഥിരംസമിതി അധ്യക്ഷന്മാരായ കെ.വി. ബാബുരാജ്, എം. രാധാകൃഷ്ണൻ, മുൻ ഡെപ്യൂട്ടി മേയർ പ്രഫ. പി.ടി. അബ്ദുൽ ലത്തീഫ് എന്നിവരെ ജില്ല നേതൃത്വം ഇടപെട്ട് വെട്ടിയിരുന്നു. പുതിയ ജില്ല കമ്മിറ്റിയിലും സെക്രട്ടേറിയറ്റിലും പി. മോഹനനും എളമരം കരീമും നേതൃത്വം നൽകുന്ന പക്ഷത്തിന് മേധാവിത്വമുണ്ടെങ്കിലും പുതുതായി ജില്ല കമ്മിറ്റിയിലെത്തിയവരിൽ പലരും മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ പിന്തുണക്കുന്നവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.