മുക്കം: ചേന്ദമംഗലൂർ ഹയർസെക്കൻഡറി സ്കൂളിൽ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമക്കായി നാഷനൽ സർവിസ് സ്കീം നിർമിച്ച ബഷീർ സ്ക്വയർ സമർപ്പണം ഞായറാഴ്ച നടക്കും. രാവിലെ പത്തിന് ബഷീറിന്റെ മകളും, പൂർവ വിദ്യാർഥിയുമായ ഷാഹിന ബഷീർ ഉദ്ഘാടനം നിർവഹിക്കും. ബഷീറിന് ഇഷ്ടപ്പെട്ട മാങ്കോസ്റ്റിൻ മരങ്ങളും ചാമ്പമരവും സ്ക്വയറിൽ ഉണ്ട്. ബഷീറിന് ഏറെ ആത്മബന്ധമുള്ള വിദ്യാലയമാണ് ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂൾ. ബഷീറിന്റെ മകൾ ഷാഹിന ബഷീർ ഹൈസ്കൂൾ വിദ്യാഭ്യാസം നടത്തിയത് ഈ സ്കൂളിലായിരുന്നു. വിദ്യാലയത്തിന്റെ പടിഞ്ഞാറ് വശത്ത് പ്രകൃതിരമണീയമായ അന്തരീക്ഷത്തിലാണ് സ്ക്വയർ. ചുവരിൽ മനോഹരമായി ബഷീറിന്റെ ചിത്രവും കഥാപാത്രങ്ങളുടെ ചിത്രങ്ങളും വരച്ചിരിക്കുന്നത് പ്രദേശത്തെ ചിത്രകാരൻമാരായ പ്രണവം ബാബു, വിനു കൈപ്പട എന്നിവരാണ്. ബഷീർ സ്ക്വയറിൽ സ്ഥാപിക്കുന്ന ഫലകത്തിലെ ബഷീറിന്റെ ചിത്രം വരച്ചിരിക്കുന്നത് ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂൾ അറബിക് അധ്യാപകനായ ഡോ. വി. അബ്ദുൽ ജലീൽ മലപ്പുറം ആണ്.
പൂർവവിദ്യാർഥി മുർഷാദ് കാരാട്ട് ആണ് ബഷീർ സ്ക്വയർ രൂപകൽപന ചെയ്തിരിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ സ്കൂൾ മാനേജർ സുബൈർ കൊടപ്പന അധ്യക്ഷത വഹിക്കും. മാധ്യമം ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ മുഖ്യാതിഥിയായി പങ്കെടുക്കും. സ്കൂളിൽ നാഷനൽ സർവിസ് സ്കീമിന്റെ നേതൃത്വത്തിൽ പൂർത്തിയാക്കുന്ന രണ്ടാമത്തെ പദ്ധതിയാണിത്. നേരത്തേ എട്ടരലക്ഷം രൂപ ചെലവിൽ സ്കൂളിൽ ഓപൺ സ്റ്റേജ് നിർമിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.