മുക്കം: കുടിവെള്ള ദൗർലഭ്യം പരിഹരിക്കുന്നതിന് ജൽജീവൻ മിഷൻ പദ്ധതി ശക്തിപ്പെടുത്താനൊരുങ്ങി കാരശ്ശേരി പഞ്ചായത്ത്. ആവശ്യങ്ങൾ നിറവേറ്റുന്നതിന് നിലവിലെ ജലസ്രോതസ്സുകൾ അപര്യാപ്തമായ സാഹചര്യത്തിലാണ് ജൽജീവൻ മിഷൻ പദ്ധതിക്ക് പഞ്ചായത്ത് കൂടുതൽ പ്രാധാന്യം നൽകുന്നത്.
ജനകീയ പങ്കാളിത്തത്തോടെ പ്രവർത്തനക്ഷമമായ മാർഗങ്ങളിലൂടെ അംഗൻവാടികളിലും സ്കൂളുകളിലും ആരോഗ്യ കേന്ദ്രങ്ങളിലും സ്ഥിരമായി ശുദ്ധജലം എത്തിക്കുകയാണ് ലക്ഷ്യം. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ, ഗ്രാമപഞ്ചായത്ത്, ഗുണഭോക്താക്കൾ എന്നിവരാണ് പദ്ധതിയുടെ പ്രധാന പങ്കാളികൾ. ഗ്രാമപഞ്ചായത്തുകളിൽ സ്ഥിരമായി വരൾച്ച ബാധിക്കുന്ന പ്രദേശങ്ങൾക്കും ജലഗുണനിലവാര പ്രശ്നങ്ങൾ നേരിടുന്ന പ്രദേശങ്ങൾക്കും പദ്ധതി മുൻഗണന നൽകും. പദ്ധതിയുടെ ഭാഗമായി കാരശ്ശേരി പഞ്ചായത്തും സഹായ സംഘടനയായ മിറർ ഫോർ സോഷ്യൽ ചെയ്ഞ്ചും സംയുക്തമായി പഞ്ചായത്ത്തല ശിൽപശാല നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. സ്മിത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ആമിന എടത്തിൽ അധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷരായ ശാന്താദേവി മൂത്തേടത്ത്, സത്യൻ മുണ്ടയിൽ, ജിജിത സുരേഷ് എന്നിവർ സംസാരിച്ചു. പ്രോജക്ട് മാനേജർ സി.കെ. സരിത്ത് പദ്ധതി പ്രവർത്തനങ്ങൾ വിശദീകരിച്ചു. ഭരണസമിതി അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, ജാഗ്രത സമിതി അംഗങ്ങൾ, വാർഡ് വികസന സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. കെ.കെ. നിഥിൻ സ്വാഗതവും ജൽജീവൻ മിഷൻ കമ്യൂണിറ്റി ഫെസിലിറ്റേറ്റർ അർച്ചന നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.