മുക്കം: ജീവിതം വീടകങ്ങളിൽ തളക്കപ്പെട്ടുകഴിയുന്ന ഭിന്നശേഷിക്കാർക്കും പരിചരിക്കുന്നവർക്കുമായി മുക്കം ഗ്രെയ്സ് പാലിയേറ്റിവ് കെയർ 'സ്നേഹയാത്ര' സംഘടിപ്പിച്ചു. പ്രായം മുപ്പതിലേറെയായിട്ടും കൂട്ടംകൂടിയുള്ള ഒരുല്ലാസയാത്രയിലും പങ്കാളിയാകാൻ ഭാഗ്യം സിദ്ധിക്കാത്തവർ, കുടുംബസമേതം ഒരിക്കൽപോലും കടപ്പുറത്തോ പാർക്കിലോ അൽപസമയം ഒന്നിച്ചിരുന്ന് സ്നേഹം പങ്കിടാനാവാതെ ഉറ്റവരുടെ കാവലാളായി വീടകങ്ങളിൽ കഴിയുന്നവർ... എന്നിവരുൾപ്പെട്ടതായിരുന്നു അറുപത്തി മൂന്നംഗ യാത്രാസംഘം.
ബേപ്പൂർ കടപ്പുറത്ത് തമാശ പറഞ്ഞിരുന്നും കടൽക്കാഴ്ചയിൽ ആഹ്ലാദം പങ്കിട്ടും ജങ്കാറിൽ സഞ്ചരിച്ചും അവർ ആനന്ദം പങ്കിട്ടു. തിരൂർ മുളഞ്ചോലയിൽ ഊഞ്ഞാലാടിയും പുൽത്തകിടിയിൽ ഇരുന്നും കളിച്ചുമുള്ള മണിക്കൂറുകൾ ഉറ്റവർക്കുവേണ്ടി വീടുകളിൽനിന്ന് പുറത്തിറങ്ങാതെ കഴിയുന്ന പരിചാരകർക്കും പുത്തനുണർവേകി. യാത്രയിലുടനീളം ആടിയും പാടിയും അവർ ആസ്വദിച്ചു. ഭിന്നശേഷിക്കാർക്കും അവരുടെ പരിചാരകർക്കും അവിസ്മരണീയ മുഹൂർത്തമായി മാറുകയായിരുന്നു സ്നേഹയാത്ര.
കാരശ്ശേരി ബാങ്ക് ചെയർമാൻ എൻ.കെ. അബ്ദുറഹിമാൻ ഫ്ലാഗ് ഓഫ് ചെയ്ത യാത്രയിൽ പതിനാറംഗ സന്നദ്ധസംഘം എല്ലാവിധ സഹായങ്ങളുമായി സംഘത്തെ ചേർത്തുനിർത്തി. വീടുകളിൽചെന്ന് കൂട്ടിക്കൊണ്ടുവന്ന് തിരിച്ച് വീടുകളിലെത്തിച്ചു. ആവശ്യാനുസരണം ഭക്ഷണമെല്ലാം നൽകി.
ഗ്രെയ്സ് പാലിയേറ്റിവ് കെയർ വിവിധ മേഖലകളിലുള്ള രോഗികൾക്കായി സംഘടിപ്പിക്കുന്ന മൂന്നാമത്തെ ഉല്ലാസ യാത്രയാണിത്. ചെയർമാൻ പി.കെ. ശരീഫുദ്ദീൻ, കൺവീനർ മുഹമ്മദ് കക്കാട്, എം.പി. അബ്ദുസ്സലാം, വി.പി. ഉമ്മർ, എം. ജസീല, കെ.കെ. സുനീറ, പി.വി. ബുഷ്റ, കെ.സി. ജസീല, ലൈല ചേന്ദമംഗലൂർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.