കോഴിക്കോട്: കാലവർഷം തുടങ്ങിയ സാഹചര്യത്തിൽ ഞെളിയൻപറമ്പിലെ മാലിന്യത്തിൽ നിന്നുള്ള വെള്ളം പുറത്തേക്കൊഴുകുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നതിനാൽ അടിയന്തര നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ജില്ല ദുരന്ത നിവാരണ അതോറിറ്റി അധ്യക്ഷൻ കൂടിയായ ജില്ല കലക്ടർ കോർപറേഷൻ സെക്രട്ടറിക്ക് കത്ത് നൽകി.
മാലിന്യ സംസ്കരണ കേന്ദ്രത്തിൽ കൂട്ടിയിട്ട ലെഗസി വേസ്റ്റ് ഇനിയും പൂർണമായി നീക്കിയിട്ടില്ല. കരാറെടുത്ത കമ്പനി മഴക്കുമുമ്പ് പണി തീർക്കുമെന്ന് പറഞ്ഞെങ്കിലും പൂർത്തിയായിട്ടില്ല. ഈ സാഹചര്യത്തിൽ മാലിന്യ കേന്ദ്രത്തിൽ നിന്നുള്ള വെള്ളം പുറത്തേക്കൊഴുകുന്നില്ലെന്ന് ഉറപ്പാക്കണം.
ഇതിനാവശ്യമായ നടപടികൾ രണ്ടു ദിവസത്തിനകം പൂർത്തിയാക്കണം. കോർപറേഷൻ നിയമിച്ച കരാറുകാർ പ്രവൃത്തി കൃത്യമായി ചെയ്യുന്നുവെന്ന് ഉറപ്പാക്കണം. അതിനായി നിർദേശം നൽകുകയും വേണം. വിദഗ്ധരുടെ സഹായം ഉറപ്പാക്കണം. പരിസ്ഥിതി എൻജിനീയർ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് തയാറാക്കണമെന്നും കോർപറേഷന് നിർദേശം നൽകി.
കാലവര്‍ഷാരംഭത്തിലുണ്ടായ മഴയില്‍ ജില്ലയില്‍ പലസ്ഥലങ്ങളിലും വെള്ളക്കെട്ടും ഗതാഗത തടസ്സങ്ങളുമുണ്ടായ സാഹചര്യത്തില്‍ ജില്ല ദുരന്ത നിവാരണ അതോറിറ്റിയുടെ അടിയന്തിര യോഗം ജില്ല കലക്ടര്‍ വിളിച്ചുചേര്‍ത്തിരുന്നു. വെള്ളക്കെട്ടിന് കാരണമായ തടസ്സങ്ങള്‍ നീക്കാനും കോര്പറേഷന് സെക്രട്ടറിക്ക് കലക്ടർ നിര്‍ദേശം നല്കി.
പന്തീരാങ്കാവ് പ്രദേശത്തെ വെള്ളപ്പൊക്കത്തിനിടയാക്കുന്ന മാമ്പുഴയിലെ ബണ്ട് നീക്കം ചെയ്ത് തടസ്സമൊഴിവാക്കാന്‍ രണ്ടു ദിവസത്തിനകം നടപടി സ്വീകരിക്കാനും നിർദേശിച്ചു. മൂരാട് പാലത്തിനായി നിര്‍മിച്ച ബണ്ട് കൃത്യമായി നിരീക്ഷിക്കേണ്ടതും ആവശ്യമെങ്കില്‍ പൊളിച്ചുനീക്കേണ്ടതുമാണെന്നും നിർദേശം നൽകി.
മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി പലപ്പോഴായി നല്കിയ നിര്‍ദേശങ്ങള്‍ പാലിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കാനും ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.