കോഴിക്കോട്: കെ.എസ്.ആർ.ടി.സി കെട്ടിട ബലക്ഷയം സംബന്ധിച്ച്് ഐ.ഐ.ടി റിപ്പോർട്ടിന്മേൽ നടപടികളൊന്നും നീങ്ങിയില്ല. നിർമാണത്തകരാറിനെ തുടർന്ന് കെട്ടിടത്തിന് ഗുരുതര ബലക്ഷയമുണ്ടെന്നും ഉടൻ പരിഹരിക്കണമെന്നുമായിരുന്നു മദ്രാസ് ഐ.ഐ.ടി റിേപ്പാർട്ട്.
ഇതിെൻറ അടിസ്ഥാനത്തിൽ രണ്ടാഴ്ചക്കകം കോഴിക്കോട് മാവൂർ റോഡിലെ ബസ് സ്റ്റാൻഡ് ഒഴിപ്പിക്കണമെന്നും കെട്ടിടം പാട്ടത്തിനെടുത്ത അലിഫ് ബിൽഡേഴ്സിനെയും കിയോസ്കുകളെയും മാറ്റണമെന്നും സെപ്റ്റംബർ 23ന് ഗതാഗതമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചിരുന്നു. തീരുമാനങ്ങളൊന്നും നടപ്പിലായില്ലെന്ന് മാത്രമല്ല, ഐ.ഐ.ടി റിപ്പോർട്ട് പഠിക്കാൻ സർക്കാർ ചുമതലപ്പെടുത്തിയ വിദഗ്ധ സമിതിക്കും റിപ്പോർട്ട് സമർപ്പിക്കാനായില്ല.
രണ്ടാഴ്ചക്കകം വിദഗ്ധ സമിതി റിപ്പോർട്ട് നൽകുമെന്ന് പറഞ്ഞിട്ട് ഒന്നരമാസമായി. കെട്ടിടനിർമാണത്തിൽ വലിയ അഴിമതി നടന്നിട്ടുണ്ടെന്നും ഉത്തരവാദികളായ കെ.ടി.ഡി.എഫ്.സി എൻജിനീയർക്കും ആർക്കിെടക്ടിനുമെതിരെ കേസ് എടുത്ത് അന്വേഷണം നടത്താൻ അനുമതി വേണമെന്നുമുള്ള വിജിലൻസ് റിപ്പോർട്ടും സർക്കാറിന് മുന്നിൽ വിശ്രമിക്കുകയാണ്.
കെട്ടിടനിർമാണത്തിലെ അഴിമതിയിലും ക്രമക്കേടിലും ഇരുമുന്നണിക്കും ഉത്തരവാദിത്തമുണ്ട് എന്ന യാഥാർഥ്യം ചർച്ചയായതോടെ രാഷ്ട്രീയപാർട്ടികളും ഈ വിവാദത്തിൽനിന്ന് പിന്നാക്കം പോയി. 47 ലക്ഷം രൂപ പ്രതിമാസ വാടക നിശ്ചയിച്ച് വാണിജ്യസമുച്ചയം സ്വകാര്യസ്ഥാപനമായ അലിഫ് ബിൽഡേഴ്സിന് കൈമാറിയ ഉടനെയാണ് ബലക്ഷയ റിേപ്പാർട്ടും തുടർന്നുള്ള വിവാദങ്ങളും പൊട്ടിപ്പുറപ്പെട്ടത്. അലിഫിന് െകട്ടിടം തുച്ഛ വിലയ്ക്ക് പാട്ടത്തിന് കൈമാറിയതിൽ സർക്കാർ വലിയ ആരോപണം നേരിടുന്നുണ്ട്. അതോടൊപ്പം നിർമാണത്തിലെ അഴിമതി സംബന്ധിച്ച് വിജിലൻസിെൻറ റിപ്പോർട്ടും ലഭിച്ചിട്ടും സർക്കാറിന് ഒരു കുലുക്കവുമില്ല.
സത്വരമായി കെട്ടിടം ശക്തിപ്പെടുത്തണമെന്ന പ്രഖ്യാപനം സർക്കാർ മറന്ന മട്ടാണ്. ബസ്സ്റ്റാൻഡ് തൽക്കാലം ഒഴിയേണ്ടെന്ന നിലപാടിലാണ് കെ.എസ്.ആർ.ടി.സി. കെ.ടി.ഡി.എഫ്.സിയാവട്ടെ ഇനി കെ.എസ്.ആർ.ടി.സിക്ക് സേവനങ്ങൾ നൽകേണ്ടതില്ലെന്ന തീരുമാനത്തിലുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.