കോഴിക്കോട്: മാലിന്യം കുന്നുകൂടിയ നഗരത്തിലെ തെരുവോരം പരിസരവാസികൾ കൂട്ടായി ഇടപെട്ട് മനോഹരമാക്കി. തോപ്പയിൽ ജങ്ഷനിൽനിന്ന് 500 മീറ്ററോളം വരുന്ന എം.കെ റോഡിലെ ഇരുവശങ്ങളിലെയും മാലിന്യവും ചാക്കുകെട്ടുകളും മണ്ണ് കൂമ്പാരവുമാണ് നാട്ടുകാർ നീക്കിയത്. ഫുട്പാത്തിൽ സ്ലാബുകളും മറ്റും നന്നാക്കി പൂച്ചെടികളും പുൽമേടുകളും വെച്ചുപിടിപ്പിച്ചിട്ടുണ്ട്.
ഒരു കിലോമീറ്ററോളം വരുന്ന റോഡിന്‍റെ 500 മീറ്റർ ഭാഗമാണ് ഒരു ലക്ഷത്തിലേറെ രൂപ ചെലവിൽ നന്നാക്കിയത്. വൃത്തിയാക്കിയ റോഡ് ഞായറാഴ്ച ഗാന്ധിജയന്തി ദിനത്തിൽ കൗൺസിലർമാരായ പി. ഉഷാദേവി, പി. മുഹ്സിന എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യും. ഇടിയങ്ങരയിലെ പ്രധാന ജങ്ഷനിൽ മാലിന്യം കുന്നുകൂടിയത് തടയാനാണ് നാട്ടുകാർ ഇടപെട്ടത്.
അലക്ഷ്യമായി കൊണ്ടിടുന്ന മാലിന്യം പരിസരവാസികൾ നീക്കിയപ്പോൾ ഹരിത കർമസേനയുടെ മാലിന്യച്ചാക്കുകൾ കൊണ്ടിടാൻ തുടങ്ങി. ഇതോടെ ഒരേക്കറോളം വരുന്ന പൊതുസ്ഥലം തോട്ടമാക്കി സംരക്ഷിക്കാൻ നാട്ടുകാർ തീരുമാനിക്കുകയായിരുന്നു. ദുർഗന്ധപൂരിതമായ ഈയിടം ഇടിയങ്ങര സൗത്ത് റെസിഡന്‍റ്സിന്‍റെ (ഇസ്ര) നേതൃത്വത്തിൽ ഒരാഴ്ചയായി നടത്തിയ പ്രവർത്തനത്തിലൂടെയാണ് മാറ്റിയെടുത്തത്. ഇസ്ര സെക്രട്ടറി കെ.എം. നിസാർ, എം.പി. മൻസൂർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.