കോഴിക്കോട്: മൂന്നു ദിവസത്തിനകം മറുപടി നൽകുമെന്ന ഐ.ജിയുടെ ഉറപ്പും പാഴ്വാക്കായതോടെ മെഡി. കോളജ് ഐ.സി.യു പീഡനക്കേസിലെ അതിജീവിത സിറ്റി പൊലീസ് കമീഷണറുടെ ഓഫിസിന് മുന്നിലെ കുത്തിയിരിപ്പ് സമരം പുനരാരംഭിച്ചു. അതേസമയം, വിചാരണ നടക്കുന്ന കേസിന്റെ വിവരങ്ങൾ ഉൾപ്പെടുത്തിയുള്ള റിപ്പോർട്ട് നൽകുന്നതിൽ സാങ്കേതിക തടസ്സങ്ങളുണ്ടെന്നും ഇക്കാര്യത്തിൽ കൂടുതൽ നിയമോപദേശം തേടേണ്ടതുണ്ടെന്നും ഉത്തരമേഖല ഐ.ജി കെ. സേതുരാമൻ വ്യക്തമാക്കി. രാവിലെ സിറ്റി പൊലീസ് കമീഷണറുടെ ഓഫിസിന് മുന്നിൽ സമരമിരിക്കുന്ന അതിജീവിത ഉച്ചയോടെയാണ് ഐ.ജിയെ നേരിൽ കണ്ടത്.
റിപ്പോർട്ട് ലഭിക്കാൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചതായി അതിജീവിത പറഞ്ഞു. സമരത്തിനിടെ പരാതിയുടെ ഫയൽ നമ്പർ അന്വേഷിക്കാൻ പോയപ്പോൾ പൊലീസ് തടഞ്ഞതിൽ കമീഷണറോട് റിപ്പോർട്ട് തേടുമെന്നും അദ്ദേഹം ഉറപ്പ് നൽകിയതായും അതിജീവിത കൂട്ടിച്ചേർത്തു. ഐ.ജിയെ മെഡിക്കൽ കോളജ് എ.സി.പി അടക്കമുള്ള കീഴ്ഉദ്യോഗസ്ഥർ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അതിജീവിത ആരോപിച്ചു. സമരം ചൊവ്വാഴ്ചയും തുടരും. ഒരാഴ്ച പിന്നിട്ട സമരം മൂന്ന് ദിവസത്തിനകം റിപ്പോർട്ട് നൽകുമെന്ന ഐ.ജിയുടെ ഉറപ്പിൽ കഴിഞ്ഞ 24ന് അവസാനിപ്പിച്ചിരുന്നു. ഐ.ജിയെ കാണാൻ അതിജീവിതക്കൊപ്പം നൗഷാദ് തെക്കയിൽ, ആനന്ദകനകം, ചന്ദ്രിക കൊയിലാണ്ടി എന്നിവരുമുണ്ടായിരുന്നു. സാമൂഹിക പ്രവർത്തക ശിഖ, വിമൻ ജസ്റ്റിസ് സ്റ്റേറ്റ് ജനറൽ സെക്രട്ടറി ചന്ദ്രിക കൊയിലാണ്ടി, സംസ്ഥാന സമിതി അംഗം സുഫീറ എരമംഗലം, ജില്ല കമ്മിറ്റി അംഗങ്ങളായ അനുപമ പൊറ്റശ്ശേരി, ഷമീന നല്ലളം എന്നിവർ പിന്തുണ അറിയിച്ച് സമരപ്പന്തലിലെത്തി.
മെഡിക്കൽ കോളജ് ഐ.സി.യുവിൽ പീഡനത്തിനിരയായ തന്റെ മൊഴി ഡോ. കെ.വി. പ്രീത കൃത്യമായി രേഖപ്പെടുത്തിയില്ലെന്നും ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചില്ലെന്നും കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നും ആരോപിച്ചാണ് അതിജീവിത പൊലീസിൽ പരാതി നൽകിയത്. എന്നാൽ, പരാതിയിൽ കഴമ്പില്ലെന്നായിരുന്നു മെഡി. കോളജ് എ.സി.പി കെ. സുദർശൻ കമീഷണർക്ക് നൽകിയ റിപ്പോർട്ട്. ഇതിന്റെ പകർപ്പ് വിവരാവകാശ പ്രകാരമുൾപ്പെടെ ആവശ്യപ്പെട്ടിട്ടും ലഭിക്കാത്തതിനെ തുടർന്നാണ് അതിജീവിത ആദ്യ ഘട്ട സമരത്തിലേക്ക് കടന്നത്. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 22നാണ് അതിജീവിതയുടെ പരാതി അന്വേഷിക്കാൻ ഉത്തരമേഖല ഐ.ജി കെ. സേതുരാമന് മുഖ്യമന്ത്രിയുടെ ഓഫിസ് നിർദേശം നൽകിയത്. സമരത്തെക്കുറിച്ചും അന്വേഷണ റിപ്പോർട്ട് വൈകുന്നത് സംബന്ധിച്ചും അന്വേഷിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നും നിർദേശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.